ന്യൂഡൽഹി: മധ്യപ്രദേശിലും, ഛത്തീസ്ഡിലും ആരുജയിക്കും? രാജസ്ഥാനിൽ ബിജെപിക്ക് മുൻതൂക്കമോ? തെലങ്കാനയിൽ ബിആർഎസിന് കോൺഗ്രസ് ശക്തമായ വെല്ലുവിളി ഉയർത്തുന്നോ?

മധ്യപ്രദേശ്

മധ്യപ്രദേശിൽ, പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ രണ്ടാഴ്ചയിൽ താഴെ സമയം മാത്രമുള്ളപ്പോൾ എൻഡി ടിവി -സിഎസ്ഡിഎസ് ലോക്‌നീതി പ്രീപോൾ സർവേ ഫലം പറയുന്നത് നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോൺഗ്രസിന്റെ കമൽനാഥിനേക്കാൾ മുൻതൂക്കമുണ്ടെന്നാണ്. എന്നാൽ, ഇരുവരും തമ്മിലെ മാർജിൻ വെറും നാലുശതമാനം മാത്രമാണ്. അതുകൊണ്ട് ബിജെപിക്ക് ആശ്വസിക്കാൻ വകയില്ല.

അതേസമയം, അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് മനോരമ ന്യൂസ് വി എംആറുമായി ചേർന്നു നടത്തിയ പ്രീപോൾ സർവേ പ്രവചിക്കുന്നത്. മധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണം പിടിക്കുമെന്നാണ് പ്രവചനം. 230 അംഗനിയമസഭയിൽ 120 മുതൽ 130 വരെ സീറ്റുകളാണ് കോൺഗ്രസിനു പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 114 സീറ്റായിരുന്നു കോൺഗ്രസ് നേടിയത്. ബിജെപി ഇത്തവണ 95 മുതൽ 105 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 109 സീറ്റാണ് ബിജെപിക്കു ലഭിച്ചത്. മറ്റുള്ളവർ ഇത്തവണ മൂന്നു മുതൽ ഏഴു വരെ സീറ്റ് നേടുമെന്നും സർവേ പറയുന്നു. കഴിഞ്ഞ തവണത്തെ പോലെ മറുകണ്ടംചാടലിന് വഴിയൊരുക്കാതെ ഇത്തവണ കോൺഗ്രസ് കേവലഭൂരിപക്ഷം നേടുമെന്നാണ് സർവേ ഫലം.

ഛത്തീസ്‌ഗഡ്

ഛത്തീസ്‌ഗഡിൽ ഭൂപഷ് ബാഗേൽ മുഖ്യമന്ത്രിയായി തുടരണമെന്നാണ് 39 ശതമാനം പേർ ആഗ്രഹിക്കുന്നതെന്ന് എൻഡി ടിവി -സിഎസ്ഡിഎസ് ലോക്‌നീതി പ്രീപോൾ പറയുന്നു. രമൺ സിങ്ങിന് 24 ശതമാനം മാത്രം. ബാഗേലിന്റെ പ്രകടനത്തിൽ ഏറെക്കുറെ തൃപ്തിയുണ്ടെന്ന് 45 ശതമാനം പേർ പ്രതികരിച്ചു. 34 ശതമാനം പേർ പൂർണ തൃപ്തരാണ്.

അതേസമയം, ഛത്തിസ്ഗഡിൽ കോൺഗ്രസിനു ഭരണത്തുടർച്ച ലഭിക്കുമെന്നാണ് മനോരമ ന്യൂസ് വി എംആർ സർവേ ഫലം പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച 68 സീറ്റ് എന്ന നിലയിൽനിന്ന് ഇത്തവണ 53 മുതൽ 58 വരെ സീറ്റിലേക്കു ജയ സാധ്യത ചുരുങ്ങുമെന്നും സർവേഫലം പറയുന്നു. അതേസമയം ബിജെപി നില മെച്ചപ്പെടുത്തും. ഇത്തവണ 28 മുതൽ 34 വരെ സീറ്റുകളാണ് ബിജെപിക്കു സാധ്യത പറയുന്നത്. 2018 ൽ 15 സീറ്റായിരുന്നു ബിജെപി നേടിയത്. മറ്റുള്ളവർ ഇത്തവണ 7 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. 90 സീറ്റുകളുള്ള ഛത്തിസ്ഗഡ് നിയമസഭയിൽ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.

