- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി; 2025 മുതൽ എൻഡിഎ കൺവീനർ പദവിയും നൽകും; നിതീഷിന് പിന്തുണച്ചു ബിജെപി എംഎൽഎമാർ കത്തു നൽകിയെന്ന് റിപ്പോർട്ടുകൾ; 11.30തോടെ ഗവർണറെ കാണും; ബിഹാർ രാഷ്ട്രീയത്തിൽ ഇന്ന് നിർണായക ദിനം; ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തിന് വൻപ്രഹരം
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടിപ്പിന് മുന്നോടിയായി ഇന്ത്യാ രൂപം കൊണ്ട ഇന്ത്യാ മുന്നണി ശിഥിലമാകുന്നു. നിതീഷ് കുമാർ മറുകണ്ടം ചാടുന്നതോടെ ബിജെപിക്ക് ഏറെ ഗുണം ചെയ്യുകയും കോൺഗ്രസിന് അത് കനത്ത തിരിച്ചടി ആകുകയും ചെയ്യും. പ്രതിപക്ഷ ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രം അമ്പേ പാളിയ നിലയിലാണ് കാര്യങ്ങൾ. നിതീഷ് കുമാർ വീണ്ടും എൻഡിഎ പാളയത്തിലേക്ക് ചാടാൻ ഒരുങ്ങുന്നതോടെ ബിഹാർ രാഷ്ട്രീയത്തിൽ ഇന്ന് നിർമ്മായകയ ദിനമാണ്.
മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലേക്ക് ഇന്ന് വീണ്ടും കൂടുമാറിയേക്കും. പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് തന്നെ മുഖ്യമന്ത്രിയായി തുടരും. അടുത്ത തിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടരാമെന്ന് ജെഡിയു-ബിജെപി ധാരണയായെന്നാണ് വിവരം. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകുമെന്നും വിവരമുണ്ട്. ഇന്നുരാവിലെ പത്തുമണിയോടെ ജെഡിയു എംഎൽഎമാരുടെ യോഗം ചേരുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതിന് ശേഷം 11.30ന് ഗവർണറെ കണ്ട് രാജിവെച്ച് പുതിയ സർക്കാർ രൂപീകരിക്കാൻ അവകാവാദം ഉന്നയിക്കും.
സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകും. സ്പീക്കർ പദവിയും ആർജെഡി കൈകാര്യം ചെയ്തിരുന്ന പദവികളും ബിജെപിക്കായിരിക്കും. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ നിതീഷ് അവകാശവാദമുന്നയിക്കുമെന്നും, മുഖ്യമന്ത്രിയായി ഇന്നോ നാളെയോ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് സൂചന. ഒൻപതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. ബിജെപി എംഎൽഎമാർ ിതീഷിനെ പിന്തുണച്ചു കൊണ്ട് കത്തു നൽകിയതായാണ് സൂചനകൾ.
ഇന്നലെ രാത്രിയും പട്‌നയിലെ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ജെഡിയു നേതാക്കളും എംഎൽഎമാരും യോഗം ചേർന്നു. അതേസമയം, വിഷയത്തിൽ തീരുമാനമെടുക്കാൻ ആർജെഡി നേതാക്കൾ യോഗം ചേർന്ന് പാർട്ടി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ ചുമതലപ്പെടുത്തി. മറുകണ്ടം ചാടിയാൽ ഭൂരിപക്ഷം തെളിയിക്കാൻ നിതീഷിനോട് ആർജെഡി ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
നിതീഷ് കുമാറിന്റെ ജെഡിയുവിന് 45 എംഎൽഎമാർ, ബിജെപിക്ക് 78, ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ പാർട്ടിയുടെ നാല് പേരും ചേർന്ന് 127 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ. 122 എംഎൽഎമാരുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്.
'ഇന്ത്യ' മുന്നണിയിൽ നേതൃസ്ഥാനം എന്ന മോഹം പൊലിഞ്ഞതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ ലാലുപ്രസാദ് യാദവുമായും മകൻ തേജസ്വിയാദവുമായുള്ള ബന്ധം അവസാനിപ്പിച്ച് ബിജെപി ക്യാമ്പിലേക്ക് തിരിച്ചെത്തുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് നീക്കങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും നിതീഷുമായി സംസാരിച്ചെന്നാണ് വിവരം. മുഖ്യമന്ത്രിയായി നിതിഷിന് തുടരാൻ ഗ്രീൻ സിഗ്നൽ കിട്ടി. സർക്കാരിന്റെ കാലാവധി കഴിഞ്ഞ് 2025 മുതൽ ദേശീയ തലത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം നിതീഷ് അറിയിച്ചെന്നാണ് സൂചന. ഇന്ത്യ സഖ്യം തകർച്ചയുടെ വക്കിലാണെന്നും, കോൺഗ്രസാണ് ഉത്തരവാദിയെന്നുമുള്ള പ്രതികരണത്തിലൂടെ ഇനി ആ പാളയത്തിലില്ലെന്ന സൂചന ജെഡിയു നേതൃത്വം നൽകിക്കഴിഞ്ഞു.
അതേസമയം നിതീഷ് കുമാറിന്റെ നീക്കങ്ങളെ ചെറുക്കാൻ ആർജെഡിയും കോൺഗ്രസും ശ്രമം തുടങ്ങി. ഏത് സാഹചര്യവും നേരിടാൻ തയ്യാറാകണമെന്നും ഫോണുകൾ ഓഫ് ചെയ്യരുതെന്നും തേജസ്വി യാദവ് വിളിച്ച യോഗത്തിൽ എംഎൽഎമാരോട് ആവശ്യപ്പെട്ടു. മഹാസഖ്യത്തിനൊപ്പമുള്ള എംഎൽഎമാർ കർശന നിരീക്ഷണത്തിലാണ്. നിതീഷ് കുമാറിനോടിടഞ്ഞ് അടുത്തിടെ എൻഡിഎയിലെത്തിയ ജിതൻ റാം മാഞ്ചിയെ ഇന്ത്യ സഖ്യത്തിലേക്കെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
രാഹുൽ ഗാന്ധി മാഞ്ചിയുമായി സംസാരിച്ചു. നീക്കങ്ങൾ വിജയിച്ചാലും കേവല ഭൂരിപക്ഷമായ 122 കടക്കാൻ പാടുപെടും. അതേ സമയം തെരഞ്ഞെടുപ്പ് ഒഴിവാക്കി തന്ത്രപൂർവം എൻഡിയിലേക്ക് നീങ്ങാനൊരുങ്ങുന്ന നിതീഷ് കുമാറിന് തടയിടാൻ എംഎൽഎമാരെ കൊണ്ട് രാജി വയ്പിക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്. ബിജെപിയിൽ നിതീഷ്‌കുമാറുമായി ഏറെക്കാലമായി ഗാഢസൗഹൃദം പുലർത്തുന്ന സുശീൽ കുമാർ മോദി നിതീഷിനെ വീണ്ടും ബിജെപിയുമായുള്ള സഖ്യത്തിന് കഴിഞ്ഞ കുറെക്കാലമായി ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിലും സഖ്യത്തിനുള്ള വാതിൽ എപ്പോഴും തുറന്നുകിടക്കുമെന്നും സുശീൽ കുമാർ മോദി പ്രസ്താവിച്ചിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി ലാലുപ്രസാദ് യാദവും മകൻ തേജസ്വി യാദവും നിതീഷിനെതിരെ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് പലപ്പോഴും സുശീൽ കുമാർ മോദി താക്കീതുകളും നൽകുന്നുണ്ടായിരുന്നു. ബിജെപിയുമായി ചേർന്ന് ഭരിക്കുമ്പോൾ നിതീഷ് കുമാർ സർക്കാരിലെ ഉപമുഖ്യമന്ത്രികൂടിയായിരുന്നു സുശീൽ കുമാർ മോദി.
മഹാഘട്ബന്ധൻ സർക്കാർ ബീഹാറിൽ രൂപീകരിച്ച ശേഷം എങ്ങിനെയെങ്കിലും നിതീഷ് കുമാറിനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും പുറന്തള്ളാൻ ലാലുവും മകനും പല ഗൂഢാലോചനകളും നടത്തിയിരുന്നതായി പറയുന്നു. എങ്ങിനെയെങ്കിലും നിതീഷ്‌കുമാറിനെ പുറത്താക്കി സ്വന്തം മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്താനുള്ള കണക്കുകൂട്ടലുകളിലായിരുന്നു ലാലു.
മാത്രമല്ല, ദേശീയ തലത്തിൽ നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്താമെന്ന് വാക്കുകൊടുത്തെങ്കിലും കോൺഗ്രസും രാഹുൽ ഗാന്ധിയും ഉള്ളതിനാൽ ഇന്ത്യ മുന്നണിയിൽ യാതൊരു പരിഗണനയും നിതീഷ് കുമാറിന് സാധ്യമാക്കാൻ ലാലുവിനോ മകൻ തേജസ്വിക്കോ കഴിഞ്ഞില്ല. ഇതിലെല്ലാം ക്ഷുഭിതനായിരുന്നു നിതീഷ് കുമാർ. ഇന്ത്യാ മുന്നണിയുടെ നടുനായകത്വം വഹിച്ച നിതീഷ് കുമാർ കൂടി ബിജെപിയിൽ എത്തുന്നതോടെ ഇന്ത്യ മുന്നണി കൂടുതൽ ദുർബലമാകുമെന്നാണ് വിലയിരുത്തൽ.
രാഷ്ട്രീയ മുന്നണികൾ മാറി മാറി പരീക്ഷിക്കുന്നതിൽ പേരുകേട്ടയാളാണ് നിതീഷ്. 2022 ഓഗസ്റ്റിലാണ് ബിജെപിയുമായുള്ള ബന്ധം തകർത്ത് ആർജെഡിയുമായി അദ്ദേഹം സംഖ്യമുണ്ടാക്കുന്നത്. 2020-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിക്കൊപ്പമായിരുന്നു. 1994-ൽ ജനതാദളിൽ നിന്ന് രാജിവെച്ച് ജോർജ് ഫെർണാണ്ടസിനൊപ്പം സമതാ പാർട്ടി രൂപവത്കരിച്ചു. 1996-ൽ ബിജെപിയുമായി കൂട്ടുകൂടി വാജ്‌പേയ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. 2000-ൽ മുഖ്യമന്ത്രിയാകുകയും 2003-ൽ ജനതാദൾ (യു)വുമായി തന്റെ പാർട്ടിയെ ലയിപ്പിക്കുകയും ചെയ്തു.
നരേന്ദ്ര മോദിയുടെ വരവോടുകൂടിയാണ് നിതീഷ് ബിജെപിയുമായി അകലുന്നത്. അക്കാലത്ത് മോദിയുടെ കടുത്ത വിമർശകനായിരുന്നു നിതീഷ്. 2014-ലെ പ്രധാനമന്ത്രി സ്ഥാമാർഥിയായി നരേന്ദ്ര മോദി വരുമെന്ന് ഉറപ്പായതോടെ 2013-ൽ ബിജെപി. സഖ്യത്തിൽനിന്ന് പിന്മാറിയ നിതീഷ് 2015-ൽ മഹാസഖ്യം രൂപവത്കരിച്ചു. അതും കടുത്ത എതിരാളിയായ ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായി കൈകോർത്തുകൊണ്ടായിരുന്നു ഈ നീക്കം.
കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ഒന്നിച്ചുചേർത്തുള്ള ഈ സഖ്യം ബിഹാറിലെ ഭരണം പിടിച്ചു. നിതീഷ് മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും അധികാരമേൽക്കുകയും ചെയ്തു. എന്നാൽ, ഈ സഖ്യം അധികകാലം നിലനിന്നില്ല. തേജസ്വി യാദവിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുയർത്തി അദ്ദേഹത്തോട് രാജിവെക്കാൻ നിതീഷ് ആവശ്യപ്പെട്ടു. സ്വാഭാവികമായും ആർ.ജെ.ഡി. ഇത് നിഷേധിക്കുകയും നിതീഷ് രാജിവെക്കുകയും ചെയ്തു. സ്വന്തം പ്രതിച്ഛായയും അധികാരവും നിലനിർത്താനുള്ള രാഷ്ട്രീയതന്ത്രങ്ങൾ പയറ്റാൻ മടിയില്ലാത്ത നിതീഷ് ഉടനടി പ്രതിപക്ഷത്തുള്ള ബിജെപി.യുമായി സഖ്യമുണ്ടാക്കി. ഇപ്പോൾ ആ സഖ്യത്തെയും തള്ളിയാണ് അദ്ദേഹം മറുകണ്ടം ചാടുന്നത്.
മറുനാടന് ഡെസ്ക്