ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സെമി ഹൈ സ്പീഡ് പ്രാദേശിക ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നമോ ഭാരത്' എന്നു പേരിട്ടിരിക്കുന്ന റീജിയണൽ റാപിഡ് ട്രെയിൻ സർവീസ് (ആർആർടിഎസ്) ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഉത്തർപ്രദേശിലെ ഷഹീബാബാദ് മുതൽ ദുഹായ് വരെയുള്ള ട്രെയിൻ സർവീസ് മോദി ഉദ്ഘാടനം ചെയ്തത്. റാപ്പിഡ് എക്‌സ് എന്ന പേര് ഇന്നലെയാണ് നമോ ഭാരത് എന്നാക്കി മാറ്റിയത്.

ട്രെയിനിൽ ഒരുപോറൽ പോലും ഉണ്ടാവരുതെന്നും ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. നമോഭാരതിലെ ജീവനക്കാർ എല്ലാവരും സ്ത്രീകൾ എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇത് ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തിന്റെ മുദ്രയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഉദ്ഘാടനത്തിന്റെ ഭാഗമായി ട്രെയിനിൽ അൽപ നേരം സഞ്ചരിച്ച പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു. 82 കിലോമീറ്റർ ദൂരം വരുന്ന ഡൽഹി മീറ്ററ്റ് പാത ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കാനാകും.

ഇന്ത്യയിൽ റെയിൽവേയുടെ മാറ്റത്തിന്റെ കാലഘട്ടമാണ് ഇത്. ചെറിയ സ്വപ്നങ്ങൾ കാണുക എന്നത് എന്റെ പതിവല്ല. ഇന്ത്യയിലെ ട്രെയിൻ ലോകത്തിന്റെ മറ്റിടങ്ങളിലേതിനേക്കാൾ പിന്നിലാകാൻ പാടില്ലെന്നും മോദി പറഞ്ഞു. 82 കിലോമീറ്റർ ദൂരമുള്ള ഡൽഹി - മീററ്റ് പാതയിൽ നിർമ്മാണം പൂർത്തിയായ സാഹിബാബാദ് - ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ് ഉദ്ഘാനം ചെയ്തത്. ഈ പാതയിൽ നാളെ മുതൽ സർവീസ് ആരംഭിക്കും.

ഉന്നത നിലവാരമുള്ള സീറ്റുകൾ, ഓരോ സീറ്റിലും ചാർജിങ് പോയിന്റ്, വൈ ഫൈ എന്നിവയെല്ലാം പുതിയ ട്രെയിനിന്റെ പ്രത്യേകതയാണ്. 30,000 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ നമോ ഭാരത് ട്രെയിനിൽ ഒരു മണിക്കൂർ കൊണ്ട് മീററ്റിൽ നിന്നും ഡൽഹിയിലെത്താൻ സാധിക്കും. നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നമോ ഭാരത് ഹൈ സ്പീഡ് ട്രെയിൻ പ്രാദേശിക വികസന പദ്ധതിയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് അറിയിച്ചു.

ഡൽഹി-ഗസ്സിയാബാദ്-മീററ്റ് പാതയിലാണ് റീജണൽ റെയിൽ സർവീസ് ഇടനാഴിയുള്ളത്. സെമി ഹൈസ്പീഡ് ട്രെയിൻ സർവീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായ ആർആർടിഎസിന്റെ (റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) ഭാഗമാണിത്. ഈ അതിവേഗ റെയിൽപ്പാതയുടെ ആദ്യഘട്ട ഇടനാഴിയാണ് പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തിന് സമർപ്പിച്ചത്.

ആകെ 82 കിലോമീറ്റർ ദൂരമുള്ള ഡൽഹി - മീററ്റ് പാതയിൽ നിർമ്മാണംപൂർത്തിയായ സാഹിബാബാദ് - ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ്. ഈ പാതയിൽ 21 മുതൽ ട്രെയിൻസർവീസ് ആരംഭിക്കും. രാജ്യത്തെ ആദ്യ ആർ.ആർ.ടി.എസ്. പദ്ധതിയായ ഡൽഹി മീററ്റ് പാതയിൽ ബാക്കിയുള്ളസ്ഥലങ്ങളിലും റെയിൽപാതയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിൽ എട്ട് ആർആർടി.എസ്. ഇടനാഴികളാണ് ഒരുങ്ങുന്നത്. ഡൽഹി മീററ്റ് പാത 2025 ജൂണിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിർമ്മാണംപൂർത്തിയായ ആദ്യഘട്ടത്തിൽ സാഹിബാബാദ്, ഗസ്സിയാബാദ്, ഗുൽദർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നിങ്ങനെ അഞ്ചുസ്റ്റേഷനുകളാണുള്ളത്.