ന്യൂഡൽഹി: പാർലമെന്റിൽ കഴിഞ്ഞാഴ്ച ഉണ്ടായ സുരക്ഷാ വീഴ്ച അതീവഗൗരവമുള്ളതെന്ന് പ്രധാനമന്ത്രി. ഇക്കാര്യത്തിൽ വാദപ്രതിവാദത്തിന്റെ ആവശ്യമില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

' ഈ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണാൻ കഴിയില്ല. ലോക്‌സഭാ സ്പീക്കർ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചുവരുന്നു. അന്വേഷണ ഏജൻസികൾ സംഭവം അന്വേഷിക്കുകയാണ്. ആരൊക്കെയാണ് ഇതിന് പിന്നിലെന്നും അവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നും കണ്ടെത്തേണ്ടത് സുപ്രധാനമാണ്' ദൈനിക് ജാഗരൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി പറഞ്ഞു. അന്വേഷണത്തിന് രണ്ട് സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ കാര്യങ്ങൾ വ്യക്തമാകും. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവരുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും മോദി കൂട്ടിച്ചേർത്തു

പാർലമെന്റിലെ സുരക്ഷാവീഴ്ചയുടെ പേരിൽ പ്രതിപക്ഷം കേന്ദ്രസർക്കാരിന് എതിരെ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ലോക്‌സഭയ്ക്കുള്ളിലെ സുരക്ഷാ പ്രശ്‌നം ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ പരിധിയിൽ പെടുന്നതാണെന്നും കേന്ദ്രത്തെ ഇടപെടാൻ അനുവദിക്കില്ലെന്നും സ്പീക്കർ ഓം ബിർല വ്യക്തമാത്തിയിരുന്നു.

സുരക്ഷാ പ്രശ്‌നം ഗുരുതര വിഷയമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞിരുന്നു. 'ആഭ്യന്തര മന്ത്രി ഇക്കാര്യത്തിൽ പ്രസ്താവന നടത്തുന്നില്ലെന്നും, ടിവി ഷോകളിലല്ലാതെ പാർലമെന്റിൽ സംസാരിക്കുന്നില്ല. ഇതുജനാധിപത്യത്തിന് നന്നല്ല', ഖാർഗെ പറഞ്ഞു.

അതേ സമയം പാർലമെന്റിലെ അക്രമ സംഭവങ്ങൾ അരങ്ങേറുന്നതിനിടെ ദേഹത്ത് സ്വയം തീകൊളുത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി ലളിത് ഝാ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നു. തീകൊളുത്തുമ്പോൾ ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാൻ പുരട്ടുന്ന ക്രീം കിട്ടാതെ വന്നപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു. പാർലമെന്റിനകത്തും പുറത്തും സ്വയം തീകൊളുത്തുക എന്നതായിരുന്നു പ്രതികളുടെ ആദ്യപദ്ധതി. ഇത് നടക്കില്ലെന്നു മനസ്സിലായതോടെയാണ് പ്ലാൻ ബി അനുസരിച്ച് സ്പ്രേ അടിക്കുന്ന രീതിയിലേക്ക് പദ്ധതി മാറ്റിയത്.

സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവർ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ലോക്സഭയുടെ ശൂന്യവേളയിൽ ചേംബറിൽ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗർ, സന്ദർശക ഗാലറിയിൽനിന്ന് ലോക്സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്പ്രേ ചെയ്യുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജൻ, ഈ സമയം സന്ദർശക ഗാലറിയിൽ തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാൻ തുറക്കുകയും ചെയ്തു. അമോൽ, നീലംദേവി എന്നിവരെ പാർലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്. പിന്നീട് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഡൽഹിയിലെ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ലളിത് ഝാ  കീഴടങ്ങിയത്.