- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച
ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവിനെ കണ്ട് സർക്കാർ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സർക്കാർ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും.
ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ, ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ എൻഡിഎയിലെ മറ്റു ഘടകകക്ഷികളുടെ പിന്തുണയോടെ മാത്രമേ ബിജെപിക്ക് സർക്കാർ രൂപവത്കരണം സാധ്യമാകൂ.
ഇന്ന് രാഷ്ട്രപതിയെ കണ്ട ശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, പുതിയ കാലഘട്ടത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്ന് പറഞ്ഞു. പുതിയ ഊർജം നൽകുന്നതാണിത്. അമൃത് കാലത്തെ ആദ്യ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. എൻഡിഎ സർക്കാറിന് മൂന്നാം തവണയും ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ ജനത്തിന് നന്ദി. കഴിഞ്ഞ രണ്ട് തവണയും രാജ്യത്തെ മൂന്നോട്ട് നയിക്കാൻ ശ്രമിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു.
ഇനിയുള്ള അഞ്ച് വർഷവും അതേ ലക്ഷ്യത്തോടെ, സമർപ്പണത്തോടെ രാജ്യത്തെ സ്വപ്നങ്ങൾ സഫലമാക്കാൻ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു. ഇന്ന് എൻഡിഎ യോഗം നടന്നു, എല്ലാ നേതാക്കളും എന്നെ നേതാവായി തെരഞ്ഞെടുത്തു. രാഷ്ട്രപതിക്ക് കത്ത് നൽകി. രാഷ്ട്രപതി സർക്കാർ രൂപീകരിക്കാൻ അനുമതി നൽകി. ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ നടക്കും. കൂടുതൽ വിവരങ്ങൾ രാഷ്ട്രപതി ഭവൻ അറയിക്കും. കഴിഞ്ഞ സർക്കാരുകളുടെ തുടർച്ചയായി കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി. എൻഡിഎ സഖ്യം സുശക്തവും വികസോന്മുഖവുമായ സർക്കാരിനെ രൂപീകരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
എൻഡിഎ മുന്നണി ഒരിക്കൽ കൂടി തന്നിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ്. ജൂൺ ഒമ്പതിന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേൽക്കും. ഭാരതത്തിന്റെ പുരോഗതിക്കായി ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റി മുന്നോട്ടുപോകുമെന്നും നരേന്ദ്ര മോദി അറിയിച്ചു.
അതേസമയം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ വസതിയിൽ നേതാക്കൾ യോഗം ചേരുകയാണ്. ജയന്ത് ചൗധരി, പ്രഫുൽ പട്ടേൽ, രാജ്നാഥ് സിം?ഗ് എന്നിവർ യോ?ഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ട് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന എൻ.ഡി.എ. പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. ഐകകണ്ഠ്യേന നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിൽ താൻ ഏറെ ഭാഗ്യവാനാണെന്ന് മോദി പറഞ്ഞു. രാജ്യം ഭരിക്കാൻ സമവായം ആവശ്യമാണെന്നും യോഗത്തിൽ സംസാരിക്കവെ മോദി പറഞ്ഞു.
യോഗത്തിന് എത്തിച്ചേർന്ന ഘടകകക്ഷി നേതാക്കളോടും തിരഞ്ഞെടുക്കപ്പെട്ട എംപിമാരോടും നന്ദി പറയുന്നുവെന്ന് മോദി പറഞ്ഞു. ഇത്രയും വലിയ സംഘത്തെ വരവേൽക്കാൻ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്. വിജയിച്ചവരെല്ലാം അഭിനന്ദനം അർഹിക്കുന്നു. രാവും പകലും അധ്വാനിച്ച പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. എൻ.ഡി.എ സഖ്യം ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞിരുന്നു.