- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിന്റെ യാത്രയിൽ ഇന്ന് അഖിലേഷ് യാദവ് പങ്കെടുക്കും
ലഖ്നോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് പങ്കെടുക്കും. ഇന്ന് വൈകീട്ട് ആഗ്രയിലെ പര്യടനത്തിൽ രാഹുലിനൊപ്പം അഖിലേഷും അണിചേരും. യുപിയിൽ സഖ്യം രൂപീകരിച്ചതും സീറ്റ് ഷെയറിങ് പൂർത്തിയായതും പാർട്ടിക്ക് പ്രതീക്ഷ നൽകുന്നതാണ്. ഈ സാഹചര്യത്തിൽ ന്യായ് യാത്രക്കും പുത്തൻ ഉണർവ്വ് ഉണ്ടായിട്ടുണ്ട്. ട
യു.പിയിൽ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസും എസ്പിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് പറഞ്ഞുതീർത്ത പശ്ചാത്തലത്തിലാണ് അഖിലേഷ് രാഹുലിന്റെ യാത്രയിൽ അണിചേരുന്നത്. 'ഇന്ത്യ' സഖ്യത്തിലെ രണ്ട് പ്രമുഖ കക്ഷികൾ രമ്യതയിലെത്തിയത് മുന്നണിക്കും ആശ്വാസമാണ്.
സീറ്റ് വിഭജനം പൂർത്തിയായ ശേഷമേ ജോഡോ യാത്രയിൽ പങ്കെടുക്കൂവെന്നായിരുന്നു അഖിലേഷ് യാദവിന്റെ നിലപാട്. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അമേഠിയിലും റായ് ബറേലിയും എത്തിയപ്പോൾ അഖിലേഷ് വിട്ടുനിന്നു. ഇതോടെ സഖ്യ ചർച്ചകൾ വഴിമുട്ടിയെന്ന പ്രചാരണവുമുയർന്നു.
എന്നാൽ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഖിലേഷുമായി നടത്തിയ ചർച്ചയിലാണ് ഇരുകക്ഷികൾക്കുമിടയിലെ മഞ്ഞുരുകിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ കോൺഗ്രസുമായി സഖ്യമുണ്ടാകുമെന്നും രാഹുൽ ഗാന്ധിയുമായി പ്രശ്നങ്ങളില്ലെന്നും ഇതിന് പിന്നാലെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കുകയും ചെയ്തു. യു.പിയിൽ 63 സീറ്റിൽ എസ്പിയും 17 സീറ്റിൽ കോൺഗ്രസും മത്സരിക്കാനാണ് ധാരണയായത്.
ഇന്ന് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നവയിൽ മഥുര, ഫത്തേപൂർ സിക്രി എന്നിവയിൽ കോൺഗ്രസ് മത്സരിക്കാനാണ് ധാരണ. ആഗ്ര, ഹാഥ്റസ്, എറ്റാ, അലിഗഢ് എന്നിവയിൽ എസ്പിയും മത്സരിക്കും. അതേസമയം സമാജ്വാദി പാർട്ടി കോൺഗ്രസിന് അനുവദിച്ച 17 സീറ്റുകളിൽ 12 എണ്ണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുപോലും ലഭിക്കാത്ത മണ്ഡലങ്ങളാണ്. അനുവദിച്ച ബൻസ്ഗാവ് മണ്ഡലത്തിൽ കോൺഗ്രസിന് സ്ഥാനർഥി പോലും ഉണ്ടായിരുന്നില്ല. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സംസ്ഥാനത്ത് സമാജ്വാദി പാർട്ടിയും കോൺഗ്രസും യോജിച്ച് മത്സരിക്കാൻ തീരുമാനായത്.
റായ്ബറേലി, അമേഠി, കാൺപൂർ, ഫത്തേപൂർ സിക്രി, ബൻസ്ഗാവ്, സഹാറൻപൂർ, പ്രയാഗ്രാജ്, മഹാരാജ്ഗണ്ഡ്, വാരാണസി, അംരോഹ, ഝാൻസി, ബുലന്ദ്ഷഹർ, ഗസ്സിയാബാദ്, മഥുര, സീതാപൂർ, ബരാബങ്കി, ദിയോറിയ എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഇത്തവണ മത്സരിക്കുക. പതിനേഴ് സീറ്റുകളിൽ ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയാണ്. മറ്റൊന്ന് അമേഠിയാണ്. ഈ രണ്ടുസീറ്റുകളിൽ നിന്ന് കാര്യമായൊന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുമില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ സംസ്ഥാനത്ത് എല്ലാ സീറ്റുകളിലും കോൺഗ്രസിന് മത്സരിക്കാൻ പോലും ആളില്ലാത്ത സ്ഥിതിയായിരുന്നു. 67 സ്ഥലത്ത് മത്സരിച്ച കോൺഗ്രസിന് 63 സീറ്റുകളിൽ കെട്ടിവച്ച കാശുപോലും ലഭിച്ചിരുന്നില്ല. രാഹുൽ ഗാന്ധി മത്സരിച്ച സിറ്റിങ് സീറ്റായ അമേഠിയൽ വൻ പരാജയവും ഏറ്റുവാങ്ങി.
സഖ്യമായി മത്സരിക്കാനുള്ള തീരുമാനത്തോടെ സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യം. 80 സീറ്റുകളിൽ 62 ഇടത്ത് സമാജ് വാദിപാർട്ടിയും പതിനേഴ് ഇടത്ത് കോൺഗ്രസും ഒരിടത്ത് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും മത്സരിക്കും.2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസും സമാജ് വാദി പാർട്ടിയും സംയുക്തമായാണ് മത്സരിച്ചത്.