തെലങ്കാന

എബിപി ന്യൂസ്-സീ വോട്ടർ സർവേ പ്രകാരം, തെലങ്കാനയിൽ, കോൺഗ്രസ് ബി ആർ എസിന് എതിരെ കടുത്ത മത്സരം കാഴ്ച വയ്ക്കുന്നു. സംസ്ഥാനത്ത് വോട്ടിലും സീറ്റിലും കോൺഗ്രസ് നേട്ടമുണ്ടാക്കും.

തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റമാണ് മനോരമ ന്യൂസ് വി എംആർ സർവേ ഫലംപ്രീപോൾ സർവേ പ്രവചിക്കുന്നത്. 119 സീറ്റുകളുള്ള തെലങ്കാന നിയമസഭയിൽ 52 മുതൽ 58 വരെ സീറ്റുകൾ പാർട്ടി നേടുമെന്നാണ് സർവേ ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 19 സീറ്റ് എന്ന നിലയിൽനിന്ന് കോൺഗ്രസിനു മുന്നേറ്റമുണ്ടാകുമെന്നും വോട്ടുവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നും സർവേ പറയുന്നു. ഭരണകക്ഷിയായ ബിആർഎസിന് തകർച്ച പ്രവചിക്കുന്ന സർവേ, പാർട്ടി ഇത്തവണ 47 മുതൽ 52 വരെ സീറ്റു മാത്രമാണ് നേടുകയെന്നും പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 88 സീറ്റ് നേടിയാണ് ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് അധികാരം നിലനിർത്തിയത്.ഇത്തവണ ബിജെപി നില മെച്ചപ്പെടുത്തുമെന്നും 6 മുതൽ 8 വരെ സീറ്റിൽ വിജയിക്കുമെന്നുമാണ് പ്രവചനം.

രാജസ്ഥാൻ

ജനപ്രീതിയുടെ കാര്യത്തിൽ മോദി അശോക് ഗെലോട്ടിനേക്കാൾ അഞ്ചുശതമാനം മുന്നിൽ നിൽക്കുന്നു. എന്നാൽ, 24 ശതമാനം വോട്ടർമാർ മാത്രമേ കോൺഗ്രസ് സർക്കാരിൽ അതൃപ്തി പ്രകടിപ്പിക്കുന്നുള്ളുവെന്ന് എൻഡി ടിവി -സിഎസ്ഡിഎസ് ലോക്‌നീതി പ്രീപോൾ സർവേ ഫലം

അതേസമയം, രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്തി ബിജെപി ഭരണം പിടിക്കുമെന്ന് മനോരമ ന്യൂസ് വി എംആർ സർവേ ഫലംപ്രീപോൾഫലം പറയുന്നു. 200 അംഗ നിയമസഭയിൽ 110 മുതൽ 118 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് സർവേ പറയുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് 67 മുതൽ 75 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. 2018 ൽ 100 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 73 സീറ്റ് മാത്രമായിരുന്നു അന്ന് നേടാനായത്. ഇത്തവണ മറ്റുള്ളവർ 10 മുതൽ 21 വരെ സീറ്റു നേടുമെന്നും സർവേ പറയുന്നു. 2018 ൽ 27 സീറ്റാണ് മറ്റുള്ളവർ നേടിയത്.

മിസോറാം

മിസോറമിൽ ഇത്തവണ ആർക്കും കേവലഭൂരിഭക്ഷമുണ്ടാവില്ലെന്നാണ് മനോരമ ന്യൂസ് വി എംആർ സർവേഫലം. കോൺഗ്രസിനു സീറ്റുനിലയിൽ നേരിയ മുൻതൂക്കവും പ്രവചിക്കപ്പെടുന്നു. 12 മുതൽ 16 വരെ സീറ്റുകൾ പാർട്ടി നേടാമെന്നാണ് ഫലം. കഴിഞ്ഞ തവണ നാലു സീറ്റാണ് കോൺഗ്രസിനുണ്ടായിരുന്നത്. എൻഡിഎയുമായി ചേർന്നു ഭരിക്കുന്ന ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് തകർച്ച നേരിടുമെന്നും 11 മുതൽ 15 വരെ സീറ്റുകളാണ് ലഭിക്കുകയെന്നും സർവേഫലം പറയുന്നു