- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി; ഉയർന്ന ജിഡിപി നിരക്ക് കൈവരിച്ചതിൽ കർഷകരോട് നാം കടപെട്ടിരിക്കുന്നു; ആഗോളതലത്തിൽ വിലക്കയറ്റം ആശങ്കാജനകമെങ്കിലും ഭാരത സർക്കാരും ആർബിഐയും വിലക്കയറ്റം നിയന്ത്രിച്ചുനിർത്തി; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ന്യൂഡൽഹി: വലിയ വെല്ലുവിളികൾ നേരിട്ടെങ്കിലും, ഇന്ത്യ മികച്ച ജിഡിപി വളർച്ച കൈവരിച്ചതിനെ പ്രശംസിച്ച് രാഷ്ട്രപതി. 77 ാമത് സ്വാതന്ത്ര്യദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ദ്രൗപതി മുർമു. കഴിഞ്ഞ പതിറ്റാണ്ടിനിടെ, ധാരാളം പേർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. ആഗോളതലത്തിൽ പണപ്പെരുപ്പം ആശങ്കാജനകമായ നിലയിലാണ്. എന്നാൽ, ഇന്ത്യയിൽ, കേന്ദ്രസർക്കാരിനും, ആർബിഐക്കും അതിനെ നിയന്ത്രിക്കാൻ കഴിഞ്ഞു. ദരിദ്രർക്ക് കൂടുതൽ സുരക്ഷ നൽകി കൊണ്ട് ഉയർന്ന വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിൽ സർക്കാർ വിജയിച്ചു. ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ഇന്ത്യയെയാണ് ലോകം ഉറ്റുനോക്കുന്നത്, രാഷ്ട്രപതി പറഞ്ഞു.
വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയതോടെയാണ് ഇന്ത്യ ഉയർന്ന ജിഡിപി നിരക്ക് രേഖപ്പെടുത്തിയത്. കർഷകർ നമ്മുടെ സാമ്പത്തിക വളർച്ചയിൽ ഗണ്യമായ സംഭവാന നൽകിയിട്ടുണ്ട്. അവരോട് നാം കടപ്പെട്ടിരിക്കുന്നു.
ഗോത്രവർഗ്ഗക്കാരുടെ ക്ഷേമത്തിനും, പുരോഗതിക്കുമായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. തങ്ങളുടെ പാരമ്പര്യത്തെ ധന്യമാക്കുന്നതിനൊപ്പം ഗോത്രജനതയിൽ പെട്ട സഹോദരീസഹോദരന്മാർ ആധുനികത സ്വീകരിക്കണമെന്നും രാഷ്ട്രപതി അഭ്യർത്ഥിച്ചു.
ജാതിക്കും വംശത്തിനും ഭാഷയ്ക്കും മേഖലയ്ക്കുമപ്പുറം നമുക്ക് കുടുംബം, തൊഴിൽ മേഖല എന്നിവയിലും ഒരു വ്യക്തിത്വമുണ്ട്. എന്നാൽ ഇവയെ എല്ലാത്തിനെക്കാളും മുകളിൽനിൽക്കുന്ന വ്യക്തിത്വമാണ് ഇന്ത്യൻ പൗരൻ എന്നത്. സരോജിനി നായിഡു, അമ്മു സ്വാമിനാഥൻ, രമാദേവി, അരുണ ആസിഫ് അലി, സുചേത കൃപലാനി തുടങ്ങിയ വനിതാ രത്‌നങ്ങൾ രാജ്യത്തെ ഏതു തലമുറയ്ക്കും ആവേശം നൽകുന്നവരാണ്. രാജ്യത്തിനും സമൂഹത്തിനും ആത്മവിശ്വാസം നൽകുന്നവരുമാണ്. വികസനത്തിന്റെയും സേവനത്തിന്റെയും അടക്കം വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനയുണ്ട്. കുറച്ച് ദശകങ്ങൾക്കുമുൻപ് അങ്ങനൊരു കാര്യം ചിന്തിക്കാൻകൂടി കഴിയില്ലായിരുന്നു.ഇന്ത്യയുടെ ആഗോള മുൻഗണനകൾ ശരിയായ ദിശയിൽ അവതരിപ്പിക്കാൻ കിട്ടുന്ന അവസരമാണ് ജി20 ഉച്ചകോടി.
ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങൾ കൈവരിച്ച ഐഎസ്ആർഒയെ രാഷ്ട്രപതി അഭിനന്ദിച്ചു. ചന്ദ്രയാൻ-3 ഏതാനും ദിവസങ്ങൾക്കകം ചന്ദ്രനിൽ കാൽ കുത്തും. അതുനമുക്കേവർക്കും അഭിമാന നിമിഷമായിരിക്കും. എന്നാൽ, ചാന്ദ്രദൗത്യം ഭാവി ബഹിരാകാശ പരിപാടികൾക്കുള്ള ചുവട് വയ്പ് മാത്രമാണെന്നും, ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ടെന്നും ദ്രൗപതി മുർമു പറഞ്ഞു.


