ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന് പിന്നാലെ മറ്റൊരു നിർണ്ണായക നീക്കം മോദി സർക്കാർ നടത്തുമെന്ന് അഭ്യൂഹം. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായുള്ള ഒ.ബി.സി. സംവരണബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ കൊണ്ടുവന്നേക്കുമെന്ന് അഭ്യൂഹം. പ്രത്യേക സമ്മേളനത്തിലോ തിരഞ്ഞെടുപ്പിനുമുമ്പുള്ള സമ്മേളനങ്ങളിലോ ഒ.ബി.സി. വിഭാഗക്കാർക്ക് 25 ശതമാനം സംവരണത്തിന് ബിൽ കൊണ്ടുവന്നേക്കുമെന്നാണ് സൂചന.

ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് വനിതാ സംവരണം നിർദ്ദേശിക്കുന്ന ബിൽ പ്രതിപക്ഷത്തിന്റെ കൂട്ടായ പിന്തുണയോടെ ലോക്സഭ പാസ്സാക്കിയിരുന്നു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഒഴികെ സഭയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബില്ലിനെ പിന്തുണച്ചു. നേരത്തേ വിയോജിച്ചിരുന്ന ആർജെഡി, എസ്‌പി, ബിഎസ്‌പി തുടങ്ങിയ പാർട്ടികൾ ഇക്കുറി ബില്ലിനെ പിന്തുണച്ചു. എന്നാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുമുതൽ സംവരണം നടപ്പാക്കണമെന്ന പ്രതിപക്ഷആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചു. എസ്സി- എസ്ടി വനിതകൾക്കു പുറമെ ഒബിസി വനിതകൾക്കുകൂടി സംവരണം ഉറപ്പാക്കണമെന്ന നിർദ്ദേശവും അംഗീകരിച്ചില്ല. ഇത് സർക്കാരിനെതിരെ ഉയർത്താനാണ് 'ഇന്ത്യാ' മുന്നണിയുടെ നീക്കം. ഈ സാഹചര്യത്തിലാണ് ഒബിസി സംവരണവും പരിഗണിക്കുന്നത്.

ഒ.ബി.സി. സംവരണം ജനസംഖ്യാനുപാതികമായി ഉയർത്താനും ജാതിസെൻസസ് നടത്താനും കോൺഗ്രസും 'ഇന്ത്യ' മുന്നണിയും സമ്മർദം ചെലുത്തുന്നുണ്ട്. വനിതാ ബിൽ ചർച്ചയ്ക്കിടെ ഇതാണ് കോൺഗ്രസ് ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിൽ ലോക്സഭയിലെ 543 സീറ്റുകളിൽ 84 എണ്ണം (ഏകദേശം 15 ശതമാനം) എസ്.സി. വിഭാഗത്തിനും 47 എണ്ണം (ഏകദേശം ഒമ്പതുശതമാനം) എസ്.ടി. വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. അതേസമയം, ജനസംഖ്യയുടെ 50 ശതമാനത്തിലധികംവരുന്ന ഒ.ബി.സി. വിഭാഗത്തിന് സംവരണമില്ല, പ്രാതിനിധ്യവും കുറവാണ്.

25 ശതമാനം സംവരണം വന്നാൽ ലോക്സഭയിൽ 135 അംഗങ്ങൾ ഒ.ബി.സി.ക്കാരാവും. വനിതാ സംവരണബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ പാർലമെന്റിന്റെ ഇരുസഭയിലും കോൺഗ്രസും മറ്റ് 'ഇന്ത്യ' കക്ഷികളും ആവശ്യപ്പെട്ടത് ബില്ലിൽ ഒ.ബി.സി.ക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്നാണ്. കേന്ദ്രസർക്കാരിലെ 90 സെക്രട്ടറിമാരിൽ മൂന്ന് ഒ.ബി.സി.ക്കാർമാത്രമാണുള്ളതെന്നും സംവരണം നടപ്പാക്കിയില്ലെങ്കിൽ വനിതകളുടെ കാര്യത്തിലും ഇതായിരിക്കും സ്ഥിതിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം വാദിച്ചു.

സോണിയാഗാന്ധിയും രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും ഇതേ ആവശ്യംഉന്നയിച്ചു. ആർ.ജെ.ഡി., ജെ.ഡി.യു., എസ്‌പി., സിപിഐ., സിപിഎം., ജെ.എം.എം., എൻ.സി.പി., ഡി.എം.കെ. തുടങ്ങിയ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം ഒ.ബി.സി. സംവരണം വേണമെന്ന ആവശ്യക്കാരാണ്. നവംബറിൽ 79 ഒ.ബി.സി. ജാതികളിൽപ്പെട്ട രണ്ടുലക്ഷംപേർ അണിനിരക്കുന്ന ഒ.ബി.സി. റാലി ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടത്താൻ ബിജെപി. തീരുമാനിച്ചതും വിശ്വകർമജയന്തി വലിയ പ്രഖ്യാപനങ്ങളോടെ ആചരിച്ചതും 'ഇന്ത്യ'യുടെ ആവശ്യത്തെ പ്രതിരോധിക്കാനാണ്.

വനിതാ ബില്ലിൽ 454 എംപിമാർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ എഐഎംഐഎമ്മിന്റെ രണ്ട് എംപിമാർ മാത്രം എതിർത്ത് വോട്ട് ചെയ്തു. ബില്ലിലെ ഓരോ വ്യവസ്ഥയും വോട്ടിനിട്ടാണ് പാസാക്കിയത്. വ്യാഴാഴ്ച രാജ്യസഭകൂടി പാസാക്കുന്നതോടെ ബിൽ നിയമമാകും. എന്നാൽ, അടുത്ത സെൻസസിനും ആ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയത്തിനുംശേഷം മാത്രമായിരിക്കും വനിതാ സംവരണം നിലവിൽവരികയെന്ന് ബില്ലിൽ വ്യവസ്ഥയുള്ളതിനാൽ സംവരണം സാധ്യമാകാൻ 2029 വരെ കാത്തിരിക്കണം.

സംവരണം നീട്ടരുതെന്ന ആവശ്യമാണ് ചർച്ചയിൽ പ്രതിപക്ഷം മുഖ്യമായും ഉയർത്തിയത്. എസ്സി- എസ്ടി വനിതകൾക്കു പുറമെ ഒബിസി വനിതകൾക്കും സംവരണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളിൽ വനിതാ സംവരണം ഉറപ്പാക്കുന്ന ബിൽ അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണെന്നും അതുകൊണ്ട് ബില്ലിനോട് തനിക്ക് വൈകാരികമായ അടുപ്പമുണ്ടെന്നും ചർച്ചയ്ക്ക് തുടക്കമിട്ട് സോണിയ ഗാന്ധി പറഞ്ഞു. ഒബിസി സംവരണംകൂടി ഉറപ്പാക്കണമെന്നും എങ്കിലേ ബിൽ പൂർണമാകൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജനറൽ, എസ്സി, എസ്ടി എന്നീ മൂന്നു വിഭാഗങ്ങളിലായാണ് നിലവിൽ എംപിമാരെയും എംഎൽഎമാരെയും തെരഞ്ഞെടുക്കുന്നതെന്നും ആ മൂന്നു വിഭാഗത്തിലെയും സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കിയെന്നും അമിത് ഷാ പറഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുമുതൽ വനിതാ സംവരണം നടപ്പാക്കണമെന്ന് എ എം ആരിഫ് ആവശ്യപ്പെട്ടു. സാങ്കേതികതകളുടെ പേരിൽ ബിൽ വൈകിക്കരുതെന്ന് നിയമമന്ത്രി അർജുൻ രാം മെഘ്വാൾ മറുപടിയിൽ പറഞ്ഞു.