ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ കടന്നാക്രമണം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ രൂപവത്കരണത്തിന് മുമ്പുതന്നെയാണ് ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ രാഹുൽ കടന്നാക്രമണം തുടങ്ങിയിരിക്കുന്നത്. ഓഹരി വിപണയിൽ കുംഭകോണം നടന്നെന്ന ഗുരുതര ആരോപണവുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

സ്റ്റോക്ക് വാങ്ങാൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. നടന്നത് ക്രിമിനൽ കുറ്റമാണെന്നും പാർലിമെന്റ് സമിതി അന്വേഷിക്കണമെന്നും രാഹുൽ എഐസിസി ആസ്ഥാനത്തു നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നടന്നത് സ്റ്റോക്ക് മാർക്കറ്റിലെ ഏറ്റവും വലിയ അഴിമതിയാണ്. നിക്ഷേപകർ വഞ്ചിക്കപ്പെട്ടു. എക്‌സിറ്റ് പോൾ തെറ്റാണെന്ന് നരേന്ദ്ര മോദിക്ക് അറിയായിരുന്നു. സ്റ്റോക്ക് മാർക്കറ്റ് കുതിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാർക്ക് കോടികൾ നഷ്ടമായെന്നും രാഹുൽ ആരോപിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിർമലാ സീതാരാമനും ഓഹരി വിപണിയെ സ്വാധീനിക്കുന്ന പ്രസ്താവനനടത്തിയെന്നാണ് രാഹുലിന്റെ പ്രധാന ആരോപണം. ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അമിത് ഷായും സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ച് പ്രസ്താവന നടത്തി. എന്തിനാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നിക്ഷേപകർക്ക് നിക്ഷേപ ഉപദേശം നൽകിയത്?

ഇതിന് പിന്നാലെ വ്യാജ' ഏക്സിറ്റ് പോൾ ഫലങ്ങൾക്ക് ശേഷം ഓഹരി വിപണി ഉയർന്നു. ജൂൺ നാലിന് ഫലം വന്നതിന് പിന്നാലെ വിപണി ഇടിഞ്ഞു. ചെറുകിട നിക്ഷേപകർക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും രാഹുൽ പറഞ്ഞു. എക്സിറ്റ് പോളുകൾ വ്യാജമാണെന്ന് ബിജെപി. നേതാക്കൾക്ക് അറിയാമായിരുന്നു. 'ഓഹരി കുംഭകോണ'ത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി)യുടെ അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളും എക്‌സിറ്റ് പോൾ നടത്തിയവരും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

അതേസമയം രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. രാഹുൽ നേതൃസ്ഥാനം ഏറ്റെടുക്കണം എന്നാണ് പ്രതിപക്ഷ നിരയിലെ പ്രമുഖ പാർട്ടികളെല്ലാം ആവശ്യപ്പെടുന്നത്. ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് നേതാക്കളായ മാണിക്കം ടാഗോർ, വിവേക് തൻക, കാർത്തി ചിദംബരം എന്നിവർക്ക് പുറമേ ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവുത്തും ആഗ്രഹം പ്രകടമാക്കി.

'രാഹുലിന്റെ പേരിലാണ് ഞാൻ വോട്ടുതേടിയത്. ലോക്സഭയിൽ അദ്ദേഹം നേതാവാകണമെന്നാണ് ഞാൻ കരുതുന്നത്. തിരഞ്ഞെടുക്കപ്പെട്ട എംപിമാരും അതേ തീരുമാനം എടുക്കുമെന്നാണ് ഞാൻ കരുതുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ തീരുമാനം എന്താണെന്ന് നോക്കാം. ഞങ്ങളുടേത് ഒരു ജനാധിപത്യപ്പാർട്ടിയാണ്', തമിഴ്‌നാട്ടിലെ വിരുദുനഗറിൽനിന്ന് വിജയിച്ച മാണിക്കം ടാഗോർ പറഞ്ഞു.

രാഹുൽഗാന്ധി മുന്നിൽനിന്ന് നയിച്ചു. അദ്ദേഹമായിരുന്നു മുഖം. പാർലമെന്ററി പാർട്ടി സ്ഥാനം അദ്ദേഹം ഏറ്റെടുക്കാൻ ബാധ്യസ്ഥനാണ്. എന്നാൽ, അക്കാര്യത്തിലുള്ള തീരുമാനം രാഹുലിന് ഒറ്റയ്ക്ക് എടുക്കാൻ സാധിക്കില്ല. ചില തീരുമാനങ്ങൾ പാർട്ടി നേതാക്കളും എംപിമാരും എടുക്കേണ്ടതാണ്. പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് രാഹുലിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നതെന്നും രാജ്യസഭാ എംപി. വിവേക് തൻക പ്രതീക്ഷ പ്രകടിപ്പിച്ചു.

കോൺഗ്രസിനുവേണ്ടി രാഹുൽ പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കാർത്തി ചിദംബരവും ആവശ്യപ്പെട്ടു. രാഹുൽഗാന്ധി ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ തങ്ങൾ എതിർക്കേണ്ട കാര്യമെന്താണെന്ന് സഞ്ജയ് റാവുത്ത് ചോദിച്ചു. ദേശീയ നേതാവാണെന്ന് പലതവണ അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. ജനപ്രിയ നേതാക്കളിൽ ഒരാളാണ് അദ്ദേഹം. സഖ്യത്തിൽ അഭിപ്രായവ്യത്യാസമോ എതിർപ്പോ ഉണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014-ൽ 44 അംഗങ്ങളും 2019-ൽ 52 അംഗങ്ങളുമായിരുന്നു കോൺഗ്രസിന് ഉണ്ടായിരുന്നത്. ഇതേത്തുടർന്ന് രണ്ട് മോദി സർക്കാരുകളുടെ കാലത്തും കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി ലഭിച്ചിരുന്നില്ല. നിലവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയിരുന്നു ഒന്നാംമോദി സർക്കാരിന്റെ കാലത്തെ കോൺഗ്രസ് സഭാകക്ഷി നേതാവ്. 2019-ലെ തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിൽനിന്നുള്ള അധീർ രഞ്ജൻ ചൗധരി സഭാകക്ഷിനേതാവായി. 2004 മുതൽ പാർലമെന്ററി രാഷ്ട്രീയത്തിലുള്ള രാഹുൽ ഗാന്ധി ഇതുവരെ ഭരണഘടനാ പദവികൾ ഒന്നും ഏറ്റെടുത്തിട്ടില്ല.