ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നതിനെ ന്യായീകരിച്ച് രാഹുൽ ഗാന്ധി. ചടങ്ങ് പൂർണമായി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

' അതൊരു ആർഎസ്എസ്-ബിജെപി പരിപാടിയാണ്. അതുകൊണ്ടാണ് കോൺഗ്രസ് അദ്ധ്യക്ഷൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞതെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ എല്ലാ മതങ്ങളെയും എല്ലാ സമ്പ്രദായങ്ങളെയും മാനിക്കുന്നവരാണ്. ഹിന്ദു മതാചാര്യന്മാർ വരെ ജനുവരി 22 ലെ പരിപാടി രാഷ്ട്രീയ ചടങ്ങാണെന്ന അഭിപ്രായം തുറന്നുപറഞ്ഞുകഴിഞ്ഞു. പ്രധാനമന്ത്രി, നരേന്ദ്ര മോദിയെയും, ആർഎസ്എസിനെയും കേന്ദ്രീകരിച്ച് ഒരുക്കിയ രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുക ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്', രാഹുൽ ഗാന്ധി പറഞ്ഞു.

എല്ലാ വിശ്വാസത്തെയും കോൺഗ്രസ് പാർട്ടി ബഹുമാനിക്കുന്നു. ആർക്കും ക്ഷേത്രത്തിൽ പോകുന്നതിന് തടസ്സമില്ല. തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നത്. 22ന് അസമിൽ ജോഡോ ന്യായ് യാത്രയിലായിരിക്കും താനെന്നും രാഹുൽ പറഞ്ഞു. എന്റെ വിശ്വാസങ്ങൾ നൽകിയ മ്യൂല്യം ആരോടും അഹങ്കാരത്തോടെ പെരുമാറാതിരിക്കുന്നതും എല്ലാവരെയും ബഹുമാനിക്കുന്നതുമാണ്. അതൊരു വസ്ത്രം പോലെ പുറത്തണിഞ്ഞു നടക്കേണ്ട കാര്യമില്ല.

ഭാരത് ജോഡോ യാത്ര ഐതിഹാസികമായിരുന്നുവെന്നും എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഭാരത് ജോഡോ ന്യായ് യാത്രയെന്നും രാഹുൽ ഗാന്ധി കൊഹിമയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരിതം അനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭിക്കണം. മോദി ഒരു തവണ പോലും മണിപ്പൂർ സന്ദർശിച്ചില്ല എന്നത് അപമാനകരമാണ്.നാഗലാന്റിലെ ജനങ്ങളുമായി സർക്കാർ ഒപ്പിട്ട കരാറും പാലിക്കപ്പെട്ടില്ല. നാഗലാന്റിലെ ജനങ്ങളുമായി 9 വർഷം മുൻപ് ഒപ്പിട്ട കരാർ ആണ് പാലിക്കപ്പെടാതിരിക്കുന്നത്.നാഗാലാന്റിൽ സമാധാനം കൊണ്ടുവരാൻ മോദി എന്താണ് ചെയ്യുന്നതെന്ന് നാഗ നേതാക്കൾക്കും മനസ്സിലാകുന്നില്ല.

മോദി പല വാഗ്ദാനങ്ങളും നൽകുന്നു. ഒന്നും പാലിക്കുന്നില്ല. 2024 തെരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യം സജ്ജമാണ്.ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുക തന്നെ ചെയ്യും. ന്യായ് യാത്ര പ്രത്യയ ശാസ്ത്ര പോരാട്ടത്തിന്റെ ഭാഗമായുള്ള യാത്രയാണ്. സഖ്യവുമായി ഉള്ള സീറ്റ് ചർച്ചകൾ നന്നായി നടക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. ബിജെ പി മുന്നോട്ട് വെക്കുന്നത് അനീതിയുടെ മോഡൽ ആണ്. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം, നീതി എന്നിവ കിട്ടുന്നില്ല.

ഭാരത ജോഡോ ന്യായ് യാത്ര മൂന്നാം ദിവസം നാഗാലാന്റിൽ യാത്ര തുടരുകയാണ്. കൊഹിമയിലെ യുദ്ധസ്മാരകവും ഇന്ദിരഗാന്ധി സ്റ്റേഡിയവും രാഹുൽഗാന്ധി സന്ദർശിച്ചു. രണ്ട് പൊതുസമ്മേളനങ്ങളിൽ സംസാരിച്ചശേഷമാണ് രാഹുൽ വാർത്താസമ്മേളനം നടത്തിയത്.