റായ്ബറേലി: ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. ഉവൈസി ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പ്രിയങ്ക ഉവൈസിയെ വിമർശിച്ചത്.

'ഇക്കാര്യം ഞാൻ നിങ്ങളോട് പലപ്പോഴായി പറഞ്ഞതാണ്. അസദുദ്ദീൻ ഉവൈസി ബിജെപിയുമായി നേരിട്ട് ചേർന്ന് പ്രവർത്തിക്കുകയാണ്. എവിടെയെങ്കിലും ബിജെപിക്ക് മറ്റു പാർട്ടികൾക്ക് ദോഷകരമാകുന്ന രീതിയിൽ ആരെയെങ്കിലും രംഗത്തിറക്കണമെന്നുണ്ടെങ്കിൽ അവിടെയൊക്കെ ഉവൈസിയെത്തി അത് നിർവഹിച്ചുകൊടുക്കുകയാണ്. തെലങ്കാന തെരഞ്ഞെടുപ്പിൽ അത് വളരെ വ്യക്തമായിരുന്നു.' -പ്രിയങ്ക വ്യക്തമാക്കി.

റായ്ബറേലിയിൽ സഹോദരൻ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം റോഡ് ഷോയിൽ പ്രിയങ്ക പങ്കെടുത്തു. റാലിക്കിടെ കാറിനുമുകളിൽ കയറിനിന്ന് മൈക്കില്ലാതെ വൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യുന്ന പ്രിയങ്കയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സന്ധ്യയിലെ ഇരുട്ടിൽ മൊബൈൽ ഫോൺ ടോർച്ചുകളുടെ പ്രഭയിലായിരുന്നു പ്രിയങ്കയുടെ സംസാരം.

'ബിജെപി മതം, ജാതി, അമ്പലം-പള്ളി തുടങ്ങിയവയെക്കുറിച്ചാണ് സംസാരിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന യഥാർഥ വിഷയങ്ങളെക്കുറിച്ച് അവർ ഒന്നും മിണ്ടുന്നില്ല. റായ്ബറേലിയിലെ ജനങ്ങളും കോൺഗ്രസുമായുള്ള ബന്ധത്തിന് 100 വർഷത്തിലേറെ പഴക്കമുണ്ട്. അതൊരു പുതുയുഗത്തിൽ പ്രവേശിക്കുകയാണിപ്പോൾ. ഒരിക്കൽകൂടി ആ നേതൃത്വത്തിന് ഒരുങ്ങിയിരിക്കുകയാണ് റായ്ബറേലി മണ്ഡലമെന്നും പ്രിയങ്ക പറഞ്ഞു.