ന്യൂഡൽഹി: ഇതാദ്യമായി പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്മസ് വിരുന്നൊരുക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30നാണ് ക്രിസ്മസ് വിരുന്ന്. മതമേലധ്യക്ഷരും ക്രൈസ്തവ സഭയിലെ പ്രമുഖരും പങ്കെടുക്കും. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ സേക്രട്ട് ഹാർട്ട് ദേവാലയം സന്ദർശിച്ചിരുന്നു. മണിപ്പൂർ കലാപത്തെ തുടർന്ന് അകന്ന ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വിരുന്ന് സംഘടിപ്പിക്കുന്നതെന്നാണു സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് പ്രധാനമന്ത്രിയുടെ വിരുന്ന് എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവർത്തകരുടേയും ക്രൈസ്തവ ഭവന സന്ദർശനം 21ന് തുടങ്ങിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കുകയാണ് സ്‌നേഹയാത്രയിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

കൊച്ചിയിൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയെ കണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സ്‌നേഹയാത്രക്ക് തുടക്കമിട്ടത്. ഈ മാസം 31 വരെ പത്ത് ദിവസങ്ങളിലാണ് ബിജെപിയുടെ സ്‌നേഹയാത്ര. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജ്ജിക്കാനായാൽ മധ്യ തിരുവിതാംകൂറിൽ അടക്കം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ നേട്ടമാണ് ബിജെപി കണക്കുകൂട്ടുന്നത്.

സ്‌നേഹയാത്രയിൽ വീടുകളിലത്തുമ്പോൾ കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ വിശദീകരിച്ചും ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിന് വേണ്ടി സ്വീകരിച്ച നടപടികൾ അവതരിപ്പിച്ചും വിശ്വാസികളുമായി കൂടുതൽ അടുക്കാനാവുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ. ക്രൈസ്തവസഭയുടെ വിശ്വാസം കൂടി ആർജ്ജിച്ചാണ് ബിജെപി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചത്. കേരളത്തിൽ അധികാരത്തിലെത്താൻ ക്രൈസ്തവ വിശ്വാസികളെ ഒപ്പം നിർത്താനുള്ള ആഹ്വാനമാണ് ദേശീയ നേതൃത്വം മുന്നോട്ട് വെച്ചത്. ഉയർപ്പിന്റെ നാളായ ഈസ്റ്ററിന് സഭാ അധ്യക്ഷന്മാരെയും വിശ്വാസികളെയും സന്ദർശിച്ച് ബിജെപി കേരള നേതാക്കൾ ആശംസകൾ നേർന്നിരുന്നു. തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനി, ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ അടക്കമുള്ളവരെയാണ് ബിജെപി നേതാക്കൾ കണ്ടത്.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദയാത്ര നടത്താൻ ഒരുങ്ങുകയാണ് ബിജെപി. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ 10 കിലോമീറ്റർ വീതമാണ് യാത്ര നടത്തുക. നവകേരള സദസ് സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങൾ ലക്ഷ്യമിട്ടാണ് നടന്നതെങ്കിൽ, പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപി കച്ചകെട്ടി ഇറങ്ങുന്നത്.

എ ക്ലാസ് മണ്ഡലങ്ങളായി ദേശീയ നേതൃത്വം തിരിഞ്ഞെടുത്തവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാവും പദയാത്ര നടക്കുക. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ രണ്ട് ദിവസം വീതം പദയാത്ര നടത്തും. മറ്റ് മണ്ഡലങ്ങളിൽ ഒരുദിവസമേ യാത്ര നടക്കൂ. ജനുവരി 15നുശേഷം നടത്താൻ നിശ്ചയിച്ചിരിക്കുന്ന യാത്രയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.

തൃശൂർ മണ്ഡലത്തിൽ ബിജെപി ജയപ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജനുവരി 2ന് പ്രധാനമന്ത്രി തൃശൂരിലെത്തും. 'സ്ത്രീ ശക്തി മോദിയ്‌ക്കൊപ്പം' എന്ന പേരിൽ മഹിളാസമ്മേളനം തേക്കിൻകാട് മൈതാനിയിൽ അരങ്ങേറും. വനിതാസംവരണബിൽ യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ആദരം എന്ന പേരിലാണ് പരിപാടി നടക്കുക