ഇംഫാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ തുറുപ്പു ചീട്ടാണ്. ജാഥയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചാൽ അത് തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിന് പുത്തൻ ഊർജ്ജം പകരുന്നതാകും എന്നുറപ്പാണ്. ഈ പ്രതീക്ഷയിലാണ് യാത്ര മുന്നോട്ടു പോകുന്നത്. 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ് രാഹുലിന്റെ യാത്ര മുന്നോട്ടു പോകുന്നത്. ഇതിൽ കോൺഗ്രസിന് ലഭിച്ചത് പത്തിൽ താഴെ സീറ്റുകൾ മാത്രമാണ് താനും.

കന്യാകുമാരി മുതൽ കാശ്മീർ വരെ കാൽനടയായി സഞ്ചരിച്ച രാഹുലിന്റെ ഇത്തവണത്തെ യാത്ര ബസിലാണ്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി രാഹുൽ സഞ്ചരിക്കുന്ന ബസിൽ ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂം വരെയുണ്ട്. നേരത്തെ കേരള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി ഒരുക്കിയ ബസിന്റെ വിശേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ രാഹുലിന്റെ ബസിന്റെ വിവരങ്ങളും കേരളത്തിൽ ചർച്ചയാകുന്നുണ്ട്.

ബസിനു മുകളിലേക്ക് ഉയർന്നുവരുന്ന ലിഫ്റ്റ് ആണ് സജ്ജമാക്കിയിരിക്കുന്നത്. ലിഫ്റ്റിൽ ഉയർന്നുവന്ന്, ബസിനു മുകളിൽ നിന്ന് രാഹുൽ പ്രസംഗിക്കും. 8 പേർക്കു യോഗം ചേരാവുന്ന കോൺഫറൻസ് റൂമാണ് ബസിനു പിന്നിലുള്ളത്. യാത്രയ്ക്കിടെ ജനങ്ങളുമായി ഇവിടെ രാഹുൽ ചർച്ച നടത്തും. ബസിനു പുറത്ത് സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിലൂടെ അത് പുറത്തുള്ളവർക്കു തൽസമയം കാണാനാകും. ബസിൽ ശുചിമുറിയും സജ്ജമാക്കിയിട്ടുണ്ട്. തെലങ്കാന റജിസ്‌ട്രേഷനുള്ള ബസ് ആണിത്.

ഇനിയുള്ള 2 മാസത്തേക്കു കണ്ടെയ്‌നറായിരിക്കും രാഹുലിന്റെ വീട്. കിടക്ക സജ്ജമാക്കിയ കണ്ടെയ്‌നറിലായിരിക്കും അദ്ദേഹം രാത്രി ഉറങ്ങുക. മണിപ്പുരിലെ തൗബാലിലെ ഖാങ്‌ജോം യുദ്ധ സ്മാരകത്തിൽ പ്രണാമമർപ്പിച്ച ശേഷമാണ് യാത്രയ്ക്കു തുടക്കമിട്ടത്. ഇന്ന് നാഗാലാൻഡിലേക്കു കടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ, രാഹുലിനെ കാത്തിരിക്കുന്ന വെല്ലുവിളി ചെറുതല്ല.

യാത്ര കടന്നുപോകുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും സംഘടനാപരമായി കോൺഗ്രസ് തീർത്തും ദുർബലമാണ് ജനങ്ങളെ ചേർത്തുപിടിച്ചുള്ള യാത്രയിലൂടെ കോൺഗ്രസിനു പുതുജീവൻ നൽകാൻ രാഹുലിനു സാധിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെ മുൻപ് നടത്തിയ ഭാരത് ജോഡോ പദയാത്രയിലൂടെ കർണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അനുകൂലമായ വികാരം സൃഷ്ടിക്കാൻ സാധിച്ചെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഫലം കണ്ടില്ല.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാരംഭിച്ച് ഉത്തര, മധ്യ ഇന്ത്യയിലൂടെ പടിഞ്ഞാറുള്ള മഹാരാഷ്ട്രയിലേക്കു സഞ്ചരിക്കുന്ന ന്യായ് യാത്ര, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു മുന്നിലുള്ള പിടിവള്ളിയും പ്രതീക്ഷയുമാണ്. സംഘടനാദൗർബല്യം മറികടന്ന് ജനങ്ങളെ കോൺഗ്രസിലേക്ക് അടുപ്പിക്കാനുള്ള രാഷ്ട്രീയമാജിക് രാഹുലിൽ നിന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. യാത്ര നീതിക്കും ന്യായത്തിനും വേണ്ടിയുള്ളതാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതല്ലെന്നും പുറമേ പറയുന്നുണ്ടെങ്കിലും കോൺഗ്രസ് മുന്നിൽക്കാണുന്ന ഏക ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം തന്നെ.

സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, അടൂർ പ്രകാശ്, ജെബി മേത്തർ, ആദ്യ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത അനിൽ ബോസ്, ഹസൻ അമാൻ, ഷീബ രാമചന്ദ്രൻ, ഷാജി ദാസ്, രാജു പി.നായർ, സുമേഷ് അച്യുതൻ തുടങ്ങിയവർ പങ്കെടുത്തു. വയനാട് മണ്ഡലത്തിന്റെ പ്രതിനിധികളായി എത്തിയ എംഎൽഎമാരായ എ.പി.അനിൽകുമാർ, ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ മുളയിൽ നിന്നുണ്ടാക്കിയ ഷാൾ രാഹുലിനെ അണിയിച്ചു. സുരക്ഷാകാരണങ്ങളാൽ സോണിയ ഗാന്ധിയും വിദേശത്തായതിനാൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തില്ല. പ്രിയങ്ക വരുംദിവസങ്ങളിൽ യാത്രയിൽ ചേരും.

ബിഎസ്‌പിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ലോക്‌സഭാംഗം ഡാനിഷ് അലി ഭാരത് ജോഡോ ന്യായ് യാത്രയുടെ വേദിയിലെത്തി. ഡാനിഷ് കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. പാർലമെന്റിൽ നിന്നു പുറത്താക്കപ്പെട്ട തൃണമൂൽ എംപി മഹുവ മൊയ്ത്രയെ പിന്തുണച്ചതിന്റെ പേരിലാണ് ഡാനിഷിനെ ബിഎസ്‌പി സസ്‌പെൻഡ് ചെയ്തത്. അടുത്തിടെ കോൺഗ്രസിൽ ചേർന്ന ആന്ധ്ര നേതാവ് വൈ.എസ്.ഷർമിളയും പൊതുസമ്മേളനത്തിൽ പങ്കെടുത്തു.