- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; ബിഹാറിൽ മഹാസഖ്യം തകർന്നു; ബിജെപി പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ നിതീഷ്; കോൺഗ്രസ് എംഎൽഎമാരെ പാളയത്തിലെത്തിക്കാനും ശ്രമം; ഒമ്പത് എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല
ന്യൂഡൽഹി: ബിഹാറിൽ വീണ്ടും മഹാസഖ്യം പൊളിഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട് മുന്നണിക്ക് ഇന്ന് നിതീഷ് കുമാറിന്റെ രാജിയോടെ അന്ത്യമായി. ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാർ വീണ്ടും എൻഡിഎ സഖ്യത്തിനൊപ്പം ചേരും. തുടർന്ന് ബിജെപി എംഎൽഎമാരുടെ പിന്തുണയോടെ സർക്കാറുണ്ടാക്കാനാണ് നീക്കം. ഇതിനുള്ള എല്ലാ സജ്ജീക്കരണങ്ങളും തയ്യാറായിട്ടുണ്ട്.
അതേസമയം ബിഹാറിൽ ഓപ്പറേഷൻ താമരയും ഉണ്ടെന്ന സൂചനകളുണ്ട്. കോൺഗ്രസിനെ പിളർത്താനാണ് ശ്രമം നടക്കുന്നത്. ഒമ്പത് കോൺഗ്രസ് എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ ഓപ്പറേഷൻ താമരയാണ് നടക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. നിതീഷ് കുമാർ മറുകണ്ടം ചാടിയതോടെ ബിജെപിക്ക് ഏറെ ഗുണം ചെയ്യുകയും കോൺഗ്രസിന് അത് കനത്ത തിരിച്ചടി ആണ്.
നിതീഷ് തന്നെ മുഖ്യമന്ത്രിയായി തുടരും. അടുത്ത തിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടരാമെന്ന് ജെഡിയു-ബിജെപി ധാരണയായെന്നാണ് വിവരം. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകുമെന്നും വിവരമുണ്ട്. എംഎൽഎമാരുടെ യോഗം വിളിച്ച ശേഷമാണ് നിതീഷ് രാജി പ്രഖ്യാപിച്ചത്. സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകും. സ്പീക്കർ പദവിയും ആർജെഡി കൈകാര്യം ചെയ്തിരുന്ന പദവികളും ബിജെപിക്കായിരിക്കും. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ നിതീഷ് അവകാശവാദം ഉന്നയിക്കും.
ഒൻപതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. ഇന്നലെ രാത്രിയും പട്നയിലെ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ജെഡിയു നേതാക്കളും എംഎൽഎമാരും യോഗം ചേർന്നു. അതേസമയം, വിഷയത്തിൽ തീരുമാനമെടുക്കാൻ ആർജെഡി നേതാക്കൾ യോഗം ചേർന്ന് പാർട്ടി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ ചുമതലപ്പെടുത്തിയിരുന്നു.
നിതീഷ് കുമാറിന്റെ ജെഡിയുവിന് 45 എംഎൽഎമാർ, ബിജെപിക്ക് 78, ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ പാർട്ടിയുടെ നാല് പേരും ചേർന്ന് 127 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ. 122 എംഎൽഎമാരുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്. ഇതിനൊപ്പം കോൺഗ്രസ് എംഎൽഎമാരും മറുകണ്ടം ചാടിയാൽ അംഗബലം കൂടും.
കഴിഞ്ഞ കുറെ നാളുകളായി ലാലുപ്രസാദ് യാദവും മകൻ തേജസ്വി യാദവും നിതീഷിനെതിരെ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് പലപ്പോഴും സുശീൽ കുമാർ മോദി താക്കീതുകളും നൽകുന്നുണ്ടായിരുന്നു. ബിജെപിയുമായി ചേർന്ന് ഭരിക്കുമ്പോൾ നിതീഷ് കുമാർ സർക്കാരിലെ ഉപമുഖ്യമന്ത്രികൂടിയായിരുന്നു സുശീൽ കുമാർ മോദി.
മഹാഘട്ബന്ധൻ സർക്കാർ ബീഹാറിൽ രൂപീകരിച്ച ശേഷം എങ്ങിനെയെങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും പുറന്തള്ളാൻ ലാലുവും മകനും പല ഗൂഢാലോചനകളും നടത്തിയിരുന്നതായി പറയുന്നു. എങ്ങിനെയെങ്കിലും നിതീഷ്‌കുമാറിനെ പുറത്താക്കി സ്വന്തം മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്താനുള്ള കണക്കുകൂട്ടലുകളിലായിരുന്നു ലാലു.
മാത്രമല്ല, ദേശീയ തലത്തിൽ നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്താമെന്ന് വാക്കുകൊടുത്തെങ്കിലും കോൺഗ്രസും രാഹുൽ ഗാന്ധിയും ഉള്ളതിനാൽ ഇന്ത്യ മുന്നണിയിൽ യാതൊരു പരിഗണനയും നിതീഷ് കുമാറിന് സാധ്യമാക്കാൻ ലാലുവിനോ മകൻ തേജസ്വിക്കോ കഴിഞ്ഞില്ല. ഇതിലെല്ലാം ക്ഷുഭിതനായിരുന്നു നിതീഷ് കുമാർ.
രാഷ്ട്രീയ മുന്നണികൾ മാറി മാറി പരീക്ഷിക്കുന്നതിൽ പേരുകേട്ടയാളാണ് നിതീഷ്. 2022 ഓഗസ്റ്റിലാണ് ബിജെപിയുമായുള്ള ബന്ധം തകർത്ത് ആർജെഡിയുമായി അദ്ദേഹം സംഖ്യമുണ്ടാക്കുന്നത്. 2020-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിക്കൊപ്പമായിരുന്നു. 1994-ൽ ജനതാദളിൽ നിന്ന് രാജിവെച്ച് ജോർജ് ഫെർണാണ്ടസിനൊപ്പം സമതാ പാർട്ടി രൂപവത്കരിച്ചു. 1996-ൽ ബിജെപിയുമായി കൂട്ടുകൂടി വാജ്പേയ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. 2000-ൽ മുഖ്യമന്ത്രിയാകുകയും 2003-ൽ ജനതാദൾ (യു)വുമായി തന്റെ പാർട്ടിയെ ലയിപ്പിക്കുകയും ചെയ്തു.
നരേന്ദ്ര മോദിയുടെ വരവോടുകൂടിയാണ് നിതീഷ് ബിജെപിയുമായി അകലുന്നത്. അക്കാലത്ത് മോദിയുടെ കടുത്ത വിമർശകനായിരുന്നു നിതീഷ്. 2014-ലെ പ്രധാനമന്ത്രി സ്ഥാമാർഥിയായി നരേന്ദ്ര മോദി വരുമെന്ന് ഉറപ്പായതോടെ 2013-ൽ ബിജെപി. സഖ്യത്തിൽനിന്ന് പിന്മാറിയ നിതീഷ് 2015-ൽ മഹാസഖ്യം രൂപവത്കരിച്ചു. അതും കടുത്ത എതിരാളിയായ ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായി കൈകോർത്തുകൊണ്ടായിരുന്നു ഈ നീക്കം.
കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ഒന്നിച്ചുചേർത്തുള്ള ഈ സഖ്യം ബിഹാറിലെ ഭരണം പിടിച്ചു. നിതീഷ് മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും അധികാരമേൽക്കുകയും ചെയ്തു. എന്നാൽ, ഈ സഖ്യം അധികകാലം നിലനിന്നില്ല. തേജസ്വി യാദവിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുയർത്തി അദ്ദേഹത്തോട് രാജിവെക്കാൻ നിതീഷ് ആവശ്യപ്പെട്ടു. സ്വാഭാവികമായും ആർ.ജെ.ഡി. ഇത് നിഷേധിക്കുകയും നിതീഷ് രാജിവെക്കുകയും ചെയ്തു. സ്വന്തം പ്രതിച്ഛായയും അധികാരവും നിലനിർത്താനുള്ള രാഷ്ട്രീയതന്ത്രങ്ങൾ പയറ്റാൻ മടിയില്ലാത്ത നിതീഷ് ഉടനടി പ്രതിപക്ഷത്തുള്ള ബിജെപി.യുമായി സഖ്യമുണ്ടാക്കി. ഇപ്പോൾ ആ സഖ്യത്തെയും തള്ളിയാണ് അദ്ദേഹം മറുകണ്ടം ചാടുന്നത്.
മറുനാടന് ഡെസ്ക്