ശ്രീനഗർ: അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് മറുപടി പറയേണ്ട സമയം വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അധിനിവേശ കശ്മീരിൽ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണ് പാക്കിസ്ഥാൻ. അതിൽ നിന്ന് മുള്ളുകളായിരിക്കും മുളച്ചു വരുന്നതെന്ന് രാജ്‌നാഥ് പറഞ്ഞു. പാക്കിസ്ഥാൻ കണക്ക് പറയേണ്ടി വരും.

പാക്കിസ്ഥാൻ അധിനിവേശം നടത്തിയ ഇന്ത്യൻ മണ്ണ് തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് എന്തെല്ലാം അവകാശങ്ങളാണ് നൽകുന്നതെന്ന് പറയാമോ എന്നും അദ്ദേഹം പാക്കിസ്ഥാനോട് ചോദിച്ചു.

പാക് അധീന കശ്മീർ തിരിച്ചു പിടിക്കുകയാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. 1947ൽ ബുദ്ഗാം വിമാനത്താവളത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമ ലാൻഡിങ് ഓപറേഷനുകളുടെ സ്മരണക്കായി ശ്രീനഗറിൽ നടന്ന 'ശൗര്യ ദിവസ്' ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

പാക്കിസ്ഥാൻ അനധികൃതമായി കൈയടക്കിയ ചില പ്രദേശങ്ങൾ ഇപ്പോഴും ആ പുരോഗതി കൈവരിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷം പതിറ്റാണ്ടുകളായി ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വികസനവും സമാധാനവും നഷ്ടപ്പെട്ടിരുന്നു. മുമ്പ് ചില ഇന്ത്യാ വിരുദ്ധർ മതത്തിന്റെ പേരിൽ സമാധാനവും സൗഹാർദവും തകർക്കാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സർക്കാറിന്റെയും സേനയുടെയും നിരന്തര ശ്രമങ്ങൾ വഴി ജമ്മു കശ്മീരിൽ സമാധാനവും സമാധാനവും ഉണ്ടെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

1994 ഫെബ്രുവരി 22ന് പാർലമെന്റ് പാസാക്കിയ പാക് അധീന കശ്മീരിലെ ഗിൽജിത്, ബാൾട്ടിസ്താൻ തുടങ്ങിയ കശ്മീരിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ തിരിച്ചു പിടിക്കാനുള്ള പ്രമേയം ഏകകണ്ഠമായി നടപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച കരസേന സൈനികർക്കും ജമ്മു കശ്മീരിലെ ജനങ്ങൾക്കും പ്രതിരോധ മന്ത്രി ആദരാഞ്ജലി അർപ്പിച്ചു.

സൈനികരുടെ വീര്യവും ത്യാഗവും കൊണ്ടാണ് ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിന്നതെന്നും ഭാവിയിലും അത് തുടരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. സൈനികർ സ്ഥാപിച്ച ശക്തമായ അടിത്തറയിലാണ് ഇന്ന് രാജ്യം തലയുയർത്തി നിൽക്കുന്നത്. ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ് ഏറ്റവും വലിയ മഹത്വം. 1947ലെ സംഭവം അത്തരത്തിലുള്ള ഒന്നാണെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

മനുഷ്യാവകാശ സംഘടനകളെയും പ്രതിരോധ മന്ത്രി രൂക്ഷമായി വിമർശിച്ചു. ഭീരരരെ സൈന്യം വധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാണിക്കാൻ ഏറെ പേരുണ്ട്. ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിക്കുന്ന സൈനികർക്കും കൊല്ലപ്പെടുന്ന സാധാരണക്കാർക്കും ഇതേപോലെ മനുഷ്യാവകാശങ്ങൾ ഉണ്ട്. അതെന്താണ് ഇവരാരും കാണാത്തതെന്ന് രാജ്‌നാഥ് സിങ് ചോദിച്ചു.

ഭീകരരെ മതവുമായി കൂട്ടിക്കെട്ടും. എന്നാൽ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർ ഏതെങ്കിലും ഒരു മതത്തിൽപ്പെട്ടവർ മാത്രമാണോ. ഹിന്ദുവിനെയോ മുസ്ലീമിനെയോ ഉന്നം വച്ചല്ല ഭീകരാക്രമണം നടക്കുന്നത്. മുന്നിൽ ആരാണ് എന്നല്ല, ലക്ഷ്യം എങ്ങനെ പൂർത്തീകരിക്കാം എന്നു മാത്രമാണ് ഭീകരർ നോക്കുന്നതെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

സ്വാർത്ഥ രാഷ്ട്രീയത്തിന്റെ ഇരയാണ് കശ്മീരെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീരിനെ ഇരുട്ടിൽ തളച്ചിട്ടത് ഈ രാഷ്ട്രീയമാണ്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം നിരവധി ഘടകങ്ങൾ കശ്മീരിനെ പിരിക്കാൻ ശ്രമിച്ചു. രാജ്യത്തിന്റെ അവിഭാജ്യ ഘടകമായിട്ടും സ്വാതന്ത്ര്യം കിട്ടി ഇത്ര വർഷമായിട്ടും വിവേചനം നേരിടുകയാണ് കശ്മീരെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഈ വിവേചനം അവസാനിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.