ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പു സജീവമായിരിക്കവേ കോൺഗ്രസിന് ഇക്കുറി കാര്യമായ പ്രതീക്ഷകളില്ല. ഇന്ത്യാ മുന്നണി എത്രത്തോളം നേട്ടമുണ്ടാക്കും എന്നാണ് അറിയേണ്ട കാര്യം. അമേഠിയിൽ മത്സരിക്കാതെ മാറി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ നടപടിയിൽ വിമർശനം ശക്തമാണ് താനും. ഇതിനിടെ രാഹുൽ ഗാന്ധിക്ക് ഉപദേശവുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രംഗത്തെത്തി.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ പിന്മാറുന്ന കാര്യത്തെകുറിച്ച് രാഹുൽ ഗാന്ധി ആലോചിക്കണമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി കോൺഗ്രസിനെ ശരിയായി നയിക്കാൻ കഴിയാഞ്ഞിട്ടും, അതിൽ നിന്ന് മാറി നിൽക്കാനോ മറ്റാരെയെങ്കിലും ചുമതലപ്പെടുത്താനോ അദ്ദേഹം ശ്രമിച്ചിട്ടില്ല. ഇത് ജനാധിപത്യപരമല്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഖാർഗെയാണ് പാർട്ടി അധ്യക്ഷനെങ്കിലും ഇപ്പോഴും പാർട്ടിയിലെ നിർണായക തീരുമാനങ്ങൾ എടുക്കുന്നത് രാഹുൽ ഗാന്ധിയാണ്. ഇക്കാര്യം കൂടി മനസ്സിൽ കണ്ടാണ പ്രശാന്ത് കിഷോറിന്റെ വാക്കുകൾ.

'ഒരു ഉപകാരവും നേട്ടവുമില്ലാത്തകാര്യം കഴിഞ്ഞ 10 വർഷമായി ചെയ്യുകയാണെങ്കിൽ അതിൽ നിന്ന് പിന്മാറണം. അടുത്ത അഞ്ചു വർഷത്തേക്കെങ്കിലും മറ്റാരെയെങ്കിലും അതിന് അനുവദിക്കണം. നിങ്ങളുടെ അമ്മ സോണിയാ ഗാന്ധി അത് ചെയ്തിട്ടുണ്ട്.' പ്രശാന്ത് കിഷോർ പറഞ്ഞു.

'തനിക്ക് എല്ലാം അറിയാമെന്നാണ് രാഹുൽ ഗാന്ധിക്ക്. സഹായത്തിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിയുന്നില്ലെങ്കിൽ ആർക്കും അദ്ദേഹത്തെ സഹായിക്കാൻ കഴിയില്ല. തനിക്ക് ശരിയെന്ന് തോന്നുന്നത് നടപ്പിലാക്കാൻ കഴിയുന്ന ഒരാളെയാണ് തനിക്കാവശ്യമെന്നാണ് രാഹുൽ വിശ്വസിക്കുന്നത്. അത് സാധ്യമല്ല' പ്രശാന്ത് പറഞ്ഞു.

2019 ലെ ലോക്സഭാ പരാജയത്തിനു പിന്നാലെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവക്കാൻ തീരുമാനിച്ച രാഹുൽ തനിക്ക് പകരം മാറ്റാരെയെങ്കിലും ഈ പണി ഏൽപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പറഞ്ഞതിന് വിപരീതമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പല കോൺഗ്രസ് നേതാക്കളും പാർട്ടിയിൽ തങ്ങൾക്ക് തീരുമാനങ്ങളെടുക്കാനാവുന്നില്ലെന്ന് സ്വകാര്യമായി സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി എന്നതിലുപരി രാജ്യത്ത് കോൺഗ്രസ് പ്രതിനിധീകരിക്കുന്ന ഇടം വലുതാണ്. നേരത്തേയും കോൺഗ്രസ് പാർട്ടി തളരുകയും വളരുകയും ചെയ്തിട്ടുണ്ട്" പ്രശാന്ത് വ്യക്തമാക്കി.

അതേസമയം ഭരണകക്ഷിയായ ബിജെപിയെ തടയാൻ അവസരം ലഭിച്ചിട്ടും പ്രതിപക്ഷം അത് നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി. ക്രിക്കറ്റ് മത്സരത്തിൽ ഫീൽഡർ ക്യാച്ച് ഉപേക്ഷിക്കുന്നതിനോടും കളിക്കാരൻ സെഞ്ച്വറി നേടുന്നതിനോടും ഉപമിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

"നിങ്ങൾ ക്യാച്ചുകൾ ഉപേക്ഷിക്കുന്നത് തുടരുകയാണെങ്കിൽ, ബാറ്റർ സെഞ്ച്വറി നേടും, പ്രത്യേകിച്ചും അവൻ ഒരു മികച്ച ബാറ്ററാണെങ്കിൽ," പ്രശാന്ത് കിഷോർ പറഞ്ഞു. ബിജെപി പിന്നോക്കാവസ്ഥയിലായപ്പോഴെല്ലാം ആ അവസരം മുതലെടുക്കുന്നതിൽ പ്രതിപക്ഷം, പ്രത്യേകിച്ച് കോൺഗ്രസ് പരാജയപ്പെട്ടു. അസമിലൊഴികെ മറ്റ് അസംബ്ലി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ 2015-16 തെരഞ്ഞെടുപ്പിൽ തരിശായ നിലം പോലെയായിരുന്നു ബിജെപി. പ്രതിപക്ഷം തന്നെയാണ് അന്ന് ബിജെപിക്ക് തിരിച്ചുവരവിനുള്ള അവസരം നൽകിയത്.

ഇക്കുറി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പരാജയ ഭീതിയുണ്ടായേക്കാം. പക്ഷേ അത് സാധ്യമാകണമെങ്കിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളിൽ നൂറ് സീറ്റെങ്കിലും കുറയുമെന്ന് ഇന്ത്യ സഖ്യത്തിന് ഉറപ്പാക്കാൻ സാധിക്കണം. എന്നാൽ അത് നടക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017 മാർച്ചിൽ നോട്ട് നിരോധനത്തിന് നാല് മാസം ശേഷം നടന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയെങ്കിലും ഡിസംബറിൽ ഗുജറാത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് ബിജെപി ജയിച്ചത്. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ 2018 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഛത്തീസ് ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ബിജെപിയെ തോൽപിച്ച് അധികാരത്തിലെത്തി.

2020 കോവിഡ് കാലത്ത് നടന്ന തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി തൃണമൂൽ കോൺഗ്രസിനോട് പരാജയപ്പെട്ടു. പ്രതിപക്ഷ നേതാക്കൾ അപ്പോൾ വീട്ടിലിരുന്ന് മോദിക്ക് തിരിച്ചുവരവിനുള്ള അവസരമൊരുക്കിയെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞതുപോലെ 970 സീറ്റ് പാർട്ടി നേടില്ല മറിച്ച് 300 സീറ്റ് നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.