ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിലേക്ക് രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും ക്ഷണമുണ്ടാകില്ലെന്ന് സൂചന. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം ഇരുവർക്കും ക്ഷണം ലഭിക്കാനുള്ള യോഗ്യതയില്ലാത്തതാണ് കാരണം. അതേസമയം, കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷയെന്ന നിലയിൽ സോണിയ ഗാന്ധിക്ക് ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്രയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്.

മൂന്നുവിഭാഗങ്ങളിൽ പെടുന്ന രാഷ്ട്രീയാതിഥികൾക്കാണ് ട്രസ്റ്റ് ക്ഷണം അയയ്ക്കുന്നത്. മുഖ്യധാരാ പാർട്ടികളുടെ അദ്ധ്യക്ഷന്മാർ, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾ, 1984 മുതൽ 1992 വരെ നടന്ന രാംജന്മഭൂമി പ്രസ്ഥാനത്തിൽ പങ്കെടുത്തവർ എന്നിവർക്കെല്ലാം ക്ഷണം അയയ്ക്കും. ഇതുകൂടാതെ വിശിഷ്ടാതിഥികളായി സന്ന്യാസിമാർ, വ്യവസായികൾ, കലാകാരന്മാർ, കായികതാരങ്ങൾ എന്നിവർക്കും ക്ഷണമുണ്ട്.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ക്ഷണിച്ചത് വിഎച്പി വർക്കിങ് പ്രസിഡന്റ് അലോക് കുമാറാണ്. രാജ്യസഭയിലെ പ്രതിക്ഷ നേതാവാണ് ഖാർഗെ. 2014 ന് ശേഷം ലോക്‌സഭയിൽ, ഔദ്യോഗിക പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യത്തിൽ കോൺഗ്രസിന്റെ സഭാ നേതാവ് അധിർ രഞ്ജൻ ചൗധരിക്ക് വിഎച്പി ക്ഷണം അയച്ചിട്ടുണ്ട്.

സോണിയയും ഖാർഗെയും പങ്കെടുക്കുന്ന കാര്യത്തിൽ ഉചിതസമയത്ത് തീരുമാനം എടുക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഇരുവർക്കും ക്ഷണം കിട്ടിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് സ്ഥിരീകരിച്ചു.

ജനുവരി 22 ലെ പ്രതിഷ്ഠാദിന ചടങ്ങിൽ പ്രധാനമന്ത്രിയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കം 6000 പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. രാഷ്ട്രീയാതിപ്രസരമില്ലാത്ത ആർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് വിഎച്പി ദേശീയ സെക്രട്ടറി മിലിന്ദ് പരൻഡെ പറഞ്ഞത്. ബിജെപിയും, ആർഎസ്എസും മതത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് സീതാറാം യെച്ചൂരി അടക്കം നിരവധി പ്രതിപക്ഷ നേതാക്കൾ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെയാണ് വിഎച്പി നേതാവിന്റെ പ്രതികരണം വന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചടങ്ങിലേക്ക് ക്ഷണം കിട്ടി.

മെഗാ സ്റ്റാർ രജനികാന്ത്, അമിതാബ് ബച്ചൻ, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, രാജ്കുമാർ ഹിറാനി, സഞ്ജയ് ലീലാ ബൻസാലി, രോഹിത് ഷെട്ടി, മഹാവീർ ജെയിൻ, ചിരഞ്ജീവി, മോഹൻലാൽ, ധനുഷ്, റിഷഭ് ഷെട്ടി എന്നീ സെലിബ്രിറ്റികളെയും ക്ഷണിച്ചിട്ടുണ്ട്.