- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിന് പ്രിയങ്ക ഗാന്ധിയുടെ ഹൃദയഹാരിയായ കുറിപ്പ്
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സിച്ച രണ്ട് സീറ്റിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച സഹോദരൻ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് കുറിപ്പുമായി പ്രിയങ്ക ഗാന്ധി. രാഹുൽ പോരാടിയത് സ്നേഹവും കരുണയും സത്യവും കൊണ്ടാണെന്നും കുറിച്ചു കൊണ്ടാണെന്ന് ഹൃദയഹാരിയായ കുറിപ്പ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.
പലരും ദേഷ്യവും വൈരാഗ്യവും നുണപ്രചാരണങ്ങളും രാഹുലിന് നേരെ ചൊരിഞ്ഞപ്പോഴും അത് തിരിച്ചുകാണിക്കാതെ, നുണപ്രചാരണങ്ങളിൽ വീഴാതെ രാഹുൽ മുന്നോട്ടു പോയെന്നും പ്രിയങ്ക കുറിച്ചു.
പ്രിയങ്കയുടെ കുറിപ്പ്
'അവരെന്തൊക്കെ നിങ്ങളോട് പറഞ്ഞാലും ചെയ്താലും നിങ്ങൾ തലയുയർത്തി തന്നെ നിന്നു. അരുതാത്തത് പലതും സംഭവിച്ചപ്പോഴും നിങ്ങൾ പിന്മാറിയില്ല. നിങ്ങളുടെ ബോധ്യങ്ങളെ മറ്റുള്ളവർ സംശയിച്ചപ്പോഴും നിങ്ങൾ മുന്നോട്ടു പോയി. അവരുടെ വലിയ നുണ പ്രചാരണങ്ങൾക്കിടിയിലും സത്യത്തിനു വേണ്ടിയുള്ള പോരാട്ടം നിങ്ങൾ അവസാനിപ്പിച്ചില്ല. ദേഷ്യവും വെറുപ്പും നിങ്ങൾക്ക് നേരെ അവർ ചൊരിഞ്ഞപ്പോഴും അത് നിങ്ങളെ പ്രകോപിപ്പിച്ചില്ല.
നിങ്ങൾ സ്നേഹം കൊണ്ടും സത്യം കൊണ്ടും ഹൃദയത്തിൽ നിന്നുള്ള കരുണകൊണ്ടും പോരാടി. നിങ്ങളെ ഇത്രനാളും കാണാതിരുന്നവർ ഇന്നു നിങ്ങളെ കാണുന്നു. പക്ഷെ, ഒന്നു പറയട്ടെ അപ്പോഴും ഞങ്ങളിൽ ചിലർ നിങ്ങളെ എല്ലാവരേക്കാളും ധൈര്യശാലിയായാണ് എന്നും കാണുകയും അറിയുകയും ചെയ്തിട്ടുള്ളത്.' പ്രിയങ്ക കുറിച്ചു
ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽനിന്ന് അതിഗംഭീര വിജയത്തിലേക്ക് കടന്ന രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം യു.പിയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്. 3.90 ലക്ഷത്തിലധികം വോട്ടുകൾക്കാണ് ബിജെപിയിലെ ദിനേഷ് പ്രതാപ് സിങ്ങിനെ രാഹുൽ തറപറ്റിച്ചത്.
ഉത്തർപ്രദേശിലെ തന്നെ വാരണാസിയിൽ നിന്ന് മത്സരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ ഉത്തർപ്രദേശിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുലിന്റേതായി. വയനാട്ടിലും മൂന്നര ലക്ഷത്തിലധികം വരുന്ന വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിക്കുന്നത്.