- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതീഷ് കുമാറിനെ 'ഇന്ത്യ'യുടെ ദേശീയ കൺവീനർ ആക്കിയേക്കും
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് പങ്കിടൽ ചർച്ചകളിലേക്ക് നീങ്ങുകയാണ് പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യ. ബുധനാഴ്ച ഓൺലൈൻ യോഗം ചേരുന്നുണ്ട് ഇന്ത്യ സഖ്യം. യോഗത്തിൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സഖ്യത്തിന്റെ ദേശീയ കൺവീനർ ആയി നിയമിക്കുമെന്നാണ് സൂചന. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലുകാർജ്ജുൻ ഖാർഗെയെ സഖ്യത്തിന്റെ പ്രസിഡന്റോ ചെയർപേഴ്‌സണോ ആക്കുമെന്നും ബിഹാറിലെ ഇന്ത്യ നേതാക്കൾക്കിടയിൽ സംസാരമുണ്ട്.
ബിഹാർ മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാൻ വേണ്ടി ദേശീയ കൺവീനർ പദവി വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് ഇന്ത്യൻ എക്സ്രപ്രസ് റിപ്പോർട്ട് ചെയ്യുന്നു. ' രാഹുൽ ഗാന്ധി ഭാരത് ന്യായ് യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ, ഇന്ത്യ സഖ്യത്തിന്റെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടതും പ്രധാനമാണ്. അതിനിടെ, വീണ്ടും ജെഡിയു അദ്ധ്യക്ഷനായ നിതീഷ് കുമാർ ബിജെപി നയിക്കുന്ന എൻഡിഎയിലേക്ക് ചാടിയാൽ പ്രതിപക്ഷത്തെ ഐക്യത്തിനുള്ള ശ്രമങ്ങൾ പാളിപ്പോവും. ഇന്ത്യ സഖ്യത്തിലെ മിക്ക അംഗങ്ങളും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. നീതീഷിനെ ദേശീയ കൺവീനർ ആക്കിയാലും, സഖ്യത്തിലെ മുഖ്യകക്ഷി കോൺഗ്രസ് തന്നെയായിരിക്കും. അതുകൊണ്ട് ഖാർഗെയെ ദേശീയ പ്രസിഡന്റോ , ചെയർപേഴ്‌സണോ ആക്കിയേക്കും'.
നിതീഷിനെ കൺവീനർ ആക്കുന്നതിനോട് ആർജെഡി ആദ്യം അനുകൂലമല്ലായിരുന്നു. പിന്നീട് ഈ ആശയത്തോട് യോജിക്കുകയായിരുന്നു. ബിഹാർ മുഖ്യമന്ത്രി ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തങ്ങൾക്ക് സംസ്ഥാനത്ത് ഗുണകരമാകുമെന്നാണ് ആർജെഡിയുടെ കണക്കുകൂട്ടൽ. ' ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പും മഹാഗഡ്ബന്ധന് ഗുണകരമാകുമെന്ന ആശയം നടപ്പാക്കാൻ നിതീഷ് ആർജെഡിയുടെ മേൽ സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. ബിജെപിയുടെ 78 സീറ്റുകൾ 50 സീറ്റിൽ താഴെയായി കുറയ്ക്കാമെന്നും നിതീഷ് പറഞ്ഞുവരികയായിരുന്നു. എന്നാൽ, ഈ ആശയം ആർജെഡിക്ക് ബോധ്യമാകാത്ത്തുകൊണ്ട് തന്നെ നിതീഷിനെ ഇന്ത്യ ബ്ലോക്ക് കൺവീനർ ആക്കിയാൽ, ആ ആശയം ഉപേക്ഷിക്കുമെന്നും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും ആർജെഡി കണക്കുകൂട്ടുന്നു, ഒരു ആർജെഡി നേതാവ് പറഞ്ഞു.
പ്രതിപക്ഷ സഖ്യം കർണാടക, ബിഹാർ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലാണ് ശ്രദ്ധയൂന്നേണ്ടത് എന്ന് ബിഹാറിലെ കോൺഗ്രസ് നേതാക്കൾ പറയുന്നു. 179 ലോക്‌സഭാ സീറ്റുകളാണ് ഈ സംസ്ഥാനങ്ങളിലായുള്ളത്. കൂടുതൽ സീറ്റുകൾ പ്രതിപക്ഷത്തിനു കിട്ടാനും സാധ്യത ഈ മേഖലയിലാണ്.
ലാലു പ്രസാദ് യാദവിനും കോൺഗ്രസിനും ഇടതുപക്ഷത്തിനൊപ്പം നിതീഷ് കുമാറിന് 25-30 സീറ്റുകളിൽ ജയിക്കാൻ കഴിഞ്ഞേക്കും. പ്രതിപക്ഷ ഐക്യത്തിന്റെ പിന്നിലെ ചാലകശക്തി നിതീഷ് ആയതിനാൽ അദ്ദേഹത്തിന് മതിയായ പ്രധാന്യം നൽകണം. കൺവീനർ സ്ഥാനം കിട്ടിയാലും നിതീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകുമെന്ന് അർഥമില്ലെന്നും നേതാക്കൾ കൂട്ടിച്ചേർക്കുന്നുണ്ട്.
നിതീഷിനെ ഇന്ത്യയുടെ ദേശീയ കൺവീനർ ആക്കിയേക്കുമെന്ന റിപ്പോർട്ടിനോട് ജെഡിയു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് ഇക്കാര്യം ജെഡിയുവിനോട് സംസാരിച്ചിട്ടില്ലെങ്കിലും, അത്തരമൊരു നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് ജെഡിയു ദേശീയ വക്താവ് കെ സി ത്യാഗി പ്രതികരിച്ചത്.