ഗ്വാളിയോർ: കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ മുൻ സഹപ്രവർത്തകൻ കൂടിയായ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു പ്രചരണ വേദിയിലാണ് പ്രിയങ്ക സിന്ധ്യയെ കടന്നാക്രമിച്ചു രംഗത്തുവന്നത്. ദാത്തിയ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവേയാണ് ജ്യോതിരാദിത്യയെ 'ഒറ്റുകാരൻ' എന്നുവിളിച്ച് പ്രിയങ്ക രൂക്ഷവിമർശനം നടത്തിയത്.

'ബിജെപി നേതാക്കളെല്ലാം അൽപം വിചിത്രരാണ്. നിങ്ങൾ സിന്ധ്യാ ജിയെ അറിയില്ലേ, അദ്ദേഹത്തോടൊപ്പം ഞാൻ യു.പിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിൽ അങ്ങനെയല്ല. അദ്ദേഹത്തിന്റെ അടുത്ത് പോകുന്ന ഏതൊരു പാർട്ടി പ്രവർത്തകനോടും 'മഹാരാജ്' എന്ന് വിളിക്കണമെന്ന് പറയും. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ അങ്ങനെ ചെയ്യണമായിരുന്നുവെന്നാണ് പ്രവർത്തകരുടെ പരാതി.

'സിന്ധ്യ തന്റെ കുടുംബത്തിന്റെ പാരമ്പര്യം നന്നായി പിന്തുടർന്നു. ഗ്വാളിയോറിലെയും ചമ്പൽ മേഖലയിലെയും ജനങ്ങളുടെ വിശ്വാസത്തെ അദ്ദേഹം വഞ്ചിച്ചു. നിങ്ങൾ വോട്ടുചെയ്ത് തെരഞ്ഞെടുത്ത നിങ്ങളുടെ സർക്കാറിനെ അയാൾ അട്ടിമറിച്ചു' - പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെയാണ് പ്രിയങ്ക ദാത്തിയയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവും പരിഹാസവും കലർത്തിയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. നരേന്ദ്ര മോദി താൻ വേട്ടയാടുന്നുവെന്ന് വിലപിക്കുന്നത് 'തേരേ നാം' എന്ന ചിത്രത്തിലെ സൽമാൻ ഖാന്റെ കരച്ചിൽ പോലെയാണെന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു.

'സൽമാൻ ഖാന്റെ 'തേരേ നാം' എന്ന സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ ആ സിനിമയിൽ സൽമാൻ ഖാൻ തുടക്കം മുതൽ അവസാനം വരെ കരയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ഒരു സിനിമ നിർമ്മിക്കാനും അതിന് 'മേരെ നാം' എന്ന് പേരിടാനും ഞാൻ നിർദേശിക്കുന്നു. -പ്രിയങ്ക ഗാന്ധി പറഞ്ഞു. 'മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മികച്ച 'അഭിനേതാവാ'ണ്. അക്കാര്യത്തിൽ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ചൗഹാൻ നിഷ്പ്രഭനാക്കും. എന്നാൽ, പ്രവർത്തിയെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ ഒരു കൊമേഡിയനെപ്പോലെയാണ് അദ്ദേഹം പെരുമാറുക.

ആളുകളെ തിരിച്ചറിയാൻ മോദിക്ക് നല്ല കഴിവരുണ്ടെന്ന് ഞാൻ പറയും. ലോകത്തുടനീളമുള്ള ഒറ്റുകാരെയും ഭീരുക്കളെയുമൊക്കെ കണ്ടെത്തി തന്റെ പാർട്ടിയിൽ ചേർക്കുകയാണ് മോദി. തങ്ങളുടെ പാർട്ടിക്കുവേണ്ടി പണ്ട് കഠിനാധ്വാനം ചെയ്ത പഴയ ആർ.എസ്.എസ്-ബിജെപി പ്രവർത്തകരോട് തനിക്ക് സഹതാപമാണുള്ളതെന്നും പ്രിയങ്ക പരിഹസിച്ചു.