ന്യൂഡൽഹി: തന്റെ ശക്തി പരാമർശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മറുപടിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. തന്റെ വാക്കുകൾ ഏതെങ്കിലും തരത്തിൽ വളച്ചൊടിച്ച് അർഥം മാറ്റി മറിക്കാനാണ് പ്രധാനമന്ത്രി എപ്പോഴും ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞുയ

' പ്രധാനമന്ത്രിക്ക് ഞാൻ ആഴമേറിയ സത്യമാണ് സംസാരിച്ചതെന്ന് അറിയാം. രാജ്യത്തെ സ്ഥാപനങ്ങളെ, സിബിഐയെ, ഇഡിയെ ആദായനികുതി വകുപ്പിനെ, തിരഞ്ഞെടുപ്പ് കമ്മീഷനെ, ഭരണഘടനാ ചട്ടക്കൂടിനെ കയ്യടക്കി വച്ചിരിക്കുന്ന അധികാരത്തെ കുറിച്ചാണ് ഞാൻ ശക്തിയെന്ന് പരമർശിച്ചത്', രാഹുൽ വിശദീകരിച്ചു.

' ഞാൻ ആ ശക്തിയെ തിരിച്ചറിയുന്നു...മോദിജിയും ആ ശക്തിയെ തിരിച്ചറിയുന്നു. അതൊരു മതാത്മക ശക്തിയല്ല. അത് അഴിമതിയുടെയും അസത്യത്തിന്റെയും ശക്തിയാണ്. അതുകൊണ്ടാണ് ഞാൻ എപ്പോഴൊക്കെ അദ്ദേഹത്തിന് എതിരെ ശബ്ദം ഉയർത്തുന്നുവോ അപ്പോഴൊക്കെ മോദി ജി അസ്വസ്ഥനും, രോഷാകുലനും ആകുന്നത് അതുകൊണ്ടാണ്, അദ്ദേഹം പറഞ്ഞു,

തിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ എകിരാളികളെ നിശ്ശബ്ദരാക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയാണെന്ന ആരോപണമാണ് രാഹുൽ ആവർത്തിച്ചത്. എന്നാൽ, രാഹുലിന്റെ ശക്തി പരാമർശത്തെ ബിജെപിക്ക് അനുകൂലമായ രീതിയിലാണ് മോദി തെലങ്കാനയിൽ വ്യാഖ്യാനിച്ചത്. തെലങ്കാനയിലെ ജഗത്യാലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈയിലെ ശിവാജി പാർക്കിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ സംസാരിക്കവേയാണ് മോദിക്കും, ബിജെപിക്കും എതിരെ രാഹുൽ ആഞ്ഞടിച്ചത്. 'തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രവും, ഇഡിയും, സിബിഐയും, ആദായനികുതി വകുപ്പും ഇല്ലാതെ മോദിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല. ഞങ്ങളുടെ പോരാട്ടം മോദിക്കെതിരെ വ്യക്തിപരമായല്ല. ഒരു ശക്തിക്ക് വേണ്ടി ( അധികാരം) പ്രവർത്തിക്കുന്ന മുഖംമൂടിയാണ് മോദി. 56 ഇഞ്ച് നെഞ്ച് ഇല്ലാത്ത പൊള്ളയായ മനുഷ്യനാണ് മോദി'രാഹുൽ പറഞ്ഞു. ഈ പരാമർശത്തിനാണ് മോദി ഇന്നുമറുപടി പറഞ്ഞത്.

' തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ച മുംബൈയിൽ ഇന്ത്യ സഖ്യത്തിന്റെ റാലിയുണ്ടായിരുന്നു. റാലിയിൽ അവരുടെ മാനിഫെസ്‌റ്റോ പ്രഖ്യാപിച്ചു. അവരുടെ പോരാട്ടം 'ശക്തി'ക്ക് എതിരെയാണെന്ന് അവർ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം, ഓരോ അമ്മയും മകളും ശക്തിയുടെ രൂപമാണ്. അമ്മമാരെ, പെങ്ങന്മാരെ നിങ്ങളെ ഞാൻ ശക്തിയായി ആരാധിക്കുന്നു. ഞാൻ ഭാരതമാതാവിന്റെ പൂജാരിയാണ്'.

' ശക്തിയെ നശിപ്പിക്കുമെന്ന് ഇന്ത്യ സഖ്യം അവരുടെ മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചു. ഞാൻ ആ വെല്ലുവളി ഏറ്റെടുക്കുന്നു. ശക്തിയുടെ അനുഗ്രഹം ആർക്കാണ് ലഭിക്കുന്നത് ജൂൺ നാലിന് അറിയാം. അമ്മാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്കായി എന്റെ ജീവൻ ഞാൻ ബലിയർപ്പിക്കും' മോദി പറഞ്ഞു.

സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെയും അദ്ദേഹം കടന്നാക്രമിച്ചു. രാജ്യത്ത് എന്ത് വലിയ അഴിമതികൾ നടന്നാലും അതിന് പിന്നിൽ കുടുംബാധിഷ്ഠിത പാർട്ടിയെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിൽ ബിജെപിക്കുള്ള ജനപിന്തുണ തുടർച്ചയായി വർദ്ധിക്കുകയാണ്്. വോട്ടെടുപ്പ് ദിവസം അടുക്കുന്തോറും, തെലങ്കാനയിൽ ബിജെപി തരംഗം ഉണ്ടാകുമെന്നും, കോൺഗ്രസും ബിആർഎസും തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയെ കോൺഗ്രസ് ഒരു എടിഎം സംസ്ഥാനമാക്കി മാറ്റി. കൊള്ളയടിച്ച പണം ഡൽഹിക്ക് കൊണ്ടുപോകുകയാണ്-മോദി ആരോപിച്ചു. എൻഡിഎക്ക് ജൂൺ നാലിന് 400 സീറ്റിലേറെ കിട്ടുമെന്ന് രാജ്യം മുഴുവൻ പറയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.