- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാമതും മോദി രണ്ടാമതുമാണ്; ഫോൺ ചോർത്തൽ അദാനിക്ക് വേണ്ടി; എത്ര വേണമെങ്കിലും ചോർത്തിക്കോളൂ; ഭയന്ന് പിന്നോട്ടു മാറില്ല; ഇത് ക്രിമിനലുകളുടെയും കള്ളന്മാരുടെയും സൃഷ്ടി; വിമർശനങ്ങളുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യാ മുന്നണി നേതാക്കളുടെ ഫോൺ ചോർത്താൻ ശ്രമമെന്ന വാർത്തകളിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയാണ് രാഹുൽ വിമർശനം ഉന്നയിച്ചത്. ഫോൺ, ഇമെയിൽ വിവരങ്ങൾ കേന്ദ്ര സർക്കാർ ചോർത്തുന്നത് അദാനിക്ക് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അധികാരവും മോദിയുടെ ആത്മാവും അദാനിക്കൊപ്പമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാമതും മോദി രണ്ടാമതും അമിത് ഷാ മൂന്നാമതുമാണ്. അദാനിക്കെതിരെ എന്തങ്കിലും പറഞ്ഞാൽ ഉടൻ നടപടി തുടങ്ങുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കെ.സി. വേണുഗോപാൽ അടക്കം നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ആപ്പിളിന്റെ ഫോൺ ചോർത്തൽ സന്ദേശം ലഭിച്ചിട്ടുണ്ട്. തന്റെ ഓഫീസിലെ മൂന്നു പേരുടെ ഫോൺ ചോർത്തി. എത്ര വിവരങ്ങൾ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്നും നിങ്ങൾക്ക് തന്റെ ഫോൺ വേണമെങ്കിൽ തരാമെന്നും രാഹുൽ വ്യക്തമാക്കി.
ചോർത്തലിന് പിന്നിൽ കേന്ദ്ര സർക്കാർ സ്‌പോൺസർ ചെയ്ത ആക്രമണകാരികളാണ്. ഇത് ക്രിമിനലുകളുടെയും കള്ളന്മാരുടെയും സൃഷ്ടിയാണ്. ഇന്ത്യയുടെ രാഷ്ട്രീയം ഞങ്ങൾ മനസ്സിലാക്കി. ബിജെപി യുവാക്കളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. അദാനിക്ക് രക്ഷപ്പെടാൻ കഴിയില്ല. സമയം വരുമ്പോൾ അദാനി സർക്കാറിനെ എങ്ങനെ പുറത്താക്കാമെന്ന് ഞങ്ങൾ കാണിച്ചുതരാം. രാജ്യത്ത് നിലവിൽ നടക്കുന്ന കുത്തകവൽക്കരണത്തിന്റെ പ്രതീകമാണ് അദാനി. ബിജെപിയുടെ സാമ്പത്തികനില അദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു -വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
നേരത്തെ കേന്ദ്ര സർക്കാർ ഫോണും ഇമെയിലും ചോർത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിരുന്നു. കോൺഗ്രസ് നേതാവ് ശശി തരൂർ, കോൺഗ്രസ് മീഡിയ ചെയർപേഴ്‌സൺ സുപ്രിയ ശ്രീനത്, കോൺഗ്രസ് നേതാവ് പവൻ ഖേര, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്‌പി നേതാവ് അഖിലേഷ് യാദവ്, ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി, ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി, തൃണമൂൽ എംപി മഹുവ മൊയ്ത്ര എന്നിവരാണ് കേന്ദ്ര സർക്കാറിനെതിരെ രംഗത്തു വന്നത്.
വിവരങ്ങൾ ചോർത്തുന്നുവെന്ന സന്ദേശം ആപ്പിളിൽ നിന്ന് ലഭിച്ചതായാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ചോർത്തൽ വിവരം നേതാക്കൾ എക്‌സിൽ പോസ്റ്റ് ചെയ്തു. കോൺഗ്രസ് നേതാവ് രാജീവ് ഗാന്ധിയുടെ ഓഫീസിലെ മൂന്നു പേരുടെ ഫോൺ കോളുകൾ ചേർത്തുന്നുവെന്നും ആരോപണമുണ്ട്. കൂടാതെ, സിദ്ധാർഥ വരദരാജൻ, ശ്രീറാം കർനി എന്നീ മാധ്യമപ്രവർത്തകരുടെ ഫോണും ഇമെയ്‌ലും ചോർത്താൻ ശ്രമം നടന്നതായും പറയുന്നു.
ഇന്നലെ രാത്രി മുതലാണ് ആപ്പിൾ ഫോൺ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന സന്ദേശം ലഭിക്കാൻ തുടങ്ങിയത്. ഫോണുകൾ ചോർത്തുന്നത് സംബന്ധിച്ച വിവരം ലഭിച്ചതായും വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് ആപ്പിളിൽ നിന്നുള്ള സന്ദേശം. തന്റെ ഫോണും ഇ-മെയിലും ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ആപ്പിളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി തൃണമൂൽ എംപി മഹുവ മൊയ്ത്ര രാവിലെ ആരോപിച്ചിരുന്നു. ആപ്പിൾ കമ്പനിയിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇ-മെയിലും മഹുവ എക്‌സിൽ പങ്കുവെച്ചു.
സർക്കാർ പിന്തുണയോടെയുള്ള ഹാക്കർമാർ നിങ്ങളുടെ ഐഫോൺ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിൾ മഹുവക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. ഹാക്കിങ്ങിനിരയായാൽ ഫോണിലെ നിർണായക വിവരങ്ങൾ കവരാനും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാക്കർമാർക്ക് സാധിക്കും. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പിൽ മഹുവക്ക് ഇയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്തു കൊണ്ടുള്ള മഹുവയുടെ എക്‌സ് പോസ്റ്റിൽ, പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്പോൾ സഹതാപമാണ് തോന്നുന്നതെന്ന് മഹുവ പരിഹസിക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിൽ തന്നെ കൂടാതെ പ്രിയങ്ക ഗാന്ധിക്കും മറ്റ് മൂന്നുപേർക്കും സമാനരീതിയിൽ ഹാക്കിങ് മുന്നറിയിപ്പ് ലഭിച്ചതായും മഹുവ പറഞ്ഞു.