- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകാശ് അംബേദ്കറിന്റെ പാർട്ടിയുടെ പിന്തുണ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക്
മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കർ നയിക്കുന്ന വഞ്ചിത് ബഹുജൻ അഘാഡിയുടെ (വി.ബി.എ) പിന്തുണ കോൺഗ്രസിന്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിലാണ് പ്രകാശ് അംബേദ്കർ പിന്തുണ അറിയിച്ചത്.
മഹാരാഷ്ട്രയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഏഴ് സീറ്റുകളിലാണ് വഞ്ചിത് ബഹുജൻ അഘാഡി പൂർണ പിന്തുണ പ്രഖ്യാപിച്ചത്. മഹാ വികാസ് അഘാഡി (എം വിഎ) സഖ്യത്തിന്റെ ഭാഗമായി ഏഴ് സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ വേദി പങ്കിട്ടെങ്കിലും മഹാ വികാസ് അഘാഡിയുടെ സീറ്റ് വിഭജന ചർച്ചയിൽ പ്രകാശ് അംബേദ്കർ ഒഴിഞ്ഞുമാറിയിരുന്നു. പ്രകാശിന്റെ തട്ടകമായ അകോല ഉൾപ്പെടെ നാല് സീറ്റുകൾ വി.ബി.എക്ക് നൽകാൻ എം വിഎ സന്നദ്ധത അറിയിച്ചിരുന്നു.
ഞായറാഴ്ച രാഹുൽ ഗാന്ധിക്ക് മുന്നിൽ ശിവജി പാർക്കിൽ നടത്തിയ പ്രസംഗത്തിലും പിടികൊടുത്തിരുന്ന പ്രകാശ് അംബേദ്കർ, ഒറ്റക്കായാലും ഒരുമിച്ചായാലും ബിജെപിക്കെതിരെ പൊരുതേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടിയത്. അതേസമയം, പ്രകാശിന്റെ സഹോദരനും ദലിത് നേതാവുമായ ആനന്ദ്‌രാജ് അംബേദ്കറുമായി എൻ.സി.പി സ്ഥാപകൻ ശരദ് പവാർ ചർച്ച നടത്തുന്നതായി റിപ്പോർട്ടുണ്ട്. ദലിത് വോട്ടുകൾ ചിതറിപ്പോകാതിരിക്കാനുള്ള ആസൂത്രണമാണ് നടക്കുന്നത്.
ദലിതുകൾക്കിടയിൽ ബിജെപിയോട് അകൽച്ച കൂടുന്നതായി പ്രമുഖ ദലിത് എഴുത്തുകാരൻ അർജുൻ ഡാൻഗലെ പറയുന്നു. ബിജെപിയുടെ തുടർ ഭരണം ഭരണഘടനക്ക് ഭീഷണിയാണെന്ന് ദലിതരിൽ തിരിച്ചറിവുള്ളതായാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.