- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രസംഗത്തിനിടെ റിമോട്ട് കൺട്രോൾ ഉയർത്തി രാഹുൽ; 'ഇത് മോദിയുടെ കൈയിലും ഉണ്ട്, പക്ഷേ.. അത് രഹസ്യമായാണ് അമർത്തുന്നത്; ഉടൻ അദാനിക്ക് വിമാനത്താവളം ലഭിക്കുന്നു; നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
റായ്പൂർ: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതേനാണയത്തിൽ മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഛത്തീസ്‌ഗഢിൽ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനം രാഹുൽ ഉന്നയിച്ചത്. സംസ്ഥാനത്ത് ഗ്രാമീൺ ആവാസ് ന്യായ് യോജന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
ഉദ്ഘാടനത്തിന് ഉപയോഗിച്ച റിമോട്ട് കൺട്രോൾ പൊക്കി ജനങ്ങളെ കാണിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയിലും ഇതുപോലെ ഒരു റിമോട്ട് കൺട്രോൾ ഉണ്ടെന്നും എന്നാൽ അത് രഹസ്യമായാണ് അമർത്തുന്നതെന്നും രാഹുൽ പറഞ്ഞു.
നമ്മൾ പൊതുസ്ഥലത്ത് വെച്ച് റിമോട്ട് കൺട്രോളിന്റെ ബട്ടൺ അമർത്തുന്നു. എന്നാൽ ബിജെപി അത് രഹസ്യമായാണ് അമർത്തുന്നത്. ഉടൻ അദാനിക്ക് വിമാനത്താവളം ലഭിക്കുന്നു, പൊതുമേഖല സ്വകാര്യ മേഖലയായി മാറുന്നു -രാഹുൽ പരിഹസിച്ചു. ലോക്സഭയിൽ പ്രധാനമന്ത്രി മോദിയോട് അദാനിയെ കുറിച്ച് ചോദിച്ചപ്പോൾ, എന്റെ ലോക്സഭാ അംഗത്വം റദ്ദാക്കിയായിരുന്നു മറുപടി ലഭിച്ചത് -രാഹുൽ പറഞ്ഞു.
നേരത്തെ, മധ്യപ്രദേശിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ വിമർശനം നടത്തിയിരുന്നു. പ്രതിപക്ഷമായ കോൺഗ്രസ് തുരുമ്പുപിടിച്ച ഇരുമ്പ് പോലെ ഉപയോഗശൂന്യമായെന്നും രാജ്യത്തെയും പൗരന്മാരെയും വളർച്ചയിൽ നിന്ന് ഒഴിവാക്കി കുടുംബ ക്ഷേമം മാത്രമാണ് കോൺഗ്രസ് നോക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം വന്നിരിക്കുന്നത്.




