ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, രാഹുൽ ഗാന്ധിയാണ് മാൻ ഓഫ് ദ മാച്ചെന്നും അദ്ദേഹം പ്രതിപക്ഷ നേതാവാകണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നിന്നുള്ള നാലാമത്തെ വിജയത്തിന് ശേഷം വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജ്യമെമ്പാടും വ്യാപക പ്രചാരണം നടത്തി. എന്നാൽ, ഖാർഗെ രാജ്യസഭയിൽ പ്രതിപക്ഷത്തെ നയിക്കുകയാണ്. അതിനാൽ രാഹുൽ ലോക്സഭയിൽ സമാന ചുമതല ഏറ്റെടുക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പരസ്യമായും വ്യക്തിഗതമായും അറിയിച്ചിട്ടുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്തുകൊല്ലം മോദി സർക്കാർ പാർലമെന്റിനെ ഒരു നോട്ടീസ് ബോർഡ് പോലെയാണ് പരിഗണിച്ചിരുന്നതെന്നും തരൂർ വിമർശിച്ചു. എന്നാൽ, പ്രതിപക്ഷത്തിന് 230-ൽ അധികം എംപിമാരെ ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇനി ഇത്തരം സമീപനം നടപ്പാവുകയില്ലെന്നും തരൂർ പറഞ്ഞു.

ബിജെപിയുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും വോട്ടർമാർ നൽകിയ അർഹമായ ശിക്ഷയാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. മുന്നണി സർക്കാരിൽ മോദിക്കും, അമിത്ഷായ്ക്കും തങ്ങളുടെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തേണ്ടി വരും. പ്രതിപക്ഷത്തോടുള്ള സമീപനത്തിലും മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു, തരൂർ പറഞ്ഞു.

ചില വിഷയങ്ങളിൽ എൻഡിഎ സർക്കാർ നിസ്സഹായരായേക്കും. ആന്ധ്രയ്ക്കും ബിഹാറിനും നേരത്തെ പ്രത്യേക പദവി വേണമെന്ന ആവശ്യം നേതാക്കൾ ഉന്നയിച്ചിരുന്നെങ്കിലും ബിജെപി വഴങ്ങിയിരുന്നില്ല. ആ നിലപാട് പുനഃ പരിശോധിക്കേണ്ടി വരും. പൊടുന്നനെ സമാവായത്തിൽ അധിഷ്ഠിതമായ സർക്കാരിലേക്ക് മാറിയെന്നും തരൂർ പറഞ്ഞു.