ന്യുഡൽഹി: ഡൽഹിയിൽ സിപിഎം പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. സുർജിത് ഭവനിൽ നടക്കുന്ന ജി 20ക്കെതിരായ പ്രചാരണ പരിപാടിയാണ് പൊലീസ് തടഞ്ഞത്. പരിപാടിക്ക് മുൻകൂർ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

രണ്ടു ദിവസമായി ജി 20ക്കെതിരെയുള്ള സെമിനാർ സുർജിത് ഭവനിൽ നടക്കുകയാണ്. വി ട്വന്റി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയാണ് പൊലീസ് തടഞ്ഞത്. ഗേറ്റുകൾ പൊലീസ് പൂട്ടി. പുറമെ നിന്നുള്ള അകത്തേക്ക് കടത്തിവിടുന്നില്ല. ഇന്നലെ ആരംഭിച്ച സെമിനാർ ഇന്നും തുടരാനിരിക്കെയാണ് പൊലീസ് വിലക്ക് വന്നത്. പിബി അംഗം വൃന്ദാകാരാട്ടാണ് ഇന്നലെ പരിപാടി ഉദഘാടനം ചെയ്തത്.

അതേസമയം, പാർട്ടി ഓഫീസിനകത്ത് ഇത്തരമൊരു പരിപാടി നടത്താൻ പൊലീസിൽ നിന്ന് അനുമതി വാങ്ങേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ പറഞ്ഞു. എംപിമാർ വരെ പങ്കെടുക്കുന്ന പരിപാടിയാണിത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ധിക്കാരപരമായ നടപടിയാണെന്നും പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ പറഞ്ഞു. പരിപാടി നിർത്തണമെന്ന് രേഖാമൂലം അവർ ആവശ്യപ്പെട്ടിട്ടില്ല. അവർ അതിനുള്ള രേഖയുമായി വരട്ടെ അപ്പോൾ നോക്കാമെന്ന് കേന്ദ്രകമ്മിറ്റി അംഗം മുരളീധരൻ പറഞ്ഞു. ജി 20ക്ക് പാരലൽ ആയിട്ടാണ് വി 20 സെമിനാർ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സുർജിത് ഭവനിൽ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രതികരിച്ചു. സുർജിത് ഭവനിൽ വീ 20 എന്ന പേരിൽ ഒരു സെമിനാർ നടക്കുകയായിരുന്നു. സമാധാനപരമായി രണ്ടു ദിവസമായി നടന്നുവരുന്ന ഈ സെമിനാറിന് പൊലീസ് അനുമതി ഇല്ല എന്ന് ആരോപിച്ചാണ് സുർജിത് ഭവന്റെ ഗേറ്റ് അടച്ചുപൂട്ടി യോഗത്തിനെത്തിയവരെ പൊലീസ് തടഞ്ഞത്. ഒരു ഹാളിനുള്ളിൽ നടക്കുന്ന യോഗത്തിന് പൊലീസ് അനുമതി വാങ്ങണം എന്ന് ചട്ടമില്ല. പൊതുസ്ഥലത്ത് നടക്കുന്ന ഉച്ചഭാഷിണി ഉപയോഗിച്ചുള്ള യോഗങ്ങൾക്കാണ് പൊലീസ് അനുമതി വാങ്ങേണ്ടത്. വിമർശനങ്ങളെ ഭയപ്പെടുന്ന നരേന്ദ്ര മോദി സർക്കാർ എന്തെങ്കിലും ന്യായം കണ്ടെത്തി എതിരഭിപ്രായങ്ങളെ തടയാൻ ശ്രമിക്കുന്നതാണിത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷ- ജനാധിപത്യ- മതേതര-സ്വതന്ത്ര ചിന്താഗതിക്കാരുടേയും സാംസ്കാരിക പ്രവർത്തകരുടേയും ശബ്ദത്തെ അടിച്ചമർത്താനും ചലനങ്ങളെ ചങ്ങലക്കിടാനുമാണ് നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും പൊലീസ് ശ്രമിക്കുന്നത്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല എന്ന കാര്യം ആർഎസ്എസുകാരെ അറിയിക്കുന്നതായും ബേബി ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു. ആശയസംവാദത്തെ തടസ്സപ്പെടുത്തുന്ന ഈ നടപടിക്കെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.