ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തുകയും കോൺഗ്രസ് നിലപാടിനെ എതിർക്കുകയും ചെയ്ത ആചാര്യ പ്രമോദ് കൃഷ്ണയെ പുറത്താക്കിയത് കഴിഞ്ഞ ദിവസമാണ്. ഇപ്പോൾ തന്നെ പുറത്താക്കിയതിൽ പ്രതികരിച്ചു കൊണ്ട് രംഗത്തുവന്നിരിക്കയാണ് പ്രമോദ്. പാർ്ട്ടിക്കതെിരെ വിമർശനവും അദ്ദേഹം ഉന്യിച്ചു.

സച്ചിൻ പൈലറ്റും പ്രിയങ്ക ഗാന്ധിയും കോൺഗ്രസിൽ അവഹേളനം നേരിടുകയാണെന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ആചാര്യ പ്രമോദ് കൃഷ്ണം. ഭഗവാൻ ശിവനെപ്പോലെ സച്ചിൻ വിഷം വിഴുങ്ങിയിരിക്കുകയാണ്. പ്രിയങ്കയെ പ്രത്യേക ചുമതലകൾ ഒന്നുമില്ലാത്ത ജനറൽ സെക്രട്ടറി ആക്കിയിരിക്കുന്നു. അതിൽ അവർക്ക് സന്തോഷമുണ്ടാകാനിടയില്ല. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ റബർ സ്റ്റാംപാണെന്നും പ്രമോദ് പറഞ്ഞു.

"പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാളെ പ്രത്യേക ചുമതലയില്ലാതെ ജനറൽ സെക്രട്ടറിയാക്കിയത്. അതിൽ സന്തുഷ്ടയാണോ എന്ന കാര്യം പ്രിയങ്കയോടു ചോദിക്കേണ്ടതാണ്. എന്തുകൊണ്ടാണ് അവർ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിൽ ചേരാത്തത്? നമ്മുടെ പ്രസിഡന്റ് (മല്ലികാർജുൻ ഖർഗെ) റബർ സ്റ്റാംപ് ആയിരിക്കെ ആരാണ് ഇതെല്ലാം തീരുമാനിക്കുന്നത്?

പതിനാറോ പതിനേഴോ വയസ്സ് പ്രായമുള്ളപ്പോൾ രാജീവ് ഗാന്ധിക്ക് അദ്ദേഹത്തോടൊപ്പം നിന്നുകൊള്ളാമെന്ന് ഞാൻ വാക്കു നൽകിയിരുന്നു. എന്നാലിന്ന്, രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹത്തിന് വാക്കു നൽകുകയാണ്. എന്റെ ഭാഗത്ത് എന്താണ് തെറ്റെന്ന് എല്ലാവരും ചോദിക്കുന്നു. പ്രധാനമന്ത്രിയെ കണ്ടതാണോ അതോ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തതോ" പ്രമോദ് കൃഷ്ണം പറഞ്ഞു.

ബിജെപിയിൽ ചേരുന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ പ്രമോദ് തയാറായില്ല. ദൈവം നയിക്കുന്ന പാതയിൽ താൻ പോകും. പ്രധാനമന്ത്രി രാജ്യത്തിനൊപ്പമായതിനാൽ താൻ അദ്ദേഹത്തോടൊപ്പമാണെന്നും പ്രമോദ് പറഞ്ഞു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ലക്‌നൗവിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച പ്രമോദ് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽനിന്ന് പാർട്ടി വിട്ടുനിന്നെങ്കിലും പ്രമോദ് പങ്കെടുത്തു. പിന്നാലെ മോദിയെ പ്രശംസിക്കുകയും കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു. ഇതോടെ പാർട്ടി അച്ചടക്ക നടപടിയെന്ന നിലയിൽ ആറു വർഷത്തേക്ക് പുറത്താക്കുകയായിരുന്നു.

യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ ഉപദേശക സംഘത്തിലെ അംഗമായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണം. 2014ലും 2019ലും യു.പിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ വിജയിക്കാനായില്ല. ഇത്തവണയും തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു ആചാര്യ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സീറ്റ് ലഭിക്കാതെ വന്നപ്പോഴാണ് ബിജെപിയോട് അടുക്കാൻ ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയടക്കമുള്ള ബിജെപിയുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അതേസമയം, രാമനെയും രാജ്യത്തെയും കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസുമായി അനുരഞ്ജനത്തിന് തയാറല്ലെന്നും ആചാര്യ പ്രതികരിച്ചു.