ന്യൂഡൽഹി: ബിജെപിയുടെ 'ക്രൈസ്തവ നയതന്ത്രം' തുടരും. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നേതൃത്വം നൽകും. ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണം. കേരളത്തിൽ ചുവടുറപ്പിക്കുകയാണ് ലക്ഷ്യം. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും വോട്ടുറപ്പിക്കാൻ ക്രൈസ്തവ നിലപാടുകൾ നിർണ്ണായകമാണെന്ന് പ്രധാനമന്ത്രി തിരിച്ചറിയുന്നു. തൃശൂരിലും തിരുവനന്തപുരത്തും നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.

പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ ക്രൈസ്തവ നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് ബിജെപി അറിയിക്കുന്നത്. ക്രിസ്തുമസ് ദിനത്തിൽ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നൽകിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു. അതേസമയം, ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ പ്രതിരോധിക്കുമെന്ന് കോൺഗ്രസ് നേതൃത്വം. ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങിൽ അടുത്ത വർഷം രണ്ടാം പകുതിയിലോ, 2025 ആദ്യമോ മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി സഭാ നേതാക്കളെ അറിയിച്ചു. മാർപാപ്പയെ നേരിൽ കണ്ടത് ജീവിതത്തിലെ അസുലഭ നിമിഷമാണെന്നും മോദി പറഞ്ഞു.

മാർപാപ്പയുടെ ഇന്ത്യൻ സന്ദർശനം ക്രൈസ്തവ സഭകളുടെ ദീർഘകാല ആഗ്രഹമാണ്. കഴിഞ്ഞ വർഷമാണ് ഇന്ത്യയിലേക്ക് പോപ്പിനെ മോദി നേരിട്ട് ക്ഷണിച്ചത്. മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വൽഡ് ഗ്രേഷിയസ്, ദഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, സിറോ മലബാർ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ചർച്ച ഓഫ് നോർത്ത് ഇന്ത്യ ഡയറക്ടർ പോൾ സ്വരൂപ് വ്യവസായികളായ ജോയ് ആലുക്കാസ്, അലക്‌സാണ്ടർ ജോർജ്, മാനുവൽ, കായികതാരം അഞ്ജു ബോബി ജോർജ്, ബോളിവുഡ് നടൻ ദിനോ മോറിയ എന്നിവരുൾപ്പടെ 60 പേരാണ് ഇന്നലെ പ്രധാനമന്ത്രിയുടെ വിരുന്നിൽ അതിഥികളായത്.

ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള പരിവാർ നീക്കങ്ങൾക്ക് മണിപ്പൂർ കലാപം പ്രതിസന്ധിയായി . എന്നാൽ ഇസ്രയേൽ ഹമാസ സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മുൻകൈയെടുത്ത് ശ്രമം വീണ്ടും സജീവമാവുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്നലെ ഡൽഹി സേക്രട് ഹാർട്ട് പള്ളി സന്ദർശിച്ചതും ചർച്ചയായി. ദേശീയതലത്തിലാണ് നീക്കമെങ്കിലും കേരളത്തിൽ ക്രൈസ്തവരുടെ പിന്തുണ ആർജ്ജിക്കുകയാണ് ബിജെപി ലക്ഷ്യം. ഇതു കൊണ്ടു കൂടിയാണ് മോദിയുടെ പുതുവർഷ ആദ്യ ആഴ്ചയിലെ തൃശൂർ സന്ദർശനത്തിലും ക്രൈസ്തവ നേതാക്കളെ കാണുന്നത്.

ക്രിസ്മസ് ദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾ പുതിയ തലത്തിലെത്തിക്കുകയാണ്. മതമേലധ്യക്ഷന്മാരും വ്യവസായികളുൾപ്പെടെ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള പ്രമുഖർ പങ്കെടുത്തു. രണ്ട് ബസുകളിലായി അറുപതോളം പേരാണ് പ്രധാനമന്ത്രിയുടെ വിരുന്നിനെത്തിയത്. കേരളത്തിലെ സഭകളുടെ പ്രതിനിധികളും ജോയ് ആലുക്കാസ് ഉൾപ്പെടെയുള്ള വ്യവസായികളും വിരുന്നിനെത്തി. കായികതാരം അഞ്ജു ബോബി ജോർജും പ്രധാനമന്ത്രിയുടെ വസതിയിലെത്തി.

ക്രൈസ്തവർ രാജ്യത്തിനു നൽകുന്ന നിസ്തുല സേവനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ ഗുണം എല്ലാവരിലും എത്തിക്കാനാണു ശ്രമം. തുടർവികസനങ്ങൾക്ക് ക്രൈസ്തവ സഭയുടെ പിന്തുണ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2024 പകുതിയോടെയോ 2025 ആദ്യമോ മാർപാപ്പ ഇന്ത്യയിലെത്തുമെന്നും മോദി പറഞ്ഞു. വിരുന്ന് വലിയ പ്രതീക്ഷ നൽകുന്നതെന്ന് സഭാ പ്രതിനിധികൾ പറഞ്ഞു. മണിപ്പുർ വിഷയമോ മറ്റു രാഷ്ട്രീയ കാര്യങ്ങളോ ചർച്ചയായില്ലെന്നും അവർ അറിയിച്ചു.

അനിൽ ആന്റണിയും ടോം വടക്കനും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും വിരുന്നിനെത്തിയിരുന്നു. ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും ക്ഷണം കിട്ടിയതിൽ സന്തോഷമുണ്ടെന്നുമാണ് വിരുന്നിനെത്തിയവരുടെ പ്രതികരണം. രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി മോദി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചിരുന്നു.

ന്യൂനപക്ഷങ്ങളെ പാർട്ടിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിരുന്നൊരുക്കലും പള്ളി സന്ദർശനവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘടിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കേരളത്തിനു പുറമെ ഗോവ, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സഭാധ്യക്ഷർക്കായാണ് വിരുന്നൊരുക്കിയത്.