ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ഡൽഹിയില് സജീവം. മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്തു കൈമാറി നരേന്ദ്ര മോദി. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു എന്നിവർ വൈകിട്ട് നടക്കുന്ന എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കും.

ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ഘടകകക്ഷികൾ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയായി. അടുത്ത സർക്കാർ അധികാരത്തിൽ വരുന്നത് വരെ കാവൽ പ്രധാനമന്ത്രിയായിരിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ശേഷം ജൂൺ എട്ടിന് നരേന്ദ്ര മോദി തന്നെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മോദിയും അമിത് ഷായും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും അടക്കമുള്ള ഘടകകക്ഷികളെ ഫോണിൽ വിളിച്ചിരുന്നു. ടിഡിപിയെ എൻഡിഎയിൽ തന്നെ നിലനിർത്താനാണ് ശ്രമം. എൻഡിഎയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് നായിഡു വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ, നിതീഷ് കുമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇന്നു വൈകീട്ടു ചേരുന്ന എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയുടെ പേര് അംഗീകരിക്കും. തുടർന്ന് പിന്തുണയ്ക്കുന്ന പാർട്ടികളുടെ കത്തു സഹിതം രാഷ്ട്രപതിക്ക് നൽകാനാണ് ബിജെപിയുടെ ശ്രമം. നിതീഷ്‌കുമാറും നായിഡുവും കൂടുതൽ സ്ഥാനമാനങ്ങൾക്കായി ബിജെപിക്കുമേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശിനും ബിഹാറിനും പ്രത്യേക പദവി, കൂടുതൽ മന്ത്രിസ്ഥാനങ്ങൾ, സ്പീക്കർ പദവി തുടങ്ങിയ വിലപേശലുകളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കേന്ദ്രസർക്കാർ രൂപീകരണം അടക്കമുള്ള വിഷയത്തിൽ തുടർനടപടി ആലോചിക്കാനായി ഇന്ത്യാ മുന്നണി യോഗവും ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. വൈകീട്ട് ആറുമണിക്ക് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ നടക്കവേ, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തിൽ ഡൽഹിയിലെത്തി. നിതീഷ് തേജസ്വിക്കൊപ്പം വിമാന യാത്ര നടത്തുന്ന ദൃശ്യം പുറത്തുവന്നു.

കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനാകാത്ത ബിജെപിയും കേവലഭൂരിപക്ഷത്തിന് 38 സീറ്റ് കുറവുള്ള ഇന്ത്യാ സഖ്യവും ജെഡിയു, ടിഡിപി പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാൻ തിരക്കിട്ട നീക്കത്തിലാണ്. ഇതിനിടെയാണ് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ തേജസ്വിക്കൊപ്പം നിതീഷിന്റെ വിമാന യാത്രയെന്നത് ശ്രദ്ധേയം.

നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിലേക്ക് തിരിച്ചെത്തിക്കാൻ ശരദ് പവാറടക്കമുള്ള നേതാക്കൾ ശ്രമിച്ചുവെന്ന് നേരത്തെ മുതൽ അഭ്യൂഹമുയർന്നിരുന്നു. അതേസമയം, ജെഡിയു ബിജെപിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് നിതീഷ് കുമാറിന്റെ അടുത്ത അനുയായി കെ.സി. ത്യാഗി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.