- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പപ്പു യാദവിന്റെ പാർട്ടി കോൺഗ്രസിൽ ലയിച്ചു
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ ബിഹാർ രാഷ്ട്രീയത്തിൽ നിർണായക നീക്കം നടത്തി കോൺഗ്രസ്. ബിഹാർ രാഷ്ട്രീയത്തിലെ സുപ്രധാന നേതാക്കളിലൊരാളായ പപ്പു യാദവ് അനുയായികൾക്കൊപ്പം കോൺഗ്രസിൽ ചേർന്നു. യാദവ് തന്റെ ജൻ അധികാർ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുകയും ചെയ്തു. ന്യൂഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്. ഇതോടെ ബിഹാർ കോൺഗ്രസിന്റെ മുൻനിര നേതാവായി പപ്പു യാദവ് മാറിയേക്കും.
ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി ഈയിടെ പപ്പു യാദവ് കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ ഏറെ അഭ്യൂഹങ്ങൾ ഉയർന്നുവന്നിരുന്നു. 2015ൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പപ്പു യാദവ് ജൻ അധികാർ പാർട്ടി രൂപവത്കരിച്ചത്. ആ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ-ലാലു പ്രസാദ് യാദവ് കൂട്ടുകെട്ടിനെതിരെയായിരുന്നു പപ്പു യാദവും കൂട്ടരും നിലയുറപ്പിച്ചിരുന്നത്. ഇപ്പോൾ, രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അനുഗ്രഹാശിസ്സുകളോടെയാണ് ജൻ അധികാർ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചതെന്ന് പപ്പു യാദവ് പറഞ്ഞു.
രാഹുൽ ഗാന്ധിക്കുമേൽ പ്രശംസ ചൊരിഞ്ഞ പപ്പു യാദവ് ഇപ്പോൾ അദ്ദേഹമല്ലാതെ മറ്റൊരു പകരക്കാരൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടി. 'ലാലുജിക്കും കോൺഗ്രസിനുമൊപ്പം 2024ലെയും 2025ലെയും തെരഞ്ഞെടുപ്പുകളിൽ നമ്മൾ വിജയക്കൊടി നാട്ടും' -പപ്പു യാദവ് പറഞ്ഞു.
ജൻ അധികാർ പാർട്ടി രൂപവത്കരിക്കുന്നതിന് മുമ്പ് ആർ.ജെ.ഡി, സമാജ്‌വാദി പാർട്ടി, ലോക് ജനശക്തി പാർട്ടി എന്നിവയുടെ ഭാഗമായിരുന്നു പപ്പു യാദവ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് ആർ.ജെ.ഡിയിൽനിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് ജൻ അധികാർ പാർട്ടി രൂപവത്കരിച്ചത്. ലാലുവുമായി ഒരുവിധത്തിലുള്ള അസ്വാരസ്യങ്ങളുമില്ലെന്ന് പപ്പു യാദവ് പറഞ്ഞു. ചൊവ്വാഴ്ച ലാലുവും മകൻ തേജസ്വി യാദവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാൻ പപ്പു യാദവ് തീരുമാനിച്ചത്.
'ലാലു യാദവും ഞാനുമായുമുള്ളത് രാഷ്ട്രീയ ബന്ധമല്ല, തീർത്തും വൈകാരികമായ ബന്ധമാണത്. ഇന്നലെ ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നു. ബിജെപിയെ ഏതുവിധേനയും സീമാഞ്ചലിലും മിഥിലാഞ്ചലിലും തടഞ്ഞുനിർത്തുകയെന്നതാണ് ഞങ്ങളുടെ ഉന്നം. തേജസ്വി ഒന്നര വർഷത്തോളമായി അതിനായി പ്രവർത്തിക്കുന്നു. രാഹുൽ ഗാന്ധി ജനഹൃദയങ്ങൾ കീഴടക്കുകയും അവർക്ക് പ്രതീക്ഷകളേകുകയും ചെയ്യുന്നു. ഒന്നിച്ചുനിന്ന് ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാത്രമല്ല, അടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിലും ഞങ്ങൾ തകർപ്പൻ ജയം നേടും. ബിജെപിയെ തകർത്ത് പിന്നാക്ക വിഭാഗങ്ങളുടെ അസ്തിത്വവും ആശയങ്ങളും സംരക്ഷിക്കുകയാണ് പ്രധാനം. ഈ രാജ്യത്തിന്റെ ഹൃദയം കീഴടക്കിയ ആളാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകേണ്ടത്' -പപ്പു യാദവ് വിശദീകരിച്ചു.
അഞ്ചു തവണ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട് പപ്പു യാദവ്. ഇക്കുറി പൂർണിയയിൽനിന്ന് ജനവിധി തേടുമെന്നാണ് സൂചന. ഭാവിയിൽ ബിഹാർ കോൺഗ്രസിനെ നയിക്കുകയെന്ന നിയോഗം കൂടി പപ്പു യാദവിലെത്തിച്ചേർന്നേക്കും. ഭാര്യ രഞ്ജീൻ കോൺഗ്രസ് നേതാവാണ്. മകൻ സർത്താക് രഞ്ജൻ പ്രൊഫഷനൽ ക്രിക്കറ്ററാണ്.
അതേസമയം ബി.എസ്‌പിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഡാനിഷ് അലി എംപി കോൺഗ്രസിൽ ചേർന്നു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു. ഉത്തർപ്രദേശിലെ അംരോഹ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗമാണ് ഡാനിഷ് അലി. ഇക്കുറി കോൺഗ്രസ് ടിക്കറ്റിൽ ഡാനിഷ് അലി മത്സരിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിൽ ബിജെപി എംപി രമേഷ് ബിധുരിയുടെ ഇസ്ലാമോഫോബിക് അധിക്ഷേപത്തിന് ഡാനിഷ് വിധേയനായപ്പോൾ പിന്തുണയുമായി രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു.
ഇതിനുപിന്നാലെ, പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് 2023 ഡിസംബർ 9ന് ബിഎസ്‌പിയിൽ നിന്ന് ഡാനിഷിനെ സസ്‌പെൻഡ് ചെയ്തു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ മണിപ്പൂരിലെ ചടങ്ങിൽ പങ്കെടുത്ത ഡാനിഷ്, 'ഐക്യത്തിനും നീതിക്കും വേണ്ടിയുള്ള ഏറ്റവും വലിയ ശ്രമത്തിന്റെ ഭാഗമായില്ലെങ്കിൽ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ താൻ പരാജയമാണെന്ന്' പറഞ്ഞിരുന്നു. തന്റെ മണ്ഡലമായ അംറോഹയിലൂടെ രാഹുൽ ഗാന്ധിയുടെ യാത്ര കടന്നുപോകുമ്പോഴും ഡാനിഷ് പങ്കെടുത്തിരുന്നു.