- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായ സന്ദേശ്ഖാലി സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി; അടുത്ത മാസം ആറിന് സന്ദർശനം; അതിക്രമത്തിന് ഇരകളായ സ്ത്രീകളെ കാണും; ദേശീയ മനുഷ്യവകാശ കമ്മീഷനും സ്ഥലം സന്ദർശിക്കും; ലോക്സഭാ തെരഞ്ഞെടുപ്പിൽ സന്ദേശ്ഖാലി രാഷ്ട്രീയ പ്രചരണ വിഷയമാക്കാൻ ബിജെപി
കൊൽക്കത്ത: സന്ദേശഖാലിയിൽ പീഡനത്തിനിരയായ സ്ത്രീകളെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിലേക്ക്. അടുത്തമാസം ആറിന് നോർത്ത് പർഗനാസിലെ സന്ദേശ്ഖലിയിൽ മോദി എത്തും. ഇവിടെ കൂട്ടബലാത്സംഗത്തിന് ഇരകളായ സ്ത്രീകളെയും അദ്ദേഹം സന്ദർശിക്കുമെന്ന് ബിജെപി ബംഗാൾ സംസ്ഥാന സുകന്ദ മജുംദാർ പറഞ്ഞു. ബരാസത്തിൽ ബിജെപി വനിതാ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഇവിടെ നിന്നും അദ്ദേഹം സന്ദേശ് ഖാലിയിൽ എത്തുമെന്നാണ് ബിജെപി നേതാവ് വ്യക്തമാക്കിയത്.
സ്ത്രീകളെ ദേശീയ മനുഷ്യവകാശ കമ്മീഷൻ സന്ദർശിക്കും. മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക സംഘമാണ് സന്ദേശ്ഖാലിയിലെത്തുന്നത്. സ്ത്രീകളെ സന്ദർശിച്ച ശേഷം കേസിന്റെ വിശദമായ റിപ്പോർട്ട് പൊലീസിനോട് തേടുകയും ചെയ്യും. മോദിയുടെ സന്ദർശനത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഈ വിഷയം ആയുധമാക്കാനാണ് ഒരുങ്ങുന്നത്. മമത ബാനർജിയെ കടന്നാക്രമിക്കാനുള്ള അവസരമായാണ് ബിജെപി സന്ദേശ്ഖലി വിഷയത്തെ കാണുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥലം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അതിനിടെ ദേശീയ പട്ടികവർഗ കമ്മീഷന്റെ മൂന്നംഗ പ്രതിനിധി സംഘം ഇന്ന് സന്ദേശ്ഖാലി സന്ദർശിച്ചിരുന്നു. ദേശീയ വനിതാ കമ്മീഷനും ദേശീയ പട്ടികജാതി കമ്മീഷനും സന്ദേശ്ഖാലി സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പട്ടികവർഗ കമ്മീഷന്റെ സന്ദർശനം. സന്ദേശ്ഖാലിയിലെത്തിയ സംഘം പീഡനത്തിനിരയായ സ്ത്രീകളുമായും പ്രദേശവാസികളുമായും സംസാരിച്ചതിന് ശേഷമാണ് സ്ഥലത്ത് നിന്നും മടങ്ങിയത്.
സന്ദേശ്ഖാലിയിൽ നടക്കുന്ന അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനും പൊലീസ് മേധാവിക്കും നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് സന്ദേശ്ഖാലി സന്ദർശിക്കാനായി കമ്മീഷൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. സന്ദേശ്ഖാലി വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ അഴിഞ്ഞാട്ടമാണ് ബംഗാളിന്റെ ഉൾഗ്രാമമായ 24 പർഗാനയിൽ നടക്കുന്നത്. അടുത്തിടെ ഒരു 13കാരിയെ ഈ ഗുണ്ടകൾ കൂട്ടബലാത്സംഗം ചെയ്തുകൊന്നതോടെ കാര്യങ്ങൾ പിടിവിട്ടു. ദലിതരും, ആദിവാസികളുമായ പാവങ്ങളായ അമ്മമാർ സഹികെട്ടതോടെ വടിയും പന്തുവുമായി തെരുവിലിറങ്ങിയിരിക്കയാണ്. ഗവർണ്ണർ സി വി ആനന്ദബോസ് റിപ്പോർട്ട് തേടിയിട്ടും സംഘർഷങ്ങൾക്ക് ശമനമില്ല. ഷെയ്ഖ് ഷാജഹാൻ എന്ന തൃണമൂൽ ഗുണ്ടയെ പിടികൂടാതെ പോരാട്ടം അവസാനിപ്പിക്കില്ല എന്നാണ് അമ്മമാരുടെ നിലപാട്. എന്നാൽ മമത സർക്കാരാവട്ടെ, തൃണമൂൽ അക്രമികൾക്ക് നിർലോഭമായ പിന്തുണയാണ് കൊടുക്കുന്നത്.
സന്ദേശ്ഖാലിയിലെ ജംഗിൾ രാജ്
സന്ദേശ്ഖാലിയിലെ സ്ത്രീകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി മമതാ സർക്കാരിനെതിരെ തെരുവിൽ പ്രക്ഷോഭത്തിലാണ്. തൃണമൂലിന്റെ ഗുണ്ടായിസം അത്രമേൽ സഹിക്കാൻ കഴിയാതായിരിക്കുന്നു. തൃണമൂൽ നേതാവായ ഷെയ്ഖ് ഷാജഹാൻ ഖാന്റെ ഗുണ്ടകൾ ഒരു 13-കാരിയെ റേപ്പ് ചെയ്തുകൊന്നിട്ടും പൊലീസ് അനങ്ങിയില്ല. അത് വിളിച്ചു പറഞ്ഞ ആ അമ്മയെ കേസിൽ കൂടുക്കാനാണ് മമതാ സർക്കാർ ആദ്യം ശ്രമിച്ചത്. ഇതോടെ ജനരോഷം അണപൊട്ടി. ബിജെപിയുടെ പിന്തുണയോടെ ഈ വീട്ടമ്മമാർ സമരം തുടരുകയാണെന്ന് എൻഡിടിവി അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്.
വർഷങ്ങളായി തൃണമൂലിന്റെ നേതൃത്വത്തിൽ ശരിക്കും ജംഗിൾ രാജാണ് ഇവിടെ നടക്കുന്നത്. പാവപ്പെട്ട ഹിന്ദു, ദളിത്, ആദിവാസികളുടെ ഭൂമിക പിടിച്ചെടുത്ത് ചെമ്മീൻകെട്ടും കോഴി ഫാമുകളും തുടങ്ങുക എന്നതാണ് ഷാജഹാന്റെ നേതൃത്വത്തിലുള്ള തൃണമൂൽ ഗുണ്ടകളുടെ ആദ്യ പണി. ചെറുപ്പക്കാരികളും സുന്ദരികളായ സ്ത്രീകളെ തട്ടി കൊണ്ടു പോയി കൂട്ടബലാൽസംഗം നടത്തുകയും അവരെ മാസങ്ങളോളം ലൈംഗിക അടിമകളാക്കി വെക്കുകയും ചെയ്യുക ഇവരുടെ രീതിയാണ്. മമത ഭരിക്കുന്ന ബംഗാളിൽ തൃണമൂൽ ഗുണ്ടകൾക്കെതിരെ പരാതിപ്പെട്ടിട്ട് കാര്യമുണ്ടായില്ല. പരാതിക്കാരെയും പൊലീസും ഗുണ്ടകളും കൈകാര്യം ചെയ്തു.
ഇതിനെതിരെയാണ് ഇപ്പോൾ ഗതികെട്ട സ്ത്രീകൾ തെരുവിലിറങ്ങിയത്. ഷെയ്ഖ് ഷാജഹാനും കൂട്ടാളികളും ഇപ്പോൾ ഒളിവിലാണ്. റേഷൻ കുംഭകോണത്തിൽ പെട്ട ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് കഴിഞ്ഞ മാസം റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ഗുണ്ടകളെയും കൂടി ആക്രമിച്ച കേസിലാണ് ഷാജഹാനും കൂട്ടാളികളും ഒളിവിൽ പോയത്. ഹിന്ദു സ്ത്രീകളുടെ പ്രക്ഷോഭം ശക്തമായതോടെ പൊലീസിന് ഷാജഹാന്റെ കൂട്ടാളിയായ തൃണമൂലിന്റെ ലോക്കൽ നേതാവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നു. പക്ഷേ മുഴുവൻ പ്രതികളെയും പിടിക്കണമെന്ന് ആവശ്യപ്പെട്ട്, സന്ദേശ്ഖാലിയിലെ ആദിവാസികളും ദളിതരുമായ സ്ത്രീകൾ ഇപ്പോഴും സമരത്തിലാണ്. ദേശീയ തലത്തിൽ ഈ വാർത്ത കഴിഞ്ഞ രണ്ടാഴ്ച്ചയായി നിറഞ്ഞു നിൽക്കുന്നുമുണ്ട്. പക്ഷേ കേരളത്തിലടക്കം ഈ വാർത്ത വലിയ ചർച്ചയായിട്ടില്ല.
പ്രക്ഷോഭം ശക്തമായതോടെയാണ് ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയറായത്. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബു പ്രസാദ് ഹസ്രയാണ് ബലാത്സംഗക്കേസിൽ അറസ്റ്റിലായത്. പ്രാദേശിക തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ രണ്ട് സഹായികളിൽ ഒരാളാണ് ഹസ്ര. ഉത്തം സർദാർ എന്ന തൃണമൂൽ നേതാവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതിനിടെ സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതിയും രംഗത്ത് എത്തിയിരുന്നു. വിവാദങ്ങളെ തുടർന്ന് ഡിജിപി കുമാർ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഭൂമി കൈയേറ്റം സംബന്ധിച്ച ആരോപണങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സന്ദേശ്ഖാലിയിലെ ലൈംഗികാതിക്രമ കേസുകളെ കൂടാതെ ഭൂമി തട്ടിപ്പ് സംബന്ധിച്ച പരാതികളും പ്രതികൾക്കെതിരെ ഉയർന്നിരുന്നു. സന്ദേശ്ഖാലിയിലെ പാവപ്പെട്ട ജനങ്ങളിൽ നിന്ന് നൂറുകണക്കിന് ഏക്കർ കൃഷിഭൂമിയാണ് പ്രതികൾ കൈക്കലാക്കിയത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടന്നീളം ബിജെപിയുടെ പ്രതിഷേധം നടക്കുകയാണ്.
സന്ദേശ്ഖാലിയിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ സ്ഥലത്തെത്തിയ ബിജെപി പ്രതിനിധി സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് തടഞ്ഞിരുന്നു. ബിജെപി നേതാക്കളായ അന്നപൂർണാദേവി, പ്രതിമ ഭൗമിക്, സുനിത ദുഗ്ഗൽ, കവിതാ പടിദാർ, സംഗീത യാദവ്, ബ്രിജ് ലാൽ എന്നിവരുൾപ്പെട്ട സംഘത്തെയാണ് പൊലീസ് തടഞ്ഞത്. പിന്നാലെ ഇവർ ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെ സന്ദർശിക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്