- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എൻഡിഎയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു; അത് ഞാൻ ഉറച്ച മനസ്സോടെ തള്ളിക്കളഞ്ഞു; അതിന് ശേഷമാണ് കെ സി ആർ ഇടഞ്ഞത്': തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ പഴയ രഹസ്യം വെളിപ്പെടുത്തി മോദി
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് എൻഡിഎയിൽ ചേരാൻ താൽപര്യം ഉണ്ടായിരുന്നുവെന്നും താൻ അത് ഉറച്ച മനസ്സോടെ തള്ളിക്കളഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ' ഞാൻ അദ്ദേഹത്തിന് എൻഡിഎയിലേക്ക് പ്രവേശനം നിഷേധിച്ചു. തെലങ്കാനയിലെ ജനങ്ങളെ ഞങ്ങൾ വഞ്ചിക്കില്ലെന്ന് ഞാൻ പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തിന് ആകെ അസഹ്യതയായി, അതിന് ശേഷമാണ് അദ്ദേഹം മാറിയത് ' മോദി പറഞ്ഞു. ഈ വർഷാവസാനം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നൈസാമാബാദിൽ, പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
ഹൈദരാബാദ് തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ശേഷമാണ് കെ സി ആർ എന്നെ വന്നുകണ്ടത്. അദ്ദേഹത്തിന് എൻഡിഎയുടെ ഭാഗമാകണമായിരുന്നു. ' ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയാൻ പോകുന്നു. 100 ശതമാനം സത്യം. 2020 ലെ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ, ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. 48 സീറ്റുകൾ നേടിയ ബിജെപിയുടെ പിന്തുണ കെ സി ആറിന് ആവശ്യമായിരുന്നു. കെ സി ആർ എനിക്ക് സ്‌നേഹം വാരിക്കോരി തന്നു. എനിക്ക് ഒരു ഷാൾ സമ്മാനിച്ചു. സാധാരണ അദ്ദേഹം അങ്ങനെ ചെയ്യാറില്ല. പിന്നീട് അദ്ദേഹം ബി ആർ എസിനെ എൻഡിഎയിൽ ചേർക്കണമെന്ന് പറഞ്ഞു. ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സഹായിക്കണമെന്ന് പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം എന്നെ വിമാനത്താവളത്തിൽ എത്തി സ്വീകരിക്കാറുണ്ടായിരുന്നു. പക്ഷേ പിന്നീട് പൊടുന്നനെ അതുനിർത്തി. ഹൈദരാബാദ് മുനിസിപ്പിൽ കോർപറേഷൻ തിരഞ്ഞെടുപ്പിന് ശേഷം കെ സി ആർ ഡൽഹിയിൽ എന്നെ കാണാൻ വന്നു. എൻഡിഎയിൽ ചേരാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. തനിക്ക് പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പ്രവർത്തികൾ കാരണം മോദിക്ക് അദ്ദേഹവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ആവില്ലെന്ന് ഞാൻ മറുപടി നൽകി' മോദി പറഞ്ഞു.
അതോടെ, ബി ആർ എസ് രോഷാകുലരായി. അദ്ദേഹം വീണ്ടും കാണാൻ വന്നു. അദ്ദേഹത്തിന്റെ മകൻ കെ ടി രാമറാവുവിന് ഉത്തരവാദിത്വം കൈമാറണമെന്നും, അയാളെ പ്രധാനമന്ത്രിയെ കാണാൻ അയയ്ക്കാമെന്നും, അനുഗ്രഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ' കെ സി ആർ, ഇത് ജനാധിപത്യമാണ്. കെ ടി ആറിന് എല്ലാം നൽകാൻ നിങ്ങൾ ആരാണ്? നിങ്ങൾ രാജാവാണോ? എന്നു കെ സി ആറിനോട് ഞാൻ ചോദിച്ചു. അതിന് ശേഷം അദ്ദേഹം എന്നെ കാണാൻ വന്നിട്ടേയില്ല. അദ്ദേഹത്തിന് എന്റെ മുഖത്ത് നോക്കാൻ വയ്യ. ഒരു അഴിമതിക്കാരനും എന്റെ അടുത്തിരിക്കാൻ സാധ്യമല്ല' മോദി പറഞ്ഞു.
തെലങ്കാനയുടെ വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ ബിആർഎസ് നേതൃത്വത്തിലുള്ള സർക്കാരിന് പണം നൽകിയിരുന്നു. എന്നാൽ, ദൗർഭാഗ്യകരമെന്ന് പറയട്ടെ, ബിആർഎസ് സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി നൽകിയ പണം കൊള്ളയടിക്കുകയായിരുന്നു. നാരീ ശക്തി വന്ദൻ അധിനിയനം ബിൽ പാർലമെന്റിൽ പാസാക്കിയപ്പോൾ കോൺഗ്രസും അതിന്റെ ഇൻഡി സഖ്യവും, അതായത് ഗമാണ്ഡിയ സഖ്യം 30 വർഷമായി എതിർത്തിരുന്ന ബില്ലിനെ പിന്തുണയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു, മോദി വിമർശിച്ചു.
തെലങ്കാനയിൽ അധികാരത്തിൽ വന്നാൽ, കെ സി ആർ സർക്കാരിന്റെ ഓരോ കൊള്ളരുതായ്മയും പുറത്തുകൊണ്ടുവരുമെന്നും മോദി പറഞ്ഞു.




