ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, കോൺഗ്രസിനെ നിശ്ശബ്ദമാക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് എതിരെയുള്ള ഇഡിയുടെ കുറ്റപത്രത്തിൽ, പ്രിയങ്ക ഗാന്ധിയുടെ പേരും ഇതാദ്യമായി ഇടം പിടിച്ചു. എന്നാൽ, പ്രിയങ്ക കേസിലെ പ്രതിയല്ല. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയും കൂട്ടാളിയായ സി.സി. തമ്പിയും ചേർന്ന് ഡൽഹിക്കടുത്ത് ഫരീദാബാദിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും പരസ്പരം പണമിടപാടുകൾ നടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വ്യക്തമാക്കുന്നു.

ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുടെ പേരിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂട്ടുപ്രതികളായ തമ്പിക്കും സുമിത് ഛദ്ദയ്ക്കുമെതിരേ ഇ.ഡി. കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് വാദ്രയുടെ ഇടപാടുകളെക്കുറിച്ചും വിശദീകരിക്കുന്നത്. സെൻട്രൽ ലണ്ടനിൽ ഭണ്ഡാരിയുമായി ബന്ധമുള്ള ഫ്ളാറ്റ് വാദ്രയ്ക്ക് ലഭിച്ചിരുന്നതായി ഇ.ഡി. പറയുന്നു. ഛദ്ദ വഴി ഇത് നവീകരിച്ച് വാദ്രയും തമ്പിയും അതിൽ താമസിച്ചിരുന്നു. ഇരുവരും ചേർന്ന് ഫരീദാബാദിൽ വൻതോതിൽ ഭൂമി വാങ്ങുകയും പണമിടപാടുകൾ നടത്തുകയും ചെയ്തുവെന്നും അധിക കുറ്റപത്രത്തിലുണ്ട്.

2016ൽ രാജ്യംവിട്ട് യു.കെ.യിലെത്തിയ ഭണ്ഡാരിയെ വിട്ടുകിട്ടാൻ ഇന്ത്യ നിയമനടപടി സ്വീകരിച്ചുവരുകയാണ്. ഭണ്ഡാരിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി 2020 ജനുവരിയിലാണ് യു.എ.ഇ.യിലെ പ്രവാസിവ്യവസായിയും മലയാളിയുമായ തമ്പിയെ ഇ.ഡി. അറസ്റ്റുചെയ്തത്. യു.പി.എ. ഭരണകാലത്ത് ഒപ്പുവെച്ച പ്രതിരോധക്കരാറുകൾ വഴി ലഭിച്ച കൈക്കൂലിപ്പണം കൊണ്ട് ലണ്ടനിലും യു.എ.ഇ.യിലും തമ്പി ആസ്തികൾ വാങ്ങിക്കൂട്ടിയെന്നാണ് ഇ.ഡി. പറയുന്നത്. സോണിയാഗാന്ധിയുടെ പി.എ. ആയിരുന്ന പി.പി. മാധവനാണ് തന്നെ വാദ്രയ്ക്ക് പരിചയപ്പെടുത്തിയതെന്നാണ് തമ്പി ചോദ്യംചെയ്യലിൽ പറഞ്ഞത്.

സഞ്ജയ് ഭണ്ഡാരിയുടെ പേരിൽ ലണ്ടനിൽ വാങ്ങിയ 17 കോടി രൂപയുടെ വസ്തു 2010-ൽ വിറ്റിരുന്നു. ഈ വസ്തു യഥാർഥത്തിൽ ഭണ്ഡാരിയുടേതല്ലെന്നും വാദ്രയാണ് അതിന്റെ ഉടമയെന്നുമാണ് ആദ്യ കുറ്റപത്രത്തിൽ ഇ.ഡി. പറഞ്ഞത്. ഇതുകൂടാതെ ലണ്ടനിൽ രണ്ടുവീടുകളും ആറു ഫ്ളാറ്റുകളും വാദ്രയ്ക്കുണ്ടെന്നും ഇ.ഡി. പറയുന്നു.

ക്രേസുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയെ ഇഡി ചോദ്യം ചെയ്‌തേക്കും. റോബർട്ട് വധേരയ്ക്കു പിന്നാലെ പ്രിയങ്ക ഗാന്ധിയെ കൂടി കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ പരിധിയിലേക്ക് കൊണ്ടുവരികയാണ് ഇഡി. ഭണ്ഡാരിയുടെ പണം റോബർട്ട് വധേരയും പ്രിയങ്കയും ഉപയോഗിച്ചു എന്ന് കുറ്റപത്രം പറയുന്നു. ലണ്ടനിൽ ഭണ്ഡാരി വാങ്ങിയ ഫ്‌ളാറ്റ് നവീകരിച്ച് ഉപയോഗിക്കുന്നത് വധേരയാണ്. ഭണ്ഡാരി ആയുധ ഇടപാട് വഴി നേടിയ കമ്മീഷൻ സി സി തമ്പി വഴി വധേരയ്ക്കും പ്രിയങ്കയ്ക്കും കിട്ടിയെന്നാണ് ഇഡിയുടെ ആരോപണം. ഹരിയാനയിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങിയ ശേഷം ഇത് വൻ തുകയ്ക്ക് തമ്പിക്ക് മറിച്ചു വിറ്റു. റോബർട്ട് വധേരയും പ്രിയങ്കയും ഭൂമി ഇടപാടിലൂടെ പണം കൈപ്പറ്റിയെന്നും ഇഡി പറയുന്നു.

പ്രിയങ്ക പ്രതിയല്ലെന്നും അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയ വിവരങ്ങൾ കോടതിയെ അറിയിച്ചതാണെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കി. കേസിൽ റോബർട്ട് വധേരയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പ്രിയങ്കയെയും ചോദ്യംചെയ്യാനാണ് സാധ്യത. ഇതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുള്ള നീക്കങ്ങളെന്ന് കോൺഗ്രസ് പ്രതികരിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പ്രതി ചേർത്തിരുന്നു. പ്രിയങ്കയെ കള്ളപ്പണം വെളുപ്പിക്കലിൽ പ്രതിയാക്കാനാണ് നിലവിൽ ഈ കേസ് ഇഡി സജീവമാക്കുന്നതെന്ന് കോൺഗ്രസ് സംശയിക്കുന്നു. ആരോപണത്തോട് പ്രിയങ്ക പ്രതികരിച്ചിട്ടില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം പ്രതിപക്ഷ നേതാക്കളെ അടിച്ചമർത്തുകയാണെന്നാണ് കോൺഗ്രിന്റെ മുതിർന്ന നേതാക്കളുടെ പ്രതികരണം.

കഴിഞ്ഞാഴ്ച സംഘടനാതലത്തിൽ നടന്ന അഴിച്ചുപണിയിൽ പ്രിയങ്കയെ യുപിയുടെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണെങ്കിലും മറ്റുചുമതലകളില്ല. അതുകൊണ്ട് തന്നെ പ്രിയങ്ക ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ഉയർന്നു. യുപിയിലെ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ സാധ്യതയുള്ള പ്രമുഖരുടെ പട്ടികയിൽ പ്രിയങ്കയും ഉണ്ട്. നിതീഷ് കുമാറും, കെജ്രിവാളുമാണ് പട്ടികയിലെ മറ്റുരണ്ടുപേർ