ഹൈദരാബാദ്: പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ ദളിത് നേതാവിനെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാകുന്നു. മഡിഗ സംവരണ പോരാട്ട സമിതി നേതാവ് മന്ദ കൃഷ്ണ മഡിഗയാണ് വേദിയിൽ വച്ച് വികാരാധീനനായത്. സെക്കന്തരാബാദിലായിരുന്നു പൊതുജനറാലി.

തെലുഗു സംസ്ഥാനങ്ങളിലെ പട്ടികജാതി സമുദായങ്ങളിലെ ഏറ്റവും വലിയ വിഭാഗങ്ങളിൽ ഒന്നാണ് മഡിഗകൾ. മഡിഗകളോട് കാട്ടുന്ന അനീതി അവസാനിപ്പിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് മോദി റാലിയിൽ പറഞ്ഞു. മഡിഗകളുടെ ശാക്തീകരണത്തിനായുള്ള മാർഗ്ഗങ്ങൾ ആരായാൻ സമിതിയെ രൂപീകരിക്കും. സുപ്രീം കോടതിയിൽ നടക്കുന്ന നിയമപോരാട്ടത്തിലും സർക്കാർ മഡിഗകൾക്ക് എല്ലാം പിന്തുണയും നൽകും.

മഡിഗകളുടെ അവകാശങ്ങൾക്ക് വേണ്ടി ദീർഘനാളായി പോരാടുന്ന മന്ദ കൃഷ്ണ മഡിഗയെ മോദി മുക്തകണ്ഠം പ്രശംസിച്ചു. തന്റെ ഇളയ സഹോദരനെന്നാണ് അദ്ദേഹത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്നുമുതൽ, കൃഷ്ണയാണ് എന്റെ നേതാവ്. ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റാണ്. ഈ പോരാട്ടത്തിൽ ഞാൻ നിങ്ങൾക്കൊപ്പം നിൽക്കും, മോദി പറഞ്ഞു. ഇതെല്ലാം കേട്ടതോടെയാണ് മോദിക്കൊപ്പം നേദി പങ്കിട്ട മന്ദ കൃഷ്ണ വികാരാധീനനായത്. മോദി അദ്ദേഹത്തെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചു.

കോൺഗ്രസിനെയും ബിആർഎസിനെയും തള്ളിക്കളയനാനും മോദിക്ക് മാത്രമേ മഡിഗകളോട് നീതി പുലർത്താൻ കഴിയൂ എന്ന് മന്ദ കൃഷ്ണ റാലിയിൽ ആഹ്വാനം ചെയ്തു. 2013 മുതൽ മോദി, മന്ദ കൃഷ്ണ മഡിഗയുമായി വളരെ അടുപ്പം പുലർത്തി വരികയാണ്. പട്ടികജാതി വിഭാഗത്തിനുള്ളിലെ ആഭ്യന്തര സംവരണമാണ് എംആർപിഎസ് വർഷങ്ങളായി ആവശ്യപ്പെടുന്നത്. 2014 ലെ തിരഞ്ഞെടുപ്പിൽ, ബിജെപിയുടെ പത്രികയിൽ ഈ ആഭ്യന്തര സംവരണം വാഗ്ദാനം ചെയ്തിരുന്നു.

1994 ൽ ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് എംആർപിഎസ് സ്ഥാപിക്കപ്പെട്ടത്.