കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ബിജെപിയുടെ പ്രതിഷേധം. സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാർ കാർ അഗ്‌നിക്കിരയാക്കി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി എംപി ലോക്കറ്റ് ചാറ്റർജി, രാഹുൽ സിൻഹ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സെക്രട്ടേറിയറ്റിലേക്ക് ബിജെപി നടത്തിയ മാർച്ച് ഹൂഗ്ലി നദിയുടെ രണ്ടാം പാലത്തിന് സമീപം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാർ വാക്കേറ്റത്തിലും സംഘർഷത്തിലുമെത്തിയതോടെയാണ് പൊലീസ് കണ്ണീർ വാതകം ഉൾപ്പെടെ ഉപയോഗിച്ചത്. റാണിഗഞ്ചിൽ ബിജെപി പ്രവർത്തകരെ കരുതൽ തടങ്കലിലെടുത്തിട്ടുണ്ട്.

ബംഗാളിനെ ഉത്തരകൊറിയയാക്കി മാറ്റാനാണ് മമത ശ്രമിക്കുന്നതെന്നും ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന അവർ പൊലീസിനെ ഉപയോഗിച്ച് ഏകാധിപതിയായി പെരുമാറുകയാണെന്നും സുവേന്ദു അധികാരി ആരോപിച്ചു. ''മുഖ്യമന്ത്രി മമത ബാനർജിക്ക് ജനങ്ങളുടെ പിന്തുണയില്ല. അതിനാൽ അവർ ബംഗാളിൽ ഉത്തര കൊറിയയിലെപ്പോലെ ഏകാധിപത്യം നടപ്പാക്കുകയാണ്. പൊലീസിന്റെ ഇപ്പോഴത്തെ നടപടികൾക്ക് വലിയ വില നൽകേണ്ടി വരും.''അധികാരി പറഞ്ഞു.

ബിജെപി ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷിന്റെ നേതൃത്വത്തിൽ മറ്റൊരു മാർച്ചും പാർട്ടി സംഘടിപ്പിച്ചു. ജനപ്രക്ഷോഭത്തെ തൃണമൂൽ സർക്കാരിന് ഭയമാണെന്നും മാർച്ച് തടയാനാകില്ലെന്നും അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും ഘോഷ് പറഞ്ഞു. സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കുന്നതിനായി പാർട്ടി പ്രവർത്തകരെ എത്തിക്കുന്നതിനായി ഏഴ് ട്രെയിനുകളാണ് ബിജെപി ഒരുക്കിയത്. കൊൽക്കത്ത നഗരത്തിലേക്ക് ബിജെപി പ്രവർത്തകരുമായി എത്തിയ ബസുകൾ പൊലീസ് തടഞ്ഞിരുന്നു.

നഗരത്തിന്റെ മൂന്ന് ഭാഗങ്ങളിൽ നിന്നാണ് സെക്രട്ടേറിയറ്റ് ലക്ഷ്യമാക്കി ബിജെപി മാർച്ച് സംഘടിപ്പിച്ചത്. ഇത് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. അതേസമയം, മമത സർക്കാർ തങ്ങളുടെ ജനാധിപത്യ പ്രതിഷേധം ബലപ്രയോഗത്തിലൂടെ തടയാൻ ശ്രമിക്കുകയാണെന്ന് രാഹുൽ സിൻഹ ആരോപിച്ചു.

ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് 'നബന്ന അഭിജൻ' എന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാൻ കൊൽക്കത്തയിലും ഹൗറയിലും എത്തിയത്. സാന്ത്രാഗച്ചി മേഖലയിൽ നിന്നാണ് അധികാരിയുടെ നേതൃത്വത്തിൽ മാർച്ച് ആരംഭിച്ചത്. പ്രതിഷേധം തടയാൻ നഗരത്തിലെ വിവിധയിടങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.