ബംഗളൂരു: രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ലഘുപേർ വിമാനം തേജസിൽ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിലായിരുന്നു പറക്കൽ. അതിന് മുന്നോടിയായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിന്റെ നിർമ്മാണശാലയിലെത്തി പ്രവർത്തനം വിലയിരുത്തി.

' തേജസിലെ പറക്കൽ വിജയകരമായി പൂർത്തിയാക്കി. രാജ്യത്തിന്റെ സ്വദേശീയ ശേഷികളിൽ എന്റെ ശുഭാപ്തിവിശ്വാസം ഗണ്യമായി വർദ്ധിച്ചു. അവിശ്വനീയവും സമ്പുഷ്ടവുമായ അനുഭവമായിരുന്നു. നമ്മുടെ ദേശീയ സാധ്യതകളെ കുറിച്ച് അതെന്നിൽ അഭിമാനവും ശുഭാപ്തിവിശ്വാസവും കൂട്ടി'. പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.

സാധാരണഗതിയിൽ തേജസ് ഒറ്റ സീറ്റുള്ള വിമാനമാണ്. എന്നാൽ, പ്രധാനമന്ത്രി സഞ്ചരിച്ചത് ഇരട്ട സീറ്റുള്ള വ്യോമസേനയുടെ തേജസിലാണ്. നാവികസേനയും ഇരട്ട സീറ്റുള്ള തേജസ് പറത്താറുണ്ട്. ഒരാഴ്ച മുൻപ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും തേജസിൽ യാത്ര ചെയ്തിരുന്നു. അവേശകരമായ അനുഭവമായിരുന്നെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. നിലവിൽ ഇന്ത്യൻ വ്യോമസേന 40 തേജസ് MK-1 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 36,468 കോടി രൂപയുടെ കരാറിൽ 83 തേജസ് യുദ്ധവിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ യുദ്ധ വിമാനം 30 വർഷം നീണ്ട പരീക്ഷണങ്ങൾക്ക് ശേഷമാണ് വ്യോമസേനയുടെ സേനയുടെ ഭാഗമായത്. മണിക്കൂറിൽ 1350 കിലോമീറ്ററാണ് തേജസ്സ് പോർവിമാനത്തിന്റെ വേഗം. ഒറ്റ എൻജിനും ഇരട്ടസീറ്റുമുള്ള ഈ പോർവിമാനത്തിന് കരയിലും കടലിലും ഒരുപോലെ ആക്രമണം നടത്താനാകും. കാലപ്പഴക്കം വന്ന പോർവിമാനങ്ങളായ മിഗ് 21, മിഗ്27 വിമാനങ്ങൾക്ക് പകരമാണ് തേജസ് ഇറക്കിയത്.

1993 ഓഗസ്റ്റിലാണ് തേജസ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. 2001 ജനുവരിയിൽ ആദ്യ മാതൃകയുടെ പറക്കലും മെയ് മാസത്തിൽ പരീക്ഷണ പറക്കലും വിജയകരമായി നടത്തിയിരുന്നു. പൊതു മേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സാണ് തേജസിന്റെ നിർമ്മാതാക്കൾ. 2015ലാണ് ആദ്യ തേജസ് വിമാനം വ്യോമസേനയയ്ക്ക് കൈമാറിയത്. അപകടരഹിതമായ പറക്കലിന്റെ മികച്ച റെക്കോഡുമുണ്ട് ഈ പോർവിമാനത്തിന്. ഈ മാസാദ്യം ദുബായ് എയർഷോയിൽ തേജസ് പങ്കെടുത്തിരുന്നു.