കൊച്ചി: കുറച്ചുകാലമായി കേന്ദ്രസർക്കാറിന്റെ നിശിദ വിമർശകനാണ് കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ. ഈ വിമർശനം വീണ്ടും അദ്ദേഹം തുടരുയും ചെയ്യുന്നു. വീണ്ടും കേന്ദ്രവിരുദ്ധ വിമർശനങ്ങളുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ കൂടിയായ പരകാല പ്രഭാകർ രംഗത്തെത്തി. മണിപ്പുരിൽ സംഭവിച്ചതു കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച കവി എസ്.രമേശന്റെ ഓർമയ്ക്കു പുരോഗമന കലാ സാഹിത്യസംഘം ആരംഭിച്ച അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു പ്രഭാകർ.

മണിപ്പുർ ഇപ്പോഴും സാധാരണ നിലയിലേക്കു മടങ്ങിവന്നിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം, ഈ വിഷയത്തിൽ വാർത്തകളൊന്നും കാര്യമായി പുറത്തുവരുന്നില്ലെന്നും പറഞ്ഞു. "ഇപ്പോഴിത് തടഞ്ഞില്ലെങ്കിൽ എവിടെ വേണമെങ്കിലും സമാനരീതിയിലുള്ള കലാപങ്ങൾ നടക്കാം. എവിടെ നടന്നാലും കേരളത്തിൽ നടക്കില്ല എന്ന തോന്നൽ ആർക്കും ഉണ്ടാകരുത്" അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയും ജനാധിപത്യവും മതേതരത്വവും മോദി ഭരണത്തിനു കീഴിൽ താറുമാറായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിൽനിന്നു സർക്കാരിൽ ആരുമില്ല, അവർക്ക് സീറ്റു പോലും നൽകുന്നില്ലെന്നും പ്രഭാകർ ആരോപിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും രാജ്യത്തിന്റെ കടവും പെരുകി വരുമ്പോഴും സർക്കാരിന്റേത് ഇതെല്ലാം നിഷേധിക്കുന്ന മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

"1947 മുതൽ 2014 വരെ രാജ്യത്തിന്റെ ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇത് ഉയർന്നു 150 ലക്ഷം കോടി രൂപയായി. തൊഴിലില്ലായ്മ കുതിച്ചുയരുന്നു. ഇതാണ് ഇന്നത്തെ യാഥാർഥ്യം. 1990നു ശേഷം ആദ്യമായി 30 കോടി ജനങ്ങൾ വീണ്ടും പട്ടിണിയിലായി. എന്നാൽ സർക്കാർ പറയുന്നതു തങ്ങൾ 23 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കൈപിടിച്ചു കയറ്റി എന്നാണ്. ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ നില ഏറെ താഴെയാണ്. എന്നാൽ സർക്കാരിന്റെ അവകാശവാദം ഈ കണക്കൊക്കെ തെറ്റാണെന്നും അവർ ഇന്ത്യാ വിരുദ്ധരാണ് എന്നുമാണ്. യാഥാർഥ്യത്തെ കുറിച്ച് ആരു സംസാരിച്ചാലും അവരൊക്കെ ഇന്ത്യാ വിരുദ്ധരായി മുദ്ര കുത്തപ്പെടും എന്നതാണു നിലവിൽ സംഭവിക്കുന്നത്" അദ്ദേഹം പറഞ്ഞു.

പട്ടിണി ഇല്ലാതാക്കിയെങ്കിൽ എന്തുകൊണ്ടാണ് അടുത്ത അഞ്ചു കൊല്ലത്തേക്കു കൂടി പാവപ്പെട്ടവർക്കുള്ള റേഷൻ തുടരുന്നത് എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ തരുന്ന ഒരു കണക്കുകളും ഇപ്പോൾ വിശ്വസനീയമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "അവർ മാനദണ്ഡങ്ങളാണു മാറ്റുന്നത്. മുമ്പ് ഒരു കിലോമീറ്റർ നാലുവരി പാത നിർമ്മിച്ചാൽ അത് കണക്കാക്കുന്നത് 1 കിലോമീറ്റർ എന്നായിരുന്നു. എന്നാൽ ഇത് ഇപ്പോൾ 4 കിലോമീറ്ററായാണു കൂട്ടുന്നത്. അതു ചൂണ്ടിക്കാട്ടി തങ്ങൾ ധാരാളം റോഡ് നിർമ്മിക്കുന്നു എന്ന് സർക്കാർ അവകാശപ്പെടുകയും ചെയ്യും" പ്രഭാകർ പറഞ്ഞു.

2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന് ദുരന്തമാകുമെന്നാണ് ഡോ. പരകാല പ്രഭാകര് അടുത്തിടെ എഴുതിയ പുസ്തകത്തിൽ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ മോദിഭരണം കഴിവുറ്റതാണെങ്കിലും സമ്പദ് വ്യവസ്ഥയെയും മറ്റ് കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ ഏറെ പിന്നിലാണെന്നാണ് അദ്ദേഹം വിമർശിച്ചിരുന്നു.

'ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സെയ്സ് ഓൺ എ റിപ്പബ്ലിക്ക് ഇൻ ക്രൈസിസ്' എന്ന പരകാലയുടെ പുസ്തകത്തിൽ രൂക്ഷ വിമർശനങ്ങളായിരുന്നു. മോദി ഭരണകൂടം സമ്പത്ത് വ്യവസ്ഥ, രാഷ്ട്രീയം, മറ്റു കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള കുറിപ്പുകൾ അടങ്ങുന്നതാണ് പുസ്തകം. ഇതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു പരകാല മോദിക്കതിരെ വിമർശനങ്ങൾ ഉയർത്തിയത്.

2014ലെ തെരഞ്ഞെടുപ്പിൽ 'വികസന'ത്തിന്റെ തട്ടകത്തിൽ വിജയിച്ച ബിജെപി ഹിന്ദുത്വയെ ഉയർത്തികൊണ്ട് വരികയായിരുന്നെന്ന് ഡോ. പ്രഭാകർ പറഞ്ഞു. 2024-ൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ ദുരന്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഹിന്ദുത്വയിൽ നിന്നും പ്രചോദനം ഉൾകൊണ്ട്, ആളുകളെ അണിനിരത്താനുള്ള കഴിവിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ജനപ്രീതി ഉയർന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.

'സാമ്പത്തികരംഗത്തടക്കം മോദിയുടെ കഴിവില്ലായ്മ അമ്പരപ്പിക്കുന്നു. 2024ൽ മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് സർവനാശമുണ്ടാകും. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബിജെപി മാറ്റും. സമ്പദ്വ്യവസ്ഥ പൂർണ തകർച്ചയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ്വ്യവസ്ഥയിൽ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്തവനായി മാറിയിരിക്കുന്നു. എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും വർഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളിൽ അദ്ദേഹം കാര്യക്ഷമനാണ്. രാജ്യത്ത് നടക്കുന്ന തെറ്റായ സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. നമ്മുടെ രാജ്യം ഇപ്പോൾ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ അതിന്റെ സ്ഥാപക തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അകന്നവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.