- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിന്റെ 'ശക്തി' പരാമർശത്തിന് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി
ജഗത്യാൽ: രാഹുൽ ഗാന്ധിയുടെ 'ശക്തി' പരാമർശത്തിന് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ജഗത്യാലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ സംസാരിക്കവേയാണ് മോദിക്കും, ബിജെപിക്കും എതിരെ രാഹുൽ ആഞ്ഞടിച്ചത്. 'തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രവും, ഇഡിയും, സിബിഐയും, ആദായനികുതി വകുപ്പും ഇല്ലാതെ മോദിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല. ഞങ്ങളുടെ പോരാട്ടം മോദിക്കെതിരെ വ്യക്തിപരമായല്ല. ഒരു ശക്തിക്ക് വേണ്ടി ( അധികാരം) പ്രവർത്തിക്കുന്ന മുഖംമൂടിയാണ് മോദി. 56 ഇഞ്ച് നെഞ്ച് ഇല്ലാത്ത പൊള്ളയായ മനുഷ്യനാണ് മോദി'-രാഹുൽ പറഞ്ഞു. ഈ പരാമർശത്തിനാണ് മോദി ഇന്നുമറുപടി പറഞ്ഞത്.
' തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച മുംബൈയിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയുണ്ടായിരുന്നു. റാലിയിൽ അവരുടെ മാനിഫെസ്‌റ്റോ പ്രഖ്യാപിച്ചു. അവരുടെ പോരാട്ടം 'ശക്തി'ക്ക് എതിരെയാണെന്ന് അവർ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം, ഓരോ അമ്മയും മകളും ശക്തിയുടെ രൂപമാണ്. അമ്മമാരെ, പെങ്ങന്മാരെ നിങ്ങളെ ഞാൻ ശക്തിയായി ആരാധിക്കുന്നു. ഞാൻ ഭാരതമാതാവിന്റെ പൂജാരിയാണ്'.
' ശക്തിയെ നശിപ്പിക്കുമെന്ന് ഇന്ത്യ സഖ്യം അവരുടെ മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചു. ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ശക്തിയുടെ അനുഗ്രഹം ആർക്കാണ് ലഭിക്കുന്നത് ജൂൺ നാലിന് അറിയാം. അമ്മാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കായി എന്റെ ജീവൻ ഞാൻ ബലിയർപ്പിക്കും'- മോദി പറഞ്ഞു.
സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെയും അദ്ദേഹം കടന്നാക്രമിച്ചു. രാജ്യത്ത് എന്ത് വലിയ അഴിമതികൾ നടന്നാലും അതിന് പിന്നിൽ കുടുംബാധിഷ്ഠിത പാർട്ടിയെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ ബിജെപിക്കുള്ള ജനപിന്തുണ തുടർച്ചയായി വർദ്ധിക്കുകയാണ്. വോട്ടെടുപ്പ് ദിവസം അടുക്കുന്തോറും, തെലങ്കാനയിൽ ബിജെപി തരംഗം ഉണ്ടാകുമെന്നും, കോൺഗ്രസും ബിആർഎസും തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയെ കോൺഗ്രസ് ഒരു എടിഎം സംസ്ഥാനമാക്കി മാറ്റി. കൊള്ളയടിച്ച പണം ഡൽഹിക്ക് കൊണ്ടുപോകുകയാണ്-മോദി ആരോപിച്ചു. എൻഡിഎക്ക് ജൂൺ നാലിന് 400 സീറ്റിലേറെ കിട്ടുമെന്ന് രാജ്യം മുഴുവൻ പറയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.