ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു പ്രധാനമന്ത്രി മോദി. അടുത്ത സർക്കാറിന്റെ ആദ്യ 100 ദിവസത്തെയും അടുത്ത അഞ്ചു വർഷത്തെയും റോഡ്മാപ്പ് തയാറാക്കാൻ മന്ത്രിമാരോട് നിർദേശിച്ചു നരേന്ദ്ര മോദി. ഞായറാഴ്ച രാവിലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട അജണ്ട തയാറാക്കാൻ അതത് മന്ത്രാലയത്തിലെ സെക്രട്ടറിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ മോദി നിർദേശിച്ചതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെയാണ് ഞായറാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേർന്നത്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. 'വിക്ഷിത് ഭാരത്: 2047' എന്ന ദീർഘകാല പദ്ധതി മോദി സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

പൊതുതിരഞ്ഞെടുപ്പിന്റെ തീയതികൾ ഔദ്യോഗികമായി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അറിയിക്കുന്നതിനുള്ള നടപടിയും മന്ത്രിസഭ സ്വീകരിച്ചു. ഏപ്രിൽ 19-ന് ആരംഭിച്ച് ജൂൺ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂൺ നാലിന് ആണ് വോട്ടെണ്ണൽ.