- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്ക് ഊഷ്മളമായ ഹസ്തദാനം നൽകി രാഹുൽ
ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളുടെ 'പപ്പു' വിളികളിൽ നിന്നുമാണ് ഇന്ന് രാജ്യത്തിന് കരുത്തുള്ള പ്രതിപക്ഷത്തെ നയിക്കുന്ന നേതാവായി രാഹുൽ ഗാന്ധി മാറിയിരിക്കുന്നത്. ഒരുപക്ഷേ ഗാന്ധി കുടുംബത്തിലെ മറ്റുള്ളവരേക്കാൾ ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് രാഹുൽ രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നത്. തകർന്നടിഞ്ഞ കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിച്ചു കരുത്താർജ്ജിച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നയിച്ചത്. ഇന്ത്യാ സഖ്യം രൂപ്ം കൊണ്ടത് നിർമ്മായകമായപ്പോൾ എഴുതി തള്ളിയിടത്തു നിന്നും കോൺഗ്രസ് ഉയർത്തെണീറ്റു. ഇന്ന് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി മാറിയിരിക്കുന്നു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ ആദ്യ ദൗത്യം സ്പീക്കറുടെ തിരഞ്ഞെടുപ്പായിരുന്നു. ആ ദൗത്യത്തിൽ പങ്കാളിയായ രാഹുൽ പ്രധാനമന്ത്രി മോദിക്കൊപ്പം ഉർജ്ജസ്വലനായി തന്നെ നിലകൊണ്ടു. കുറച്ചുകാലമായി പതിവായെ വെള്ള ടീഷർട്ട് ധരിക്കുന്ന രാഹുൽ ഇന്ന് ഇടക്കാലത്തിന് ശേഷം വെള്ള കുർത്തയിലേക്ക് മാറി. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാണ് താനെന്ന ബോധ്യത്തിൽ ഇനി പാർലമെന്റിൽ കാണുക രാഹുലിന്റെ പുതിയമുഖമായിരിക്കും.
സ്പീക്കർ തിരഞ്ഞെടുത്ത ശേഷം ഓംബിർളയെ കസേരയിലേക്ക് ആനയിച്ചത് രാഹുലും പ്രധാനമന്ത്രി മോദിയും ചേർന്നായിരുന്നു. ഓംബിർലയെ അഭിനന്ദിച്ച ശേഷം രാഹുൽ പ്രധാനമന്ത്രി മോദിക്കും ഊഷ്മളമായി ഒരു ഹസ്തദാനം നൽകി. പരസ്പ്പരം ചിരിച്ചു കൊണ്ടാണ് നേതാക്കൾ തമ്മിൽ കണ്ടത്. സ്പീക്കറെ അഭിനന്ദിച്ചു കൊണ്ടുള്ള രാഹുലിന്റെ പ്രസംഗവും വ്യത്യസ്തമായിരുന്നു.
പ്രതിപക്ഷത്തിന്റെ ശബ്ദവും സഭയിൽ ഉയരാൻ ലോക്‌സഭാ സ്പീക്കർ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കുകയെന്ന കർത്തവ്യമാണ് സ്പീക്കർ നിർവഹിക്കുന്നത്. ഇത്തവണ പ്രതിപക്ഷം കൂടുതൽ ശക്തമാണെന്നും രാഹുൽ പറഞ്ഞു. സ്പീക്കർ തെരഞ്ഞെടുപ്പിൽ വിജയിച്ച ഓം ബിർളയെ അഭിനന്ദിച്ചുകൊണ്ടാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
"രണ്ടാം തവണയും താങ്കളെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് താങ്കളെ പ്രതിപക്ഷത്തിന്റെയും ഇന്ത്യ മുന്നണിയുടെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്ത്യൻ ജനതയുടെ ശബ്ദമുയരുന്ന സഭയാണിത്. അതിൽ സമ്പൂർണ നിയന്ത്രണം താങ്കളിലാണ്. സർക്കാറിന് രാഷ്ട്രീയ അധികാരമുണ്ട്. എന്നാൽ പ്രതിപക്ഷവും ഇത്തവണ ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അംഗബലമുള്ള പ്രതിപക്ഷമാണ് ഇത്തവണത്തേത്.
താങ്കളുടെ ജോലി ചെയ്യാൻ പ്രതിപക്ഷവും സഹകരിക്കും. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സഹകരണമെന്നത് പ്രധാനമാണ്. പ്രതിപക്ഷത്തിന്റെ ശബ്ദവും സഭയിൽ ഉയരാൻ അനുവദിക്കുകയെന്നത് സുപ്രധാനമായ കാര്യമാണ്. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കുകയെന്ന താങ്കളുടെ കർത്തവ്യമാണ് നിർവഹിക്കപ്പെടുന്നത്" -രാഹുൽ പറഞ്ഞു.
ശബ്ദവോട്ടോടെയാണ് ഓം ബിർളയെ ലോക്‌സഭാ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്‌സഭ പാസാക്കുകയായിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.
ഗാന്ധി കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയുമാണ് ഇതിന് മുമ്പ് ഈ സ്ഥാനം വഹിച്ചിട്ടുള്ളത്. പ്രതിപക്ഷനേതാവ് പദവിയിലേക്കെത്തുമ്പോൾ രാഹുലിന് മുന്നിൽ വെല്ലുവിളികളും ഏറെയാണ്. സോണിയാഗാന്ധിയുടെ പിൻഗാമിയായി 2004 മുതൽ രാഹുൽ സജീവരാഷ്ട്രീയത്തിലുണ്ടെങ്കിലും പക്വതയില്ലാത്ത രാഷ്ട്രീയക്കാരനെന്ന വിലയിരുത്തലിന് മറുപടി നൽകാൻ കൂടിയുള്ള അവസരമാണ് പ്രതിപക്ഷനേതാവ് സ്ഥാനമേറ്റെടുക്കുന്നതിലൂടെ രാഹുലിന് മുന്നിൽ വന്നുനിൽക്കുന്നത്.
പാർട്ടിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുക കൂടിയാണ് പ്രതിപക്ഷനേതാവ് സ്ഥാനമേറ്റെടുക്കുന്നതിലൂടെ രാഹുലിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. പാർലമെന്റിലെ ഇടപെടൽ കൊണ്ടും പുറത്തും സജീവമായി നിൽക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്്. പ്രതിപക്ഷ നേതാവെന്ന രീതിയിൽ രാഹുൽ ശോഭിക്കേണ്ടത് കോൺഗ്രസിന് അനിവാര്യമായ കാര്യമാണ്.