- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബിജെപി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നത്; ഗുജറാത്തിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കും'; ഇന്ത്യ സഖ്യം വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബിജെപി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നതെന്നും ഗുജറാത്തിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിക്ക് ഹിന്ദു സംസ്കാരത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അറിയില്ല. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ നടന്ന അക്രമം ബിജെപിക്കും സംഘപരിവാറിനും എതിരെയുള്ള തന്റെ വാദത്തെ ശക്തിപ്പെടുത്തുന്നു. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിക്കുമെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് അഹമ്മദാബാദിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. വി എച്ച് പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് കറുത്ത പെയിന്റ് ഒഴിക്കുകയും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്കി.
അതേസമയം സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ കോണ്‍ഗ്രസാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ബിജെപിയുടെ പ്രതികരണം. രാഹുല്‍ ലോക്സഭയില്‍ നടത്തിയ പരാമര്‍ശത്തിന് മാപ്പ് പറയണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ പേരില്‍ ചിലര്‍ അക്രമം നടത്തുന്നുവെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയാണ് പാര്‍ലമെന്റിന് അകത്തും പുറത്തും ബിജെപി പ്രതിഷേധം ഉയര്‍ത്തിയത്. ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധികളല്ലെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുല്‍ വിളിച്ചു എന്നാണ് ബിജെപി ആരോപണം.