ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ നിതീഷ് കുമാർ വരെയുള്ളവരുടെ ഒപ്പം പ്രവർത്തിച്ച അനുഭവപരിചയമുണ്ട്, രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്. നിതീഷ് കുമാറിന്റെ മറുകണ്ടം ചാടലിനെ കുറിച്ച് ഇന്ത്യ ടുഡേ ടിവിയുടെ കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദശായിയുമായി സംസാരിക്കവേ, പ്രശാന്ത് ചിലത് പങ്കുവച്ചു. നികേഷിന്റെ ഘർ വാപസിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എത്രമാത്രം പ്രാധാന്യമുണ്ട്? വലിയ യുദ്ധം ജയിക്കാൻ വേണ്ടി ചെറിയ യുദ്ധം തോറ്റുകൊടുക്കുന്ന തന്ത്രം എന്നാണ് പ്രശാന്ത് കിഷോർ വിശേഷിപ്പിക്കുന്നത്.

' പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി നിതീഷ് കുമാർ തുടരുന്നത് വലിയ സംഭവം ആയിരുന്നില്ല. കാര്യങ്ങൾ മാറ്റി മറിക്കാൻ പോന്ന എന്തെങ്കിലും നിതീഷിന് ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നാൽ, ഇന്ത്യ സഖ്യത്തിന്റെ കരുത്തിൽ വിശ്വസിച്ചവരുണ്ട്. അവർ നിതീഷിനെ പുതിയ സഖ്യത്തിന്റെ മുഖ്യഘടകങ്ങളിൽ ഒന്നായി കരുതി. ബിജെപി നിതീഷിനെ തിരിച്ചെടുത്തതോടെ, വലിയ യുദ്ധം ജയിക്കാൻ ചെറിയ യുദ്ധം തോറ്റുകൊടുക്കുന്ന തന്ത്രമാണ് പയറ്റിയത്.

ബിഹാറിൽ സീറ്റ് എണ്ണം കൂട്ടാൻ വേണ്ടിയാണ് നിതീഷിനെ വീണ്ടും ഒപ്പം കൂട്ടിയതെന്ന് കരുതുന്നില്ല പ്രശാന്ത്. ഇന്ത്യ സഖ്യത്തിന്റെ ശിൽപികളിൽ ഒരാളെ അടർത്തി മാറ്റിയതിലൂടെ. പ്രതിപക്ഷത്തിന് ഒരു മാനസിക പ്രഹരം ഏൽപ്പിക്കുകയായിരുന്നു ബിജെപി. ബിജെപി എന്തായാലും മുൻപന്തിയിൽ തന്നെയായിരുന്നു.നിതീഷ് മറുകണ്ടം ചാടിയതോടെ പ്രതിപക്ഷത്തിന് മാനസികാഘാതമായി,' പ്രശാന്ത് കിഷോർ പറഞ്ഞു.

2024 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതിപക്ഷത്തിന് അറിയാമായിരുന്നല്ലോ. 2022 ലോ 2021 ലോ അവർ സഖ്യം രൂപീകരിച്ചിരുന്നെങ്കിൽ, പ്രശ്‌നങ്ങൾ തീർക്കാൻ രണ്ടുവർഷം കിട്ടുമായിരുന്നു, പ്രശാന്ത് കിഷോർ പറഞ്ഞു. ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് പറയുന്നത് തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം തൂത്തുവാരുമെന്നാണ്. ജെ ഡി യു അദ്ധ്യക്ഷനെയും പ്രശാന്ത് വിമർശിച്ചു. നിതീഷ് കുമാർ തന്റെ ജീവിതത്തിലെ അവസാനത്തെ ഇന്നിങ്‌സ് കളിക്കുകയാണ്. ജനങ്ങൾ നിതീഷിനെ തള്ളിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് കസേര സംരക്ഷിക്കാൻ അദ്ദേഹം എന്തു ചെയ്യുന്നത്, പ്രശാന്ത് പറഞ്ഞു.

അതേസമയം ബിജെപിക്കൊപ്പം ചേർന്ന മുഖ്യമന്ത്രി നിതീഷ് കുമാറിനെ ബിഹാറിന് ആവശ്യമില്ലെന്നും സംസ്ഥാനത്ത് സാമൂഹിക നീതി ഉറപ്പാക്കുകയെന്നത് 'ഇന്ത്യ' സഖ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ ഗാന്ധി. 'ഇന്ത്യ' മുന്നണി ജാതി സർവേയ്ക്ക് ഒപ്പം നിൽക്കുന്നതിനാലാണു നിതീഷ് മറുകണ്ടം ചാടിയതെന്നും അൽപം സമ്മർദമുണ്ടായപ്പോൾ അദ്ദേഹം ബിജെപി പാളയത്തിലെത്തിയെന്നും രാഹുൽ പറഞ്ഞു. ബിഹാറിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.