അമരാവതി: രാജ്യത്ത് മോദി തരംഗമില്ലെന്ന അമരാവതിയിലെ ബിജെപി സ്ഥാനാർത്ഥി നവനീത് റാണയുടെ വാക്കുകൾ ഏറ്റുുപിടിച്ചിരിക്കുകയാണ് പ്രതിപക്ഷം. നവനീത് റാണ സത്യമാണ് പറയുന്നതെന്ന് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും, ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും പ്രതികരിച്ചു.

മാധ്യമങ്ങളെ പങ്കെടുപ്പിക്കാത്ത ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് സ്ഥാനാർത്ഥി മോദി തരംഗമില്ലെന്ന് തുറന്നടിച്ചത്. പരിപാടിയുടെ വീഡിയോ വൈറലായി.

' ഒരു ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോരാടുന്ന പോലെ നമ്മൾ പ്രവർത്തിക്കണം. ഉച്ചയ്ക്ക് 12 മണിയോടെ വോട്ടർമാരെയെല്ലാം ബൂത്തുകളിൽ എത്തിച്ച് വോട്ടു ചെയ്യാൻ പറയണം. മോദി തരംഗമുണ്ടെന്ന മിഥ്യാബോധത്തിൽ കഴിയരുത്', റാണ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി തരംഗമുണ്ടായിട്ടും, അന്ന് സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്ന താൻ ജയിച്ചെന്ന് കൂടി നവനീത് റാണ പറഞ്ഞു. 2019 ൽ അവിഭക്ത എൻസിപിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് റാണ മത്സരിച്ചത്. ഇത്തവണ ബിജെപിയിലേക്ക് മാറി.

റാണ സത്യമാണ് പറഞ്ഞതെന്നും രാജ്യത്തുടനീളം ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിൽ 45 സീറ്റ് മാത്രമേ ലഭിക്കൂവെന്നും ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

മോദി തരംഗമില്ലെന്ന റാണയുടെ വാക്കുകൾ മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ.സി.പി-ശിവസേന സഖ്യം വലിയതോതിൽ പ്രചാരണായുധമാക്കുന്നുണ്ട്. 'റാണ പറഞ്ഞതൊക്കെ സത്യം മാത്രമാണ്. അവർക്കു മാത്രമല്ല, ബിജെപി എംപിമാർക്കെല്ലാം അക്കാര്യമറിയാം. രാജ്യത്ത് മോദി തരംഗമില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ബിജെപിക്കു തന്നെയാണ്. അതുകൊണ്ടാണ് ഒന്നിനുപിറകെ ഒന്നായി പ്രതിപക്ഷ നേതാക്കന്മാരെ അവർ ചാക്കിട്ടുകൊണ്ടിരിക്കുന്നത്. അഴിമതിക്കാരെന്ന് അവർ കടുത്ത രീതിയിൽ ആരോപണമുന്നയിച്ചവരെ പോലും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണ്. പരാജയ ഭീതി കാരണമാണ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലേതുപോലെ പോരാട്ടത്തിനിറങ്ങാൻ അവർ അണികളോട് പറയുന്നത്' -എൻ.സി.പി ശരദ് പവാർ വിഭാഗം മുഖ്യവക്താവായ മഹേഷ് തപാസെ ചൂണ്ടിക്കാട്ടി.

മോദി തരംഗമില്ലെന്ന് മാത്രമല്ല, മോദിക്ക് അദ്ദേഹത്തിന്റെ സീറ്റ് നിലനിർത്താൻ കഴിയുമോയെന്നതാണ് തിരഞ്ഞെടുപ്പിലെ വലിയ ചോദ്യമെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രതികരണം. '