ന്യൂഡൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപിയിലെ അമേഠിയിലും റായ്ബറേലിയിലും മത്സരിക്കാൻ സാധ്യത ഏറെ. അമേഠിയിൽ പ്രിയങ്കയെ മത്സരിപ്പിച്ച് രാഹുലിനെ റായ്ബറേലിയിൽ ഇറക്കാനുള്ള ഫോർമുലയും ചർച്ചകളിലുണ്ട്. ഇതിലൂടെ രണ്ടു സീറ്റും ഉറപ്പിക്കാമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ. എന്തായാലും രാഹുലും പ്രിയങ്കയും എടുക്കുന്ന തീരുമാനമാകും നിർണ്ണായകം.

കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്ച യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. രാഹുലും പ്രിയങ്കയും മൽസരിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ശക്തമായ ആവശ്യം കോൺഗ്രസിന് മുന്നിലുണ്ട്. രാഹുൽ വയനാട്ടിൽ മൽസരിച്ചെങ്കിലും പ്രിയങ്ക ഇതുവരെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്കും അമേഠിയിൽ മത്സരിക്കാൻ താൽപ്പര്യമുണ്ട്. എന്നാൽ കോൺഗ്രസ് നേതാക്കൾ വാദ്രയെ അനുകൂലിക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് അമേഠിയിൽ പ്രിയങ്ക മത്സരിക്കട്ടേ എന്ന് ചിലർ പറയുന്നത്.

അതിനിടെ അമേഠിയിൽ മെയ്‌ ആദ്യം രാഹുൽ അമേഠിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുമെന്ന് മണ്ഡലത്തിലെ പ്രാദേശിക നേതാക്കൾ അവകാശപ്പെട്ടു. വയനാട്ടിൽ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അമേഠിയുടെ കാര്യത്തിൽ ഇനി തീരുമാനം വൈകില്ല. മെയ്‌ 20നാണ് അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയിൽ രാഹുൽ തന്നെ മത്സരിക്കണമെന്ന് യുപി പിസിസി മുൻപ് ആവശ്യപ്പെട്ടിരുന്നു.

2004 മുതൽ അമേഠിയിൽ ജയിച്ചുവന്ന രാഹുൽ 2019ൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുൽ മത്സരിച്ചില്ലെങ്കിൽ മണ്ഡലം എന്നെന്നേക്കുമായി കോൺഗ്രസിനു നഷ്ടമാകുമെന്നാണു കോൺഗ്രസുകാരുടെ വിലയിരുത്തൽ. സോണിയാ ഗാന്ധി രാജ്യസഭയിലേക്കു മാറിയതോടെയാണ് റായ്ബറേലിയിൽ പ്രിയങ്ക മൽസരിക്കണമെന്ന ചർച്ച. സീറ്റുകൾ വച്ചുമാറുന്നതടക്കം പരിഗണിക്കുന്നതിനാൽ കോൺഗ്രസിന്റെ യോഗം നിർണ്ണായകമാണ്. യുപിയിൽ മത്സരിച്ച് ജയിച്ചാൽ വയനാട്ടിൽ എംപിയായാലും രാഹുൽ അത് രാജിവയ്ക്കും.

അതുകൊണ്ട് തന്നെ രാഹുൽഡ മത്സരിക്കുമോ എന്നത് കേരളത്തിനും നിർണ്ണായകമാണ്. അതിനിടെ റായ്ബറേലിയിൽ വരുൺ ഗാന്ധിയെ മത്സരിപ്പിക്കുന്നത് ബിജെപി ആലോചിച്ചിരുന്നു. വരുൺ ഗാന്ധിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാൽ പിതൃ സഹോദര പുത്രിക്കെതിരെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് വരുൺ.