'എന്തിനാണ് മോദി മാപ്പ് പറഞ്ഞതെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്'; ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍
ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 17-ാം നൂറ്റാണ്ടിലെ പോരാളിയായ രാജാവായ ശിവജിയെ അപമാനിക്കുന്ന സംഭവമാണുണ്ടായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിര്‍മ്മാണം പൂര്‍ത്തിയായി കുറച്ചു മാസങ്ങള്‍ക്കകം തന്നെ പ്രതിമ തകര്‍ന്നുവീണു. ഇത് ശിവജി മഹാരാജിനെ അപമാനിക്കുന്ന സംഭവമാണ്. എന്തിനാണ് അദ്ദേഹം (മോദി) മാപ്പ് പറഞ്ഞതെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. പ്രതിമ നിര്‍മ്മിക്കാനുള്ള കരാര്‍ അദ്ദേഹം ആര്‍.എസ്.എസ്. പ്രവര്‍ത്തകന് നല്‍കി. അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ഇപ്പോള്‍ അദ്ദേഹത്തിന് തോന്നുന്നുണ്ടാകും. അതാകും ഒരു കാരണം.' -രാഹുല്‍ ഗാന്ധി പറഞ്ഞു.
'പ്രതിമ തകര്‍ന്നതിന് മറ്റൊരു കാരണം അഴിമതിയാകാം. കരാറുകാരന്‍ തട്ടിപ്പുനടത്തി മഹാരാഷ്ട്രയിലെ ജനങ്ങളുടെ പണം തട്ടിയെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടാകാം. ശിവജി മഹാരാജിന്റെ പാരമ്പര്യത്തെ അനുസ്മരിക്കാനാണ് നിങ്ങള്‍ (മോദി) പ്രതിമ നിര്‍മ്മിച്ചതെങ്കിലും അത് ഉറച്ചുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞില്ല എന്നതാകാം മൂന്നാമത്തെ കാരണം.'
പ്രതിമ തകര്‍ന്നതിന് പിന്നാലെ ശിവജിയോട് മാപ്പ് പറയുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനേയും രാഹുല്‍ പരിഹസിച്ചു. 'തെറ്റ് ചെയ്തവരാണ് മാപ്പ് പറയാറ്. നിങ്ങള്‍ തെറ്റ് ചെയ്തില്ലെങ്കില്‍ എന്തിനാണ് മാപ്പ് പറയുന്നത്?' -രാഹുല്‍ പറഞ്ഞു.
ശിവജിയുടെ 35 അടി വലിപ്പമുള്ള പ്രതിമ തകര്‍ന്നുവീണത് വലിയ വിവാദത്തിനാണ് മഹാരാഷ്ട്രയില്‍ വഴിതുറന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ഈ സംഭവം.