ന്യൂഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും, ഛത്തീസ്‌ഗഡിലും ബിജെപിക്ക് എതിരായ പോരാട്ടത്തിൽ, കോൺഗ്രസ് എന്തുകൊണ്ട് പ്രാദേശിക കക്ഷികളുമായി നീക്കുപോക്കുകൾക്ക് തയ്യാറില്ലെന്ന ചോദ്യവുമായി രാഹുൽ ഗാന്ധി. വ്യാഴാഴ്ച ചേർന്ന പാർട്ടി പ്രവർത്തക സമിതി യോഗത്തിലാണ് രാഹുൽ ഈ ചോദ്യം ഉന്നയിച്ചത്.

ബിജെപിയെ പരാജയപ്പെടുത്താൻ, ചെറുകക്ഷികളുമായി ധാരണയിലെത്തി നീക്കുപോക്കുകൾക്ക് സംസ്ഥാന യൂണിറ്റുകൾ തയ്യാറാവേണ്ടതായിരുന്നു എന്നാണ് രാഹുൽ സൂചിപ്പിച്ചത്. മധ്യപ്രദേശിൽ സർക്കാർ വിരുദ്ധ വികാരം മുതലാക്കാൻ കോൺഗ്രസ് പരാജയപ്പെട്ടു. ഛത്തീസ്‌ഗഡിലും, രാജസ്ഥാനിലും അധികാരം പിടിക്കാനായില്ല. ഏകജയം തെലങ്കാനയിൽ മാത്രം. ചെറുകക്ഷികൾക്ക് കിട്ടേണ്ട വോട്ട് ബിജെപി നേടിയതാണ് മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ വിശ്വാസം.

മധ്യപ്രദേശിൽ, കമൽനാഥിന്റെ പ്രവർത്തനശൈലിക്കെതിരെ നിരവധി പേർ പ്രവർത്തകസമിതിയിൽ വിമർശനം ഉന്നയിച്ചു. സിഡബ്ല്യുസി അംഗമല്ലാത്തതുകൊണ്ട് കമൽനാഥ് യോഗത്തിൽ പങ്കെടുത്തില്ല. കമൽനാഥിന് സ്വേച്ഛാധിപത്യ ശൈലിയാണെന്നും ആശയങ്ങളോ, പ്രതികരണങ്ങളോ സ്വീകരിക്കാൻ കടുത്ത വിമുഖതയാണെന്നും നിരവധി നേതാക്കൾ തുറന്നുപറഞ്ഞു.

മധ്യപ്രദേശിൽ എസ്‌പി നേതാവ് അഖിലേഷ് യാദവുമായുള്ള സഖ്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് കമൽനാഥ് നടത്തിയ അഖിലേഷ്-വഖിലേഷ് പരാമർശവും രാഹുൽ പരോക്ഷമായി സൂചിപ്പിച്ചു. ചെറുകക്ഷികളുമായി സീറ്റ് ധാരണയ്ക്ക് കോൺഗ്രസ് സമ്മതിക്കേണ്ടതായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. അത്തരം സീറ്റുധാരണ കടന്നുകയറ്റമായി വ്യാഖ്യാനിക്കേണ്ടതില്ല. മറ്റുകക്ഷികളെ ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകണം, ബിജെപിക്ക് എതിരെയുള്ള പോരാട്ടത്തിൽ ഓരോ ശതമാനം വോട്ടും നിർണായകമാണ്, രാഹുൽ പറഞ്ഞു.

തെലങ്കാനയിലെ പോലെ മറ്റുമൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് വേണ്ട രീതിയിൽ പ്രചാരണം നടത്തിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. മൂന്നുസംസ്ഥാനങ്ങളിലെയും ബിജെപിയുടെ സംഘടനാതലത്തിലെ കരുത്ത് ചില നേതാക്കൾ സൂചിപ്പിച്ചപ്പോൾ, 2018 ൽ ഈ മൂന്നിലും കോൺഗ്രസ് ജയിച്ചതാണെന്നും, ബിജെപി കീഴടക്കാൻ ആവാത്ത പാർട്ടിയല്ലെന്നു രാഹുൽ മറുപടി പറഞ്ഞു. പാർട്ടിയുടെ വിശാല താൽപര്യങ്ങൾ കണക്കിലെടുത്ത് നാലോ അഞ്ചോ സീറ്റുകൾ ചെറുകക്ഷികൾക്ക് വിട്ടുകൊടുക്കേണ്ടതായിരുന്നുവെന്ന് ഖാർഗെയും ശരിവച്ചു.

എന്തായാലും സംസ്ഥാനങ്ങളിലെ തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇന്ത്യ സഖ്യത്തിലെ കക്ഷികളുമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചാലേ ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ കഴിയൂ എന്നാണ് പ്രവർത്തക സമിതി പ്രമേയത്തിന്റെയും കാതൽ.