ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ. സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കുമെന്ന് ഉഷ വിമർശിച്ചു. തെരുവിൽ പ്രതിഷേധിക്കുന്നതിനുപകരം താരങ്ങൾ ഒളിന്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും ഉഷ വ്യക്തമാക്കി.

'താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുൻപ് താരങ്ങൾ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നു' പിടി ഉഷ പറഞ്ഞു.

എന്നാൽ പി.ടി. ഉഷയിൽ നിന്ന് ഇത്ര പരുക്കൻ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നൽകി. അവരിൽ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.

ഗുസ്തി അസോസിയേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാനുമായി താൽക്കാലിക സമിതിയെ ഐ.ഒ.എ. നിയോഗിച്ചു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനാകുന്ന സമിതിയിൽ മുൻ ഷൂട്ടിങ് താരം സുമ ഷിരൂർ, വുഷു അസോസിയേഷൻ അധ്യക്ഷൻ ഭൂപേന്ദ്ര സിങ് ബജ്വ എന്നിവർ അംഗങ്ങളാകും.

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഗുസ്തി ഫിസിയോയും രംഗത്ത് വന്നു. 2014-ൽ ലഖ്‌നൗവിൽ നടന്ന ക്യാംപിൽ വെച്ച് മൂന്ന് ജൂനിയർ താരങ്ങൾ ബ്രിജ് ഭൂഷണെതിരേ തന്നോട് കാര്യങ്ങൾ വിശദീകരിച്ചുവെന്ന് ഫിസിയോ പരജീത് മല്ലിക് പറഞ്ഞു. രാത്രിയിൽ ബ്രിജ് ഭൂഷണെ കാണാൻ ജൂനിയർ താരങ്ങൾ നിർബന്ധിക്കപ്പെട്ടുവെന്നാണ് വെളിപ്പെടുത്തൽ. ഇക്കാര്യം അന്ന് തന്നെ വനിതാ കോച്ച് കുൽദീപ് മാലിക്കിനെ അറിയിച്ചുവെന്നും പിന്നീട് കായിക മന്ത്രാലയത്തിന്റെ മേൽനോട്ട സമിതിക്ക് മുന്നിൽ വിശദീകരിച്ചുവെന്നും പരജീത് മല്ലിക് വ്യക്തമാക്കി.

ഗുസ്തി താരങ്ങൾ ജന്ദർ മന്തറിൽ നടത്തുന്ന സമരം അഞ്ച് ദിനം പിന്നിടുകയാണ്. സമരത്തിന് ഐക്യദാർഢ്യവുമായി ഡൽഹി പൊലീസ് കമ്മീഷണർ ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.

പി.കെ ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരുമാണ് കസ്റ്റഡിയിലായത്. താരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ., എസ്.എഫ്.ഐ., ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ ഇടത് സംഘടനാ നേതാക്കൾ സമരപ്പന്തലിൽ എത്തി. ആരോപണം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് ആവർത്തിച്ച് ബിജെപി. എംപി. ബ്രിജ് ഭൂഷൺ സിങ് രംഗത്ത് വന്നു.