ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ക്രിക്കറ്റിലെ പോലെ നരേന്ദ്ര മോദി ഒത്തുകളി നടത്തുന്നുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി. രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ റാലിയിൽ സംസാരിക്കുകയായരുന്നു മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് ശേഷമുള്ള പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമായാണ് റാലി സംഘടിപ്പിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അംപയർമാരെ തിരഞ്ഞെടുത്ത് ബിജെപി മാച്ച് ഫിക്‌സിങ് നടത്തുകയാണ്. ഝാർഖണ്ഡിലെ മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനെയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തത് ബിജെപിയുടെ ഒത്തുകളിയുടെ ഭാഗമാണ്, രാഹുൽ പറഞ്ഞു.

' ഐപിഎൽ മത്സരങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. കളിക്കാരെ വിലയ്ക്ക് വാങ്ങുകയും ക്യാപ്റ്റന്മാരെ മത്സരം ജയിക്കാൻ വേണ്ടി ഭീഷണിപ്പെടുത്തുകയും അംപയർമാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുമ്പോളാണ് ക്രിക്കറ്റിൽ അതിനെ ഒത്തുകളി എന്നുവിളിക്കുന്നത്. ലോക്ഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ മോദി അംപയർമാരെ തിരഞ്ഞെടുത്തു. കളിക്ക് മുമ്പ് തന്നെ ഞങ്ങളുടെ ടീമിന്റെ രണ്ടു കളിക്കാരെ അറസ്റ്റ് ചെയ്തു', രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മീഷണർമാരുടെ കാര്യവുമാണ് രാഹുൽ സൂചിപ്പിച്ചത്.

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടാതെയോ, മാധ്യമങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്താതെയോ ബിജെപിക്ക് 400 ലേറെ സീറ്റ് നേടാനാവില്ല, രാഹുൽ പറഞ്ഞു. ബിജെപി ജയിച്ചാൽ രാജ്യം തീർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

' ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ തിരഞ്ഞെടുപ്പ് മധ്യേ പൂട്ടിയിരിക്കുകയാണ്. ഞങ്ങൾക്ക് പ്രചാരണം നടത്തുകയും, പോസ്റ്ററുകൾ പതിക്കുകയും, ചെയ്യേണ്ടതുണ്ട്. പക്ഷേ ഞങ്ങളുടെ എല്ലാ അക്കൗണ്ടുകളും പൂട്ടിയിരിക്കുകയാണ്. എന്തുതരം തിരഞ്ഞടുപ്പാണിത്. ഭരണഘടനയാണ് ജനങ്ങളുടെ ശബ്ദം. അത് തകരുന്ന ദിവസം രാജ്യവും തകരും,' രാഹുൽ പറഞ്ഞു.