- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ സംവരണം എന്ന് നടപ്പാകുമെന്ന് സംശയം; ജാതി സെൻസസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് നീക്കം; ഒബിസി സംവരണ ആവശ്യം അംഗീകരിക്കേണ്ടിയിരുന്നു; വനിതാബിൽ കോൺഗ്രസ് ഭരണകാലത്ത് യാഥാർഥ്യമാക്കാൻ കഴിയാത്തതിൽ ഖേദമറിയിച്ച് രാഹുൽ
ന്യൂഡൽഹി: വനിതാ സംവരണ ബില്ല് വേഗത്തിൽ നടപ്പാക്കണമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വനിതാ സംവരണം എന്ന് യാഥാർത്ഥ്യമാകുമെന്ന് സംശയമുണ്ട്. വനിതാ സംവരണ ബില്ല് കേന്ദ്രസർക്കാരിന്റെ തന്ത്രമാണ്. ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും രാഹുൽ ആരോപിച്ചു.
ഭരണസംവിധാനത്തിൽ ഒബിസി വിഭാഗത്തിന്റെ സാന്നിധ്യം കുറവുണ്ട്. എത്ര പിന്നാക്കക്കാർ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത പ്രസംഗത്തിൽ പറയണം. ജാതി അടിസ്ഥാനത്തിൽ സെൻസസ് വേണം. ഒബിസി എംപിമാരുടെ എണ്ണം കൂട്ടിയിട്ട് കാര്യമില്ല. നിയമനിർമ്മാണത്തിൽ അവർക്ക് എത്ര പങ്കുണ്ടെന്ന് പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ വനിതാ സംവരണ ബിൽ പാസാക്കാൻ കഴിയാതിരുന്നതിൽ 100 ശതമാനം ഖേദമുണ്ടെന്നും രാഹുൽ പറഞ്ഞു. ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ള സ്ത്രീകൾക്ക് സംവരണം എന്ന ആവശ്യം അംഗീകരിച്ചിരുന്നെങ്കിൽ നിയമം 10 വർഷം മുൻപുതന്നെ പ്രാബല്യത്തിൽ വരുമായിരുന്നെന്നും രാഹുൽ പറഞ്ഞു.
വനിതാ സംവരണത്തിനകത്ത് പിന്നാക്ക വിഭാഗത്തിന് സംവരണം വേണമെന്ന് അന്ന് സമാജ്വാദി പാർട്ടിയും രാഷ്ട്രീയ ജനതാ ദളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ. സർക്കാർ ആ ആവശ്യം നിരാകരിച്ചു. എസ്‌പി.യും ആർ.ജെ.ഡി.യും ബില്ലിനുള്ള പിന്തുണ പിൻവലിച്ചതോടെ ബിൽ ലോക്സഭയിലെത്തിയില്ല.
അതേസമയം, പാർലമെന്റിൽ പാസാക്കിയ വനിതാ സംവരണ ബിൽ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രമാണെന്നും രാഹുൽ പറഞ്ഞു. പത്തുവർഷം കഴിഞ്ഞ് ഇത് നടപ്പാക്കുമോ എന്ന് ആർക്കും അറിയില്ല. സെൻസസും മണ്ഡല പുനർനിർണയവും കഴിയുമ്പോൾ വർഷങ്ങളെടുക്കും. ഇപ്പോൾ തന്നെ നടപ്പാക്കാൻ കഴിയുന്നതാണിത്. എന്നാൽ സർക്കാർ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ വിമർശിച്ചു.
വനിതാ സംവരണ ബിൽ മഹത്തരമാണ്. പക്ഷേ, അതിനുമുൻപ് സെൻസസും മണ്ഡല പുനർനിർണയവും നടപ്പാക്കേണ്ടതുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇതിന് വർഷങ്ങളെടുക്കും. സംവരണം ഇന്നുതന്നെ നടപ്പാക്കാൻ കഴിയുമെന്നതാണ് സത്യം. ഇത് സങ്കീർണമായ ഒരു കാര്യമല്ല. പക്ഷേ, സർക്കാർ അതിന് ആഗ്രഹിക്കുന്നില്ല. സർക്കാർ ഇത് രാജ്യത്തിന് മുൻപിൽ അവതരിപ്പിച്ചു. പക്ഷേ, പത്തുവർഷം കഴിഞ്ഞേ നടപ്പിലാക്കൂ. ഇത് നടപ്പാക്കുമോ എന്നത് ആർക്കുമറിയില്ല. ഇത് ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ഒരു തന്ത്രമാണ്, രാഹുൽ പറഞ്ഞു.




