മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ചു രാഹുൽ ഗാന്ധി. ഇന്ത്യാ സഖ്യത്തിന്റെ കരുത്തു തെളിയിച്ച മുംബൈയിലെ മഹാ റാലിയിലാണ് രാഹുലിന്റെ കടന്നാക്രമണം. ശിവജി പാർക്കിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനം നടന്നത്. ഇത് ഇന്ത്യാ സംഖ്യത്തിന്റെ തെറഞ്ഞെടുപ്പു ഉദ്‌ഘോഷണം കൂടിയായി മാറി.

ബോളിവുഡ് അഭിനേതാക്കളെ വെല്ലുന്ന നടനാണ് നരേന്ദ്ര മോദിയെന്നും രാഹുൽ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ മാറ്റിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. "ഹിന്ദുമതത്തിൽ ശക്തി എന്നൊരു വാക്കുണ്ട്. ഞങ്ങളും ഒരു ശക്തിക്കെതിരെയാണ് പോരാടുന്നത്. ഇവിടെ രാജാവിന്റെ ആത്മാവിരിക്കുന്നത് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലാണ് (ഇവി എം).

ഇവിഎമ്മിലും രാജ്യത്തെ അന്വേഷണ ഏജൻസികളായ ഇ.ഡിയിലും ആദായനികുതി വകുപ്പിലും സിബിഐയിലുമാണ് രാജാവിന്റെ ആത്മാവിരിക്കുന്നത്. മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പാർട്ടി വിട്ട് പോയതിനു പിന്നാലെ എന്റെ അമ്മയുടെ (സോണിയ ഗാന്ധി) അടുക്കൽ വന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു, 'സോണിയാ ജീ എനിക്ക് ഈ ശക്തിക്കെതിരെ പോരാടാനുള്ള കരുത്തില്ല. എനിക്ക് ജയിലിൽ പോകാൻ കഴിയില്ല.'

ഇത്തരത്തിൽ നിരവധി പേരെ ഇ.ഡി, സിബിഐ എന്നീ കേന്ദ്ര ഏജൻസികളെ വച്ച് ഭയപ്പെടുത്തുകയാണ്. അഴിമതിയുടെ കുത്തകയാണ് ഇന്ന് നരേന്ദ്ര മോദി. ഞങ്ങൾക്ക് ഈ യാത്ര നടത്തേണ്ടത് അത്യാവശ്യമായിരുന്നു. കാരണം ഇവിടുത്തെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഒന്നും ഈ രാജ്യത്തിന്റെ കൈകളിൽ ആയിരുന്നില്ല. ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മ, കലാപം, പണപ്പെരുപ്പം, കർഷകപ്രശ്‌നം തുടങ്ങിയവയൊന്നും വെളിച്ചത്തു കൊണ്ടുവന്നില്ല. ഇതിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി ഞങ്ങൾ 4000 കിലോമീറ്ററോളം നടന്നു. ഞാൻ മാത്രമാണ് നടന്നതെന്ന് തെറ്റിധരിക്കരുത്, എല്ലാവരും ഈ രാജ്യത്തിനായി അതിൽ അണിനിരന്നു.

ഈ വിഷയങ്ങളിൽനിന്നെല്ലാം നിങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് മോദി ചെയ്യുന്നത്. അദ്ദേഹത്തിന് അതിനു വേണ്ടി പറയാൻ ചൈനയോ പാക്കിസ്ഥാനോ കാണും. അദ്ദേഹം നിങ്ങളോടു വിളക്കു കത്തിക്കാനും മൊബൈൽ ഓൺ ചെയ്യാനും പറയും. അല്ലെങ്കിൽ അദ്ദേഹത്തെ അപമാനിച്ചെന്നു പറഞ്ഞ് കരയും. മോദി ഒരു മുഖംമൂടി മാത്രമാണ്, ബോളിവുഡ് നടനെ വെല്ലുന്ന അഭിനേതാവാണ്. കടലിൽ ചാടൂ, സമുദ്രവിമാനം പറത്തൂ തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നു. 56 ഇഞ്ച് നെഞ്ചളവല്ല, പൊള്ളയായ ഹൃദയമാണ് അദ്ദേഹത്തിനുള്ളത്. ഇവി എം ഉള്ളതുകൊണ്ട് മാത്രമാണ് മോദി വിജയിക്കുന്നത്.

ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് മെഷീനുകൾ കാണിക്കാൻ ആവശ്യപ്പെട്ടു. അവരോട് ബാലറ്റ് പേപ്പറുകൾ എണ്ണാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് കഴിയില്ലെന്ന് പറഞ്ഞു. എന്തുകൊണ്ട്? ഈ സ്റ്റേജിൽ ഇരിക്കുന്നവരെല്ലാം വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായുള്ളവരാണ്. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്ക് എതിരെയല്ല പോരാട്ടം നടത്തുന്നത്. ഞങ്ങൾ മോദിക്കെതിരെയോ ബിജെപിക്കെതിരെയോ അല്ല പോരാടുന്നത്. മോദിജിക്ക് എന്നെ ഭയമാണ്. കാരണം ഞാൻ ഉള്ളിൽനിന്ന് ഈ സിസ്റ്റത്തെ കണ്ടയാളാണ്. ഞാൻ ഇവിടെ വർഷങ്ങളായി ഇരിക്കുന്നു. എന്നെ ഒളിക്കാനോ ഒതുക്കാനോ കഴിയില്ല." രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യാ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം കൂടിയായ റാലിയിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് അണിനിരന്നത്. റാലിയുടെ വേദിയിൽ സഖ്യത്തിലെ നേതാക്കൾ കൈകോർത്ത് മുദ്രാവാക്യം വിളിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് ഉദ്ധവ് താക്കറെ, എൻ.സി.പി (ശരദ് പവാർ വിഭാഗം) നേതാവ് ശരദ് പവാർ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ഝാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറൻ, മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറൻ തുടങ്ങി പ്രമുഖ നേതാക്കൾ റാലിയുടെ ഭാഗമായി.

ഇന്ത്യ മുന്നണിയാണ് കേന്ദ്രത്തിൽ അടുത്ത സർക്കാർ രൂപവത്കരിക്കുകയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. ഭയം കാരണം 'ഇന്ത്യ' എന്ന പേര് ഉപയോഗിക്കുന്നത് ബിജെപി. നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. ഊതിവീർപ്പിച്ച ബലൂണാണ് ബിജെപിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. നിർഭാഗ്യവശാൽ നമ്മൾ തന്നെയാണ് ആ ബലൂൺ ഊതി വീർപ്പിച്ചത്. മോദിക്ക് താനും തന്റെ പ്രധാനമന്ത്രിക്കസേരയും മാത്രമാണ് കുടുംബമെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന് അതീതമായി നമുക്ക് ഇന്ത്യയെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വോട്ട് ചെയ്യുമ്പോൾ എല്ലാവരും വി.വി.പാറ്റ് രസീത് നോക്കി ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ബിഹാറിലെ പ്രകടനം ആശ്ചര്യകരമായിരിക്കുമെന്ന് ആർ.ജെ.ഡി. നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനായാണ് രാഹുൽ ഗാന്ധി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നത്. സംസ്ഥാനത്തെ മഹാഗഡ്ബന്ധന്റെ സീറ്റ് വിഭജനം ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ജയിലിൽ പോകാൻ ഭയമില്ലാത്തതിനാലാണ് തങ്ങൾ ഇതുപോലെ ഒന്നിച്ചിരിക്കുന്നതെന്ന് എ.എ.പി. നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. തിരഞ്ഞെടുപ്പ് ബോണ്ടിന് പിന്നിലെ അഴിമതി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കാൻ ഫേസ്‌ബുക്ക് ലൈവ് ചെയ്യേണ്ടതുണ്ടെന്നും സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്ന് അവരെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് മാതൃകയിൽ ഏകപാർട്ടി ഭരണവും റഷ്യയിലെ പുതിൻഭരണവും കൊണ്ടുവരാനാണ് മോദി ശ്രമിക്കുന്നതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. വികസനവും സ്ത്രീസുരക്ഷയും വാഗ്ദാനം ചെയ്താണ് മോദി അധികാരത്തിലെത്തിയത്. എന്നാൽ അധികാരത്തിലെത്തിയപ്പോൾ അതൊന്നും പാലിച്ചില്ല. ഭരണഘടനയെ സംരക്ഷിക്കാനാണ് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ പിന്തുടരുന്ന നേതാക്കൾ ഒന്നിച്ചുചേർന്നതെന്നും അവർ പറഞ്ഞു.

അതേസമയം സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് റാലിയിൽ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ റാലിയിൽ പങ്കെടുക്കുന്നില്ല എന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ഇടതുപാർട്ടികൾ റാലിയിൽ പങ്കെടുത്തില്ല